ആദ്യ ദിവസത്തെ കലക്ഷന്‍ 16.7 കോടി; തിയറ്ററുകള്‍ നിറച്ച് ആടുജീവിതം
പൃഥ്വിയുടെ കരിയറിലെ തന്നെ ഏറ്റവും ഉയർന്ന ആദ്യദിന കലക്ഷന്‍ നേടുന്ന ചിത്രവും ആടുജീവിതമാണ്
പ്രേമലുവിനും മഞ്ഞുമ്മല്‍ ബോയ്സിനും പിന്നാലെ ബോക്സോഫീസ് കീഴടക്കി പൃഥ്വിരാജ്-ബ്ലെസി കൂട്ടുകെട്ടിന്‍റെ ആടുജീവിതം. തിയറ്റുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുന്ന ചിത്രത്തിന്‍റെ കലക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഫാൻസ് ഷോകൾ ഇല്ലാതിരുന്നിട്ടും ചിത്രം കേരളത്തിൽ നിന്നു മാത്രം അഞ്ചുകോടി രൂപ സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്. 16.7 കോടിയാണ് ആദ്യ ദിവസത്തെ കലക്ഷന്‍.
പൃഥ്വിയുടെ കരിയറിലെ തന്നെ ഏറ്റവും ഉയർന്ന ആദ്യദിന കലക്ഷന്‍ നേടുന്ന ചിത്രവും ആടുജീവിതമാണ്. തെലുങ്കിലും കന്നഡയിലും ഏകദേശം 40 ലക്ഷം രൂപ വീതം നേടിയപ്പോൾ തമിഴിൽ 50 ലക്ഷം രൂപയും ഹിന്ദിയിൽ 10 ലക്ഷവുമാണ് കലക്ഷന്‍.
ബുക്കിങ് ആരംഭിച്ചതുമുതൽ മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്.റിലീസിന് ഒരു ദിവസം ബാക്കി നിൽക്കെ റെക്കോർഡ് ബുക്കിങ്ങായിരുന്നു. മുന്ന് ലക്ഷത്തിലധികം ടിക്കറ്റുകളാണ് ബുക്കിങ് ആപ്പുകളിലൂടെ മാത്രം കേരളത്തിൽ വിറ്റുപോയത്. ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും കൂടുതൽ ഇൻട്രസ്റ്റ് ക്ലിക്ക് ലഭിച്ചതും ആടുജീവിതത്തിനായിരുന്നു.
ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി ബ്ലെസ്സി ഒരുക്കിയ ചിത്രത്തിൽ നജീബിന്റെ കഥാപാത്രമാകാനായുള്ള പൃഥ്വിരാജിന്റെ കഠിനാധ്വാനം സിനിമാപ്രേമികൾക്കിടയിൽ ഏറെ ചർച്ചയായിരുന്നു.ഓസ്‌കർ അവാർഡ് ജേതാക്കളായ എ.ആർ റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ഹോളിവുഡ് നടന്‍ ജിമ്മി ജീൻ ലൂയിസ്, കെ.ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്.