സപ്തതിയുടെ നിറവില്‍ മലയാളത്തിന്‍റെ പാട്ടെഴുത്തുകാരന്‍

ഭാവവൈവിധ്യങ്ങളുടെ സമൃദ്ധിയില്‍ മനോഹരങ്ങളായ ഗാനങ്ങളാണ് ആ തൂലിക തുമ്പില്‍ പിറന്നതൊക്കെയും

Update: 2020-08-04 06:55 GMT
Advertising

മലയാളത്തിന്‍റെ പ്രിയപ്പെട്ട ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി സപ്തതിയുടെ നിറവിൽ. ഭാവവൈവിധ്യങ്ങളുടെ സമൃദ്ധിയില്‍ മനോഹരങ്ങളായ ഗാനങ്ങളാണ് ആ തൂലിക തുമ്പില്‍ പിറന്നതൊക്കെയും.

വര വിളി തോറ്റങ്ങളും പൂമാലക്കാവുകളും നിറയുന്ന വഴിത്താരകളുള്ള ഗ്രാമമാണ് പയ്യന്നൂരീനടുത്തെ കൈതപ്രം.. അതുകൊണ്ടാവണം. സ്നേഹവും ഓർമ്മകളും പ്രണയവും വിരഹവും ഒക്കെ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികളില്‍ തെളിഞ്ഞ് നില്‍ക്കുന്നത്.

ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യനായിരുന്ന കണ്ണാടി ഭാഗവതരുടെ മകൻ ശ്രോതാക്കളുടെ കാതുകളില്‍ പുതുമഴപോലെ പെയ്തിറങ്ങുന്ന മധുമയമായ പാട്ടുകള്‍ എഴുതി. ആ ജീവിതം സൗപർണികാനദി പോലെ സംഗീതത്തിൽ അലിഞ്ഞൊഴുകുകയായിരുന്നു.

1985-ലാണ് കൈതപ്രം ആദ്യമായി സിനിമയ്ക്ക് ഗാനങ്ങളെഴുതുന്നത്. ആഭേരി രാഗത്തില്‍ ജെറിഅമല്‍ദേവിന്റെ സംഗീതത്തില്‍ പിറന്ന ഗാനത്തിലൂടെ മലയാള സംഗീതത്തിൽ ഒരു സൗപർണികാനദി ഉറവയെടുക്കുകയായിരുന്നു. ആദ്യ ഗാനത്തിലൂടെത്തന്നെ മലയാളത്തിനു പ്രിയങ്കരനായി മാറി കൈതപ്രം. നാനൂറിലേറെ സിനിമകളിലായി 1600-ലേറെ ഗാനങ്ങള്‍.

എഴുതിയ പാട്ടുകളില്‍ മിക്കവയും ഹിറ്റുകളും സൂപ്പര്‍ഹിറ്റുകളുമായി. അനേകം സംഗീതസംവിധായകരുടെ പ്രിയപ്പെട്ട ഗാനരചയിതാവായി അദ്ദേഹം. കൈതപ്രം - ജോൺസൺ കൂട്ടുകെട്ടിലാണ് ഏറ്റവുമധികം ഗാനങ്ങൾ പിറന്നത്. വരവേൽപ്' എന്ന ചിത്രത്തിലൂടെയാണ് ജോൺസണുമായി കൈതപ്രം കൂട്ടുകൂടിയത്.

1996ല്‍ ദേശാടനത്തിലൂടെ സംഗീതസംവിധായകനായി. മലയാള സിനിമയയില്‍ സംഗീതജ്ഞനായി ഏറ്റവും അധികം സിനിമകളില്‍ വേഷമിട്ടതും കൈതപ്രം ആണ്. കൈതപ്രമെന്ന ഗ്രാമത്തെ ചുറ്റിയൊഴുകുന്ന ആ കണ്ണാടിപ്പുഴ, മലയാളത്തിന്‍റെ സൗപർണികാ പുണ്യമായി ഒഴുകിക്കൊണ്ടേയിരിക്കുന്നു.

Tags:    

Similar News