'സംവിധാനം-മോഹന്‍ലാല്‍'; 'ബറോസ്' ചിത്രീകരണം നാളെ ആരംഭിക്കും
സംവിധാനത്തിനൊപ്പം ടൈറ്റില്‍ കഥാപാത്രമായ 'ഭൂത'ത്തെ മോഹന്‍ലാല്‍ തന്നെയാണ് അവതരിപ്പിക്കുന്നത്
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് സിനിമയുടെ ചിത്രീകരണം നാളെ ആരംഭിക്കും. ഗോവയില്‍ വെച്ചാകും ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ത്രീ ഡിയില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആശിര്‍വാദ് സിനിമാസാണ്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. പൃഥ്വിരാജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ടെന്ന പ്രത്യേകതയും ബറോസിനുണ്ട്. ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിക്കുന്ന വിവരം മോഹന്‍ലാല്‍ തന്‍റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെക്കുന്നുണ്ട്.
'ജിജോയുമായുള്ള സംസാരത്തിനിടയിലാണ് അദ്ദേഹം എഴുതിയ ഇംഗ്ലീഷ് കഥയെ കുറിച്ച് സംസാരിച്ചത്. അതൊരു മിത്തായിരുന്നു. ഒരു മലബാർ തീരദേശ മിത്ത്.’ബറോസ്സ് – ഗാർഡിയൻ ഓഫ് ഡി ഗാമാസ് ട്രഷർ’. പോർച്ചുഗീസ് പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഒരു നിഗൂഢ രചന. കഥ കേട്ടപ്പോൾ ഇത് സിനിമയാക്കിയാൽ നന്നാവുമല്ലോയെന്ന് തോന്നിയിരുന്നു. അങ്ങനെയാണ് ‘ബറോസ്’ എന്ന സിനിമ ഉള്ളിൽ പിറന്നത്'; തന്‍റെ ആദ്യസംവിധാന സംരംഭത്തെ കുറിച്ച് മോഹൻലാൽ മുമ്പ് ബ്ലോഗിൽ കുറിച്ചത് ഇങ്ങനെയാണ്.
2019 ഏപ്രിലില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ച 'ബറോസ്' മോഹന്‍ലാലിന്‍റെ സ്വപ്ന പ്രൊജക്ട് ആണ്. കഴിഞ്ഞ വര്‍ഷം ചിത്രീകരണം ആരംഭിക്കേണ്ടിയിരുന്ന ചിത്രം കോവിഡ് കാരണം നീട്ടിവെക്കുകയായിരുന്നു. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നേരത്തേ ആരംഭിച്ചിരുന്ന ബറോസിന്‍റെ ചിത്രീകരണത്തിനു മുന്‍പുള്ള അവസാനവട്ട ജോലികളിലായിരുന്നു മോഹന്‍ലാലും ടീമും. പ്രീ പ്രൊഡക്ഷനിടെ ഛായാഗ്രഹകന്‍ സന്തോഷ് ശിവന്‍ പകര്‍ത്തിയ മോഹന്‍ലാലിന്‍റെ ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. പൃഥിരാജും പ്രീ പ്രൊഡക്ഷന്‍ ചര്‍ച്ചകളില്‍ ഭാഗമായിരുന്നു.
ബറോസിന്‍റെ സംഗീതം നിര്‍വ്വഹിക്കുന്നത് 13 വയസുകാരനായ ലിഡിയന്‍ നാദസ്വരമാണ്. തമിഴ്‌നാട് സ്വദേശിയായ ലിഡിയന്‍ ഇന്ത്യയുടെ നിധിയെന്നാണ് എ.ആര്‍ റഹ്മാന്‍ മുന്‍പ് വിശേഷിപ്പിച്ചത്. കാലിഫോര്‍ണിയയില്‍ നടന്ന സി.ബി.എസ് ഗ്ലോബല്‍ ടാലന്‍റ് ഷോയായ വേള്‍ഡ് ബെസ്റ്റില്‍ ഒന്നാം സമ്മാനം നേടിയാണ് ലിഡിയന്‍ ശ്രദ്ധയാകര്‍ഷിച്ചത്.
Director - Actor
— SantoshSivanASC. ISC (@santoshsivan) March 9, 2021
Barroz 2021 - 3D pic.twitter.com/8zs0hvaWC6
സംവിധാനത്തിനൊപ്പം ടൈറ്റില്‍ കഥാപാത്രമായ 'ഭൂത'ത്തെ മോഹന്‍ലാല്‍ തന്നെയാണ് അവതരിപ്പിക്കുന്നത്. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്‍പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ബറോസില്‍ വാസ്‌കോഡഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുക. ഭാര്യയുടെ വേഷത്തിലാകും പാസ് വേഗ എത്തുക. സെക്സ് ആൻഡ് ലൂസിയ, ഓള്‍ റോഡ്‌സ് ലീഡ്‌സ് ടു ഹെവന്‍, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് പാസ് വേഗ.