ക്ലാസ് ഓഫ് 80'സ്; 'ഹൃദ്യമായ ഒത്തുചേരൽ', താരസംഗമത്തിന്റെ വിശേഷങ്ങളുമായി ലിസി
താരസംഗമത്തിനു ചുക്കാൻ പിടിക്കുന്നത് നടിയും സംവിധായികയുമായ സുഹാസിനിയാണെങ്കിലും ആശയം ലിസിയുടേതാണ്
എൺപതുകളിൽ ഇന്ത്യൻ സിനിമയിൽ നിറഞ്ഞ് നിന്ന താരങ്ങളുടെ റീ യൂണിയൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. സംഗത്തിന്റെ പതിനൊന്നാമത്തെ കൂടിച്ചേരലാണ് മുംബൈയിൽ നടന്നത്. ഇപ്പോഴിതാ സംഗമത്തിന്റെ സംഘാടകരിലൊരാളായ നടി ലിസി കൂട്ടായ്മയുടെ വിശേഷങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നു. കൂടിച്ചേരലിന്റെ സന്തോഷം പകരുന്ന ചിത്രങ്ങൾക്കൊപ്പമാണ് ലിസി അനുഭവങ്ങൾ പങ്കുവെച്ചത്.
'ഹൃദ്യമായ ഒത്തുചേരലുകളിൽ ഒന്നായിരുന്നു ഇത്തവണത്തേത്. ടീന അംബാനി, അനിൽ കപൂർ, മീനാക്ഷി ശേഷാദ്രി, പത്മിനി കോലാപുരി, വിദ്യാ ബാലൻ എന്നിവരും ആദ്യമായി ഞങ്ങളുടെ ഭാഗമായി. കൂടിച്ചേരൽ എല്ലാവർക്കും ആനന്ദം പകരുന്നതായിരുന്നു. സുഹാസിനി മണിരത്നവുമായി 13 വർഷം മുമ്പ് ഞാൻ പങ്കുവച്ച ആശയമായിരുന്നു ഇത്. ഈ കാലങ്ങളിൽ ഞങ്ങൾ ഒരുമിച്ച് ഇന്ത്യയിലെ സിനിമാ താരങ്ങളുടെ ഏറ്റവും വലിയ സ്വകാര്യ സമ്മേളനമായി അതു വളർത്തി. ഇത് ആരംഭിച്ചതിൽ ഞാൻ അഭിമാനിക്കുന്നു'' എന്നാണ് ചിത്രങ്ങൾക്കൊപ്പം ലിസി കുറിച്ചത്.
ഇത്തവണത്തെ റീയൂണിയന് മുംബൈയിൽ നേതൃത്വം നൽകിയത് നൽകിയത് താരങ്ങളായ പൂനം ധില്ലനും ജാക്കി ഷ്‌റോഫുമാണ്. തുടർച്ചയായി പത്ത് വർഷം നടത്തിയ കൂടിച്ചേരൽ കോവിഡ് പ്രതിസന്ധിമൂലം കഴിഞ്ഞ രണ്ട് വർഷമായി നടന്നിരുന്നില്ല.നേരത്തെ ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളായിരുന്നു റീയൂണിയന് വേദിയായത്. അതേസമയം മോഹൻലാലിനും രജനികാന്തിനും ഇത്തവണ പങ്കെടുക്കാനായില്ല.
തെന്നിന്ത്യൻ താരങ്ങളായ ചിരഞ്ജീവി, ശരത് കുമാർ, അർജുൻ, വെങ്കിടേഷ്, ഭാഗ്യരാജ്, ലിസി, ശോഭന, സുഹാസിനി, അംബിക, സുമലത, രേവതി, രമ്യ കൃഷ്ണൻ, സരിത, മധുബാല, ഖുശ്ബു, രാധ എന്നിവർക്കൊപ്പം ജാക്കി ഷ്‌റോഫ്, അനിൽ കപൂർ തുടങ്ങി വലിയ താരനിരയാണ് പങ്കുചേർന്നത്. 2009ലാണ് ആദ്യമായി 'ക്ലാസ് ഓഫ് 80'സ് എന്ന ഒത്തുചേരലിന് തുടക്കം കുറിക്കുന്നത്. താരസംഗമത്തിനു ചുക്കാൻ പിടിക്കുന്നത് നടിയും സംവിധായികയുമായ സുഹാസിനിയാണെങ്കിലും ആശയം ലിസിയുടേതാണ്.