സജീവമായി ഒ.ടി.ടി: പുറത്തിറങ്ങാനിരിക്കുന്നത് ഏഴ് മലയാള സിനിമകള്‍

വരും ദിവസങ്ങളില്‍ ഏകദേശം ഏഴോളം മലയാള ചിത്രങ്ങളാണ് പ്രധാന ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലൂടെ പുറത്തിറങ്ങുന്നത്.

Update: 2021-07-02 16:37 GMT
Editor : ijas
Advertising

കോവിഡ് സാഹചര്യത്തില്‍ തിയറ്ററുകള്‍ അടച്ചിട്ടതോടെ മലയാളമടക്കമുള്ള മിക്ക ഇന്ത്യന്‍ സിനിമകളും ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലാണ് പുറത്തിറങ്ങുന്നത്. ഏറ്റവും അവസാനം പൃഥിരാജ്-അതിഥി ബാലന്‍ ചിത്രം കോള്‍‌ഡ് കേസ്, ജോജു ജോര്‍ജ്, ഇന്ദ്രജിത്ത്, സംയുക്ത മേനോന്‍, പാര്‍വതി, ആസിഫ് അലി, റോഷന്‍ മാത്യൂ, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ അഭിനയിച്ച ആണും പെണ്ണും എന്നീ ചിത്രങ്ങളാണ് പ്രധാന ഒ.ടി.ടിയായ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തിരിക്കുന്നത്. വരും ദിവസങ്ങളില്‍ ഏകദേശം ഏഴോളം മലയാള ചിത്രങ്ങളാണ് പ്രധാന ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലൂടെ പുറത്തിറങ്ങുന്നത്.


സാറാസ്

അന്ന ബെന്നിനെ നായികയാക്കി ജൂഡ് ആന്‍റണി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് 'സാറാസ്'. പ്രസവിക്കാൻ ഇഷ്ടമില്ലാത്ത പെൺകുട്ടിയുടെ കഥയാണ് സാറാസ് പറയുന്നത്. ഒരു സംവിധായിക ആകാൻ ആഗ്രഹിക്കുന്ന പെൺകുട്ടി. അവരുടെ ആദ്യ ചിത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. സണ്ണി വെയ്ന്‍ ആണ് ചിത്രത്തിലെ നായകന്‍. അന്ന ബെന്നിനൊപ്പം ബെന്നി പി. നായരമ്പലവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രം ജൂലൈ 5ന് ആമസോണ്‍ പ്രൈം വഴി പുറത്തിറങ്ങും.


മാലിക്

ഫഹദ് ഫാസില്‍ നായകനായി സംവിധായകന്‍ മഹേഷ് നാരായണന്‍ ഒരുക്കിയ ബിഗ് ബജറ്റ് ചിത്രമാണ് മാലിക്. 27 കോടി മുതൽമുടക്കുള്ള ചിത്രം ഫഹദിന്‍റെ ലൊക്കേഷന്‍ സ്റ്റിലിലൂടെയാണ് ശ്രദ്ധ നേടുന്നത്. സിനിമക്ക് വേണ്ടി ഫഹദ് 20 കിലോയോളം ഭാരം കുറച്ചിരുന്നു. 2020 ഏപ്രിലില്‍ റിലീസ് ചെയ്യാൻ ഒരുങ്ങിയ ചിത്രം കോവിഡ് പ്രതിസന്ധി മൂലം റിലീസ് മാറ്റുകയായിരുന്നു. തിയേറ്റർ റിലീസിന് കാത്തിരുന്നുവെങ്കിലും കോവിഡ് പ്രതിസന്ധിയില്‍ സാമ്പത്തികമായി പ്രതിസന്ധി നേരിട്ടതോടെ ഏറ്റവും ഒടുവില്‍ ഒ.ടി.ടി. തെരഞ്ഞെടുക്കുകയായിരുന്നു. ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്‍റോ ജോസഫ് നിർമിക്കുന്ന ചിത്രത്തിൽ ജോജു ജോർജ്, ദിലീഷ് പോത്തൻ, സലിംകുമാർ, ഇന്ദ്രൻസ്‌, വിനയ് ഫോർട്ട്, നിമിഷ സജയൻ, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്തുനാഥ് എന്നിവരും അഭിനയിക്കുന്നുണ്ട്. സാനു ജോൺ വർഗീസ് ആണ് ഛായാഗ്രഹണം. മാലിക് ഈ മാസം 15ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും.


