'എല്ലാ മാസവും പെന്‍ഷന്‍ കൃത്യമായി വീട്ടില്‍ വരും'; മുഖ്യമന്ത്രി മമ്മൂട്ടിയുടെ ഉറപ്പ്; വണ്ണിലെ പുതിയ ഗാനം
'ജനമനസ്സിന്‍' എന്ന് പേരിട്ടിരിക്കുന്ന ഗാനം മുഖ്യമന്ത്രിയായ കടക്കല്‍ ചന്ദ്രന്‍റ ജനക്ഷേമ പരിപാടികളും പ്രചരണങ്ങളുമാണ് കാണിക്കുന്നത്
മമ്മൂട്ടി മുഖ്യമന്ത്രി വേഷത്തിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് വണ്‍. കേരള മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രനായാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്. മുരളി ഗോപിയാണ് ചിത്രത്തില്‍ അതിശക്തമായ പ്രതിപക്ഷ നേതാവിനെ അവതരിപ്പിക്കുന്നത്. കഴിഞ്ഞ മാസം അവസാനം തിയറ്ററുകളില്‍ പുറത്തിറങ്ങിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.
ഇപ്പോഴിതാ ചിത്രത്തിലെ ഏറ്റവും പുതിയ ഗാനം പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. 'ജനമനസ്സിന്‍' എന്ന് പേരിട്ടിരിക്കുന്ന ഗാനം മുഖ്യമന്ത്രിയായ കടക്കല്‍ ചന്ദ്രന്‍റ ജനക്ഷേമ പരിപാടികളും പ്രചരണങ്ങളുമാണ് കാണിക്കുന്നത്. 'എല്ലാ മാസവും പെന്‍ഷന്‍ കൃത്യമായി വീട്ടില്‍ വരും' എന്ന ഉറപ്പും ഗാനരംഗത്തില്‍ മുഖ്യമന്ത്രിയായ കടക്കല്‍ ചന്ദ്രന്‍ നല്‍കുന്നു.
റൈറ്റ് ടു റീക്കോള്‍ എന്ന ബില്ലിന്‍റെ ചുവടുപിടിച്ചാണ് ചിത്രത്തിന്‍റെ പ്രമേയം. മലയാളത്തിലെ ആദ്യ സ്പൂഫ് ചിത്രമായ ചിറകൊടിഞ്ഞ കിനാവുകള്‍ക്ക് ശേഷം സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കഥ ബോബി-സഞ്ജയ് ടീമാണ്.
കേരള മുഖ്യമന്ത്രി പിണറായി വിജയനോട് സമാനമായ ദൃശ്യങ്ങളും ഡയലോഗുകളുമായിരുന്നു നേരത്തെ പുറത്തിറങ്ങിയ ട്രെയിലറിലെ പ്രധാന ആകര്‍ഷണം. മുഖ്യമന്ത്രിക്കെതിരായ പ്രതിപക്ഷ ആക്ഷേപവും മറുപടിയുമായി നീങ്ങുന്ന ട്രെയിലര്‍ പഞ്ച് ഡയലോഗുകളാല്‍ സമ്പന്നമാണ്. കേരള രാഷ്ട്രീയത്തില്‍ ഏറെ വിവാദം സൃഷ്ടിച്ച മുഖ്യമന്ത്രിക്കെതിരായ 'ചെത്തുകാരന്‍റെ മകന്‍' പരാമര്‍ശം പരോക്ഷമായി ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 'കണ്ട അമ്പട്ടന്‍റെ മോനൊക്കെ മുഖ്യമന്ത്രിയായാല്‍ ഇതും ഇതിനപ്പുറവും നടക്കുമെന്ന' പി ബാലചന്ദ്രന്‍റെ കഥാപാത്രത്തിന്‍റെ സംഭാഷണം ഇതിന് സമാനമായുള്ളതാണ്. 'ഞാന്‍ പതിനഞ്ച് ലക്ഷം പേരുടെ മാത്രം മുഖ്യമന്ത്രിയല്ല, കേരളത്തിലെ മൂന്നര കോടി ജനങ്ങളുടെ മുഖ്യമന്ത്രിയാണ്' എന്ന പഞ്ച് ഡയലോഗോട് കൂടിയാണ് ട്രെയിലര്‍ അവസാനിക്കുന്നത്.
ജോജു ജോർജ്, നിമിഷ സജയന്‍, മാത്യൂ തോമസ്, സുദേവ് നായർ, ഗായത്രി അരുൺ തുടങ്ങിയവരാണ് വണ്ണിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇച്ചായിസ് പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ആർ. വൈദി സോമസുന്ദരമാണ്. ഗോപി സുന്ദറാണ് സംഗീതം.