'താരകുടുംബാധിപത്യം കാരണം എനിക്കും സിനിമകൾ നഷ്ടമായിട്ടുണ്ട്, അന്ന് കങ്കണ ഒരക്ഷരം മിണ്ടിയില്ല': തപ്സി പന്നു
ബോളിവുഡിലെ സ്വജനപക്ഷപാതത്തിന് മാധ്യമങ്ങള്‍ക്കും പങ്കുണ്ടെന്നും തപ്സി പറഞ്ഞു. കരീന കപൂറിന്റെ മകന് തൈമൂറിന് ലഭിക്കുന്ന മാധ്യമ ശ്രദ്ധ നോക്കൂ, തനിക്ക് ഇത്തരത്തിലുള്ള കവറേജ് കിട്ടുന്നില്ല.
ബോളിവുഡിൽ കങ്കണ റണാവത്തും തപ്സി പന്നുവും തമ്മിലുള്ള വാക്പോര് തുടരുന്നു. സ്വന്തം കാര്യങ്ങൾക്ക് വേണ്ടി മാത്രമാണ് കങ്കണ സ്വജനപക്ഷപാതത്തിനെതിരെ സംസാരിക്കുന്നതെന്നാണ് തപ്സിയുടെ ആരോപണം. താരകുടുംബാധിപത്യം കാരണം തനിക്കും ഒരുപാട് സിനിമകൾ നഷ്ടമായിട്ടുണ്ട്. എന്നാൽ ഒരിക്കലും കങ്കണ തന്നെ പിന്തുണച്ചില്ലെന്ന് തപ്സി പറയുന്നു.
ഒരു പ്രൊഫഷണൽ മര്യാദയുമില്ലാതെ താരങ്ങളുടെ മക്കൾക്ക് വേണ്ടി താൻ മാറ്റിനിർത്തപ്പെട്ടിട്ടുണ്ട്. നമ്മുടെ മുന്നിൽ രണ്ട് വഴികളുണ്ട്. വലിയ ആളുകളെ ആശ്രയിച്ച് അവരുടെ പിന്തുണയോടെ നമ്മൾ ആഗ്രഹിക്കുന്ന നിലയിലെത്താം. അല്ലെങ്കിൽ സ്വന്തം കഴിവിൽ വിശ്വസിച്ച് സ്വയം പ്രയത്നിച്ച് നല്ല നിലയിലെത്താം. താൻ രണ്ടാമത്തെ വഴിയാണ് തെരഞ്ഞെടുത്തത്. അതിൽ പശ്ചാത്താപമില്ല. താരകുടുംബത്തിന് പുറത്തുള്ളയാൾ എന്നതിൽ അഭിമാനമേയുള്ളൂവെന്നും തപ്സി പറഞ്ഞു.
താനും കങ്കണയും സ്വര ഭാസ്കറുമെല്ലാം താരകുടുംബത്തിന് പുറത്തുള്ളവരാണ്. സുശാന്തും താനും തമ്മിൽ കുറേ സാമ്യതകളുണ്ട്. രണ്ട് പേരും എഞ്ചിനീയർമാരായിരുന്നു. രണ്ട് പേരും സിനിമയിൽ എത്തിയത് 2013ലാണ്. സുശാന്ത് ടെലിവിഷനിൽ നിന്ന് ബോളിവുഡിലെത്തി. താൻ തെന്നിന്ത്യൻ സിനിമകളിൽ നിന്നും ബോളിവുഡിൽ വന്നു. പക്ഷേ പരസ്പരം അറിയുന്നവരായിരുന്നില്ല ഇരുവരും. അതുകൊണ്ടുതന്നെ പെട്ടെന്ന് ശ്രദ്ധിക്കപ്പെടാൻ വേണ്ടി മാത്രം സുശാന്തുമായി ബന്ധപ്പെട്ട ചർച്ചകളിൽ പങ്കെടുക്കാൻ തനിക്ക് തോന്നിയില്ല. എല്ലാവരും അവരവരുടേതായ വിധത്തിൽ പോരാട്ടത്തിലാണ്. പതി പത്നി ഓർ വോഹിൽ നിന്ന് താൻ നീക്കം ചെയ്യപ്പെട്ടപ്പോൾ കങ്കണ തനിക്ക് വേണ്ടി ഒരക്ഷരം മിണ്ടിയില്ലെന്നും തപ്സി പറഞ്ഞു
#LIVE | Actor, @taapsee in conversation with @maryashakil. https://t.co/q5W62SPDwc
— CNNNews18 (@CNNnews18) July 24, 2020
അതേസമയം ബോളിവുഡിലെ സ്വജനപക്ഷപാതത്തിന് മാധ്യമങ്ങള്‍ക്കും പ്രേക്ഷകര്‍ക്കും പങ്കുണ്ടെന്നും തപ്സി പറഞ്ഞു. കരീന കപൂറിന്റെ മകന് തൈമൂറിന് ലഭിക്കുന്ന മാധ്യമ ശ്രദ്ധ നോക്കൂ, തനിക്ക് ഇത്തരത്തിലുള്ള കവറേജ് കിട്ടുന്നില്ല. താരകുടുംബത്തിന് പുറത്തുള്ളവരുടെ സിനിമകളുടെ ആദ്യ ദിവസത്തെ ആദ്യ ഷോ കാണണമെന്ന് പ്രേക്ഷകർക്ക് തോന്നാത്തത് എന്തുകൊണ്ടാ? താരമക്കളുടെ സിനിമയോടുള്ള താത്പര്യം പുറത്തുള്ളവരുടെ സിനിമ കാണാൻ ഇല്ലാത്തതെന്താ? പക്ഷേ താൻ തന്റെ ഇടംകണ്ടെത്താനുള്ള പരിശ്രമം തുടരുമെന്നും ആരെയും ഉപദ്രവിക്കാനില്ലെന്നും തപ്സി വ്യക്തമാക്കി.
തപ്സി പന്നുവിനെയും സ്വര ഭാസ്കറിനെയും കുറിച്ച് നടി കങ്കണ പറഞ്ഞത് ഇരുവരും കരണ്‍ ജോഹറുള്പ്പെടെയുള്ളവരെ പിന്തുണയ്ക്കുകയാണെന്നും അതുകൊണ്ടാണ് ഇരുവരും ബി ഗ്രേഡ് നടിമാരായിരിക്കുന്നതെന്നുമാണ്. അവര്‍ ശ്രദ്ധ പിടിച്ചു പറ്റാന്‍ ശ്രമിക്കുന്ന ഔട്ട് സൈഡേര്‍സ് ആണെന്നും കങ്കണ പറയുകയുണ്ടായി.