1956 മധ്യതിരുവിതാംകൂര്‍

ശവം, വിത്ത് (Seed) എന്നീ ചിത്രങ്ങൾക്ക് ശേഷം ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് 1956, മധ്യതിരുവിതാംകൂർ. കേരളത്തിലെ ഭൂപരിഷ്കരണത്തിന്‍റെ പശ്ചാത്തലത്തില്‍ ഇടുക്കിയിലേക്ക് ആദ്യകാലത്ത് കുടിയേറിയ ഒരുപറ്റം ആളുകളുടെ കഥയാണ് സിനിമ പറയുന്നത്. കോട്ടയം ജില്ലയിലെ ഉഴവൂരില്‍ നിന്നും വന്ന ഓനന്‍, കോര എന്നിവര്‍ ഏതാനും പരിചയക്കാരെ കൂട്ടി കാട്ടുപോത്തിനെ വേട്ടയാടുന്നതാണ് പശ്ചാത്തലം. ഇടുക്കിയിലും തമിഴ്നാട്ടിലുമായിട്ടായിരുന്നു ചിത്രീകരണം. ആസിഫ് യോഗി, ജെയിൻ ആൻഡ്രൂസ്, കനി കുസൃതി, ഷോൺ റോമി, കൃഷ്ണൻ ബാലകൃഷ്ണൻ എന്നിവരാണ് അഭിനേതാക്കൾ. 22 ഫീമെയില്‍ കോട്ടയം, ഡാ തടിയാ തുടങ്ങിയ സിനിമകളുടെ രചയിതാവായ അഭിലാഷ്​ എസ്​. കുമാർ നിർമിച്ചിരിക്കുന്ന ചിത്രത്തിന്​ വേണ്ടി കാമറ ചലിപ്പിച്ചിരിക്കുന്നത്​ അലക്​സ്​ ജോസഫാണ്​. ബാസിൽ സി.ജെയാണ്​ സംഗീതം. മിഥുനും ഡോണും സംയുക്തമായാണ് എഡിറ്റിങ് നിര്‍വഹിക്കുന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ചിത്രീകരിച്ച സിനിമ മുബി(MUBI)യിലൂടെ ഈ മാസം 24 ന് റിലീസ് ചെയ്യും.


സന്തോഷത്തിന്‍റെ ഒന്നാം രഹസ്യം

ഒറ്റ ഷോട്ടിൽ ഒരു കാറിനുള്ളില്‍ ഡോണ്‍ പാലത്തറ ചിത്രീകരിച്ച ചിത്രമാണ് സന്തോഷത്തിന്‍റെ ഒന്നാം രഹസ്യം. റിമ കല്ലിങ്കലും ജിതിൻ പുത്തഞ്ചേരിയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന്‍റെ ദൈര്‍ഘ്യം 85 മിനുറ്റാണ്. നീരജ രാജേന്ദ്രൻ, അർച്ചന പത്മിനി എന്നിവരും ചിത്രത്തിന്‍റെ ഭാഗമാണ്. ചിത്രം ജൂലൈ-ആഗസ്റ്റ് മാസങ്ങളില്‍ മുബിയില്‍ റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ അറിയിച്ചു.


എയ്റ്റീന്‍ അവേഴ്സ്

സോൾട്ട് മംഗോ ട്രീ, എസ്‌കേപ്പ് ഫ്രം ഉഗാണ്ട, തൃശൂർ പൂരം എന്നീ സിനിമകൾക്ക് ശേഷം രാജേഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് എയ്റ്റീന്‍ അവേഴ്സ്. കോവിഡ് പ്രതിസന്ധിക്ക് ശേഷം ചിത്രീകരണം ആരംഭിച്ച ചിത്രത്തില്‍ പുതുമുഖങ്ങളാണ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. ചിത്രം മഴവിൽ മനോരമയിലും മനോരമ മാക്സിലുമായി അടുത്ത ദിവസങ്ങളില്‍ റിലീസ് ചെയ്യും.


ചുരുളി

രാജ്യാന്തര പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ജെല്ലിക്കെട്ടിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ചുരുളി. മൂവി മൊണാസ്ട്രിയും ചെമ്പോസ്കി മോഷൻ പിക്ചേഴ്സും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. തിരക്കഥ ഒരുക്കിയത് എസ് ഹരീഷും ഛായാഗ്രഹണം മധു നീലകണ്ഢനുമാണ്. ചെമ്പൻ വിനോദ്, ജോജു ജോർജ്, വിനയ് ഫോർട്ട്, സൗബിൻ ഷാഹിർ, ഗീതി സംഗീത, ജാഫർ ഇടുക്കി തുടങ്ങിയവർ മുഖ്യ വേഷത്തിലെത്തുന്ന ചിത്രം ആമസോണ്‍ പ്രൈമില്‍ ഈ മാസം റിലീസ് ചെയ്തേക്കും.


അനുഗ്രഹീതന്‍ ആന്‍റണി

കോവിഡ് പ്രതിസന്ധിയുടെ ഇടവേളയില്‍ തിയറ്ററിലെത്തി വിജയം നേടിയ സണ്ണിവെയ്ന്‍ ചിത്രമാണ് അനുഗ്രഹീതന്‍ ആന്‍റണി. സണ്ണിക്കൊപ്പം ഒരു നായയും പ്രധാന കഥാപാത്രമായ ചിത്രം ഒ.ടി.ടിയിലും ടെലിവിഷനിലും വീണ്ടും പ്രേക്ഷകരിലേക്കെത്തുകയാണ്. ചിത്രത്തിന്‍റെ ടെലിവിഷന്‍ പ്രീമിയര്‍ ആയിരിക്കും ആദ്യം സംഭവിക്കുക.

Tags:    

Editor - ijas

contributor

Similar News