മരക്കാര്‍ ഉള്‍പ്പെടെ അഞ്ച് മോഹന്‍ലാല്‍ സിനിമകളുടെ റിലീസ് ഒടിടിയില്‍
40 കോടി രൂപ തിയറ്റർ ഉടമകൾ തന്നു എന്ന പ്രചാരണം വ്യാജമെന്ന് ആന്‍റണി പെരുമ്പാവൂര്‍
മരക്കാർ ഉൾപ്പെടെ മോഹൻലാലിന്‍റെ അഞ്ച് ചിത്രങ്ങൾ ഒടിടിയിൽ റിലീസ് ചെയ്യുമെന്ന് നിർമാതാവ് ആന്‍റണി പെരുമ്പാവൂർ. മരക്കാറിനു പുറമേ ബ്രോ ഡാഡി, ട്വൽത്ത് മാൻ, എലോൺ എന്നിവയും പേരിടാത്ത മറ്റൊരു ചിത്രവുമാണ് ഒടിടിയില്‍ റിലീസ് ചെയ്യുക.
മരക്കാര്‍ ഒടിടിയില്‍ തന്നെയെന്ന ഔദ്യോഗിക പ്രഖ്യാപനത്തിനു പിന്നാലെയാണ് മോഹന്‍ലാലിന്‍റെ നാല് സിനിമ കൂടി ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന് ആന്‍റണി പെരുമ്പാവൂര്‍ പ്രഖ്യാപിച്ചത്. മരക്കാർ സിനിമയുടെ ഭാഗമായവരെല്ലാം സിനിമ തിയറ്ററിൽ തന്നെ കാണണമെന്ന് ആഗ്രഹിച്ചവരാണ്. മന്ത്രി സജി ചെറിയാനുമായി ചർച്ചയ്ക്ക് തയ്യാറായതാണ്. തിയറ്റർ ഉടമകൾ വിട്ടുവീഴ്ച ഇല്ലെന്ന് അറിയിച്ചതോടെയാണ് പങ്കെടുക്കാതിരുന്നത്. ഇതാണ് ഒടിടിയെന്ന ഔദ്യോഗിക പ്രഖ്യാപനത്തിലെത്തിച്ചതെന്നും ആന്‍റണി പെരുമ്പാവൂര്‍ പറഞ്ഞു.
തിയറ്ററിൽ റിലീസ് ചെയ്യാൻ നാല് കോടി എണ്‍പത്തിയഞ്ചു ലക്ഷത്തി അന്‍പതിനായിരം രൂപയാണ് തിയറ്റർ ഉടമകൾ നല്‍കിയത്. 40 കോടി നല്‍കിയെന്ന പ്രചാരണം വ്യാജമാണ്.. മുൻപ് തിയറ്റര്‍ ഉടമകള്‍ തനിക്ക് ഒരു കോടി രൂപയിധികം തരാനുണ്ടെന്നും ആന്‍റണി പെരുമ്പാവൂര്‍ പറഞ്ഞു.
80 തിയറ്ററുകൾ മാത്രമാണ് താനുമായി കരാറിലെത്തിയത്. തിയറ്ററിൽ റിലീസ് ചെയ്യാൻ എല്ലാ സാധ്യതയും തേടി. തിയറ്ററുടമകളുടെ സംഘടന എല്ലാക്കാലത്തും തന്നെ സഹായിച്ചിരുന്നു. പക്ഷേ മരക്കാറുമായി ബന്ധപ്പെട്ട് തന്നോട് ഒരിക്കലും നേരിട്ട് ചർച്ച നടത്തിയിട്ടില്ല. 21 ദിവസം ഈ സിനിമ തിയറ്ററിൽ പ്രദർശിപ്പിക്കണമെന്ന് താൻ ആവശ്യപ്പെട്ടു. പക്ഷേ പ്രതീക്ഷിച്ചതുപോലെ എല്ലാ തിയറ്ററിൽ നിന്നും പിന്തുണ ലഭിച്ചില്ലെന്നും ആന്‍റണി പെരുമ്പാവൂര്‍ പറഞ്ഞു. കോവിഡ് പശ്ചാത്തലത്തിൽ മോഹൻലാൽ ഉൾപ്പെടെ തന്ന നിർദേശത്തിലാണ് സിനിമ ഒടിടിയിലേക്ക് നൽകുന്നതെന്നും ആന്‍റണി പെരുമ്പാവൂര്‍ പറഞ്ഞു.