"കേരളം ഇനിയും ലോകത്തിന് മാതൃകയാവട്ടെ": രണ്ടാം പിണറായി സര്‍ക്കാരിന് ആശംസകളുമായി മോഹന്‍ലാല്‍
സമഗ്രമേഖലകളിലും പുതിയ മാറ്റങ്ങളുണ്ടാകട്ടെയെന്നും മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ചരിത്ര വിജയം നേടി രണ്ടാം തവണയും അധികാരത്തിലേറിയ പിണറായി സര്‍ക്കാരിന് ആശംസകളുമായി നടന്‍ മോഹന്‍ലാല്‍. സമഗ്രമേഖലകളിലും പുതിയ മാറ്റങ്ങളുണ്ടാകട്ടെയെന്നും കേരളം ഇനിയും ലോകത്തിന് മാതൃകയാവട്ടെയെന്നും മോഹന്‍ലാല്‍ ആശംസിച്ചു.
"പുതിയ ഒരു തുടക്കത്തിലേക്ക് കാൽവെക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള കേരള സർക്കാരിന് എല്ലാവിധ ആശംസകളും. സമഗ്രമേഖലകളിലും നല്ല പുതിയ മാറ്റങ്ങൾ വരട്ടെ, കേരളം ഇനിയും ലോകത്തിന് മാതൃകയാവട്ടെ," എന്നാണ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
അതേസമയം, രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ രണ്ടാം തവണയും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയന് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിക്കൊപ്പം മറ്റു 21 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി.
മുഖ്യമന്ത്രി പിണറായി വിജയൻ, കെ. രാജൻ, എ.കെ. ശശീന്ദ്രൻ, ജി.ആർ. അനിൽ, കെ.എൻ. ബാലഗോപാൽ, പ്രഫ. ആർ. ബിന്ദു, ജെ. ചിഞ്ചുറാണി, എം.വി. ഗോവിന്ദൻ മാസ്റ്റർ, അഡ്വ. പി.എ. മുഹമ്മദ് റിയാസ്, പി. പ്രസാദ്, കെ. രാധാകൃഷ്ണൻ, പി. രാജീവ്, സജി ചെറിയാൻ, വി. ശിവൻ കുട്ടി, വി.എൻ. വാസവൻ എന്നിവർ 'സഗൗരവ'ത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, ആന്‍റണി രാജു, വി. അബ്ദുറഹ്മാൻ, വീണ ജോർജ് എന്നിവർ ദൈവനാമത്തിലും അഹമ്മദ് ദേവർകോവിൽ, വി. അബ്ദുറഹ്മാൻ എന്നിവർ അല്ലാഹുവിന്‍റെ നാമത്തിലുമാണ് സത്യവാചകം ചൊല്ലിയത്.