സിനിമ അന്വേഷകര്‍ക്ക് വേണ്ടി ആദ്യമായി മലയാളത്തില്‍ ഒരു ഒ.ടി.ടി: പുറത്തിറക്കുന്നത് നടന്‍ പൃഥിരാജ്

സിനിമ ആഗ്രഹിക്കുന്നവരെയും സിനിമയ്ക്ക് ആവശ്യമുള്ളവരെയും തമ്മിൽ ആധികാരികമായി ബന്ധിപ്പിക്കാൻ സഹായിക്കുന്ന മലയാളത്തിലെ ആദ്യത്തെ ഒ.ടി.ടി പ്ലാറ്റ്ഫോം ആയിരിക്കും മാറ്റിനി

Update: 2021-06-26 07:07 GMT
Editor : ijas
Advertising

നിര്‍മാതാവും പ്രൊഡക്ഷന്‍ ഡിസൈനറുമായ എന്‍.എം ബാദുഷ, നിര്‍മാതാവ് ഷിനോയ് മാത്യു എന്നിവരുടെ നേതൃത്വത്തില്‍ മലയാളത്തില്‍ ഒരു പുതിയ ഒ.ടി.ടി കൂടി പിറവിയെടുക്കുന്നു. മാറ്റിനി എന്ന് പേരിട്ട ഒ.ടി.ടി, സിനിമ ആഗ്രഹിക്കുന്നവരെയും സിനിമയ്ക്ക് ആവശ്യമുള്ളവരെയും തമ്മിൽ ആധികാരികമായി ബന്ധിപ്പിക്കാൻ സഹായിക്കുന്ന ആദ്യത്തെ ഒ.ടി.ടി പ്ലാറ്റ്ഫോം ആയിരിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നടനും സംവിധായകനുമായ പൃഥിരാജ് നാളെ ഒ.ടി.ടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിക്കും.

സിനിമയ്ക്കകത്തും പുറത്തുമുള്ള അന്വേഷണങ്ങൾക്കും അലച്ചിലുകൾക്കും വിരാമമിട്ടുകൊണ്ട്, കാര്യങ്ങൾ കൂടുതൽ സുഗമമാക്കുക എന്നതാണ് മാറ്റിനിയുടെ പ്രധാന ലക്ഷ്യമെന്ന് എന്‍.എം ബാദുഷ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പുതുമുഖങ്ങളും പ്രതിഭാധനരുമായ അഭിനേതാക്കളെയും ടെക്നീഷ്യൻസിനെയുമെല്ലാം ഉൾപ്പെടുത്തിക്കൊണ്ട് എസ്ക്ലൂസിവ് വെബ്സീരിസുകൾ, സിനിമകൾ, ഷോർട്ട് ഫിലിമുകൾ എന്നിവ നിർമ്മിച്ചുകൊണ്ടായിരിക്കും പ്രാരംഭ ഘട്ടത്തിൽ മാറ്റിനിയുടെ പ്രവർത്തന മാതൃക. ഒപ്പം അനാവശ്യ ചിലവുകളും ആശയക്കുഴപ്പങ്ങളും ഒഴിവാക്കി സിനിമകളുടെ ഓഡിഷനുകളും നേരിട്ട് മാറ്റിനിയിലൂടെ നടത്തും. ഒറ്റത്തവണ രജിസ്ട്രേഷനിലൂടെ മാറ്റിനിയുടെ സ്വന്തം നിർമ്മാണ പ്രൊജക്റ്റുകൾ കൂടാതെ, നിരവധി ഓഡിഷനുകളിലേക്കും സംവിധായകരിലേക്കും നിർമ്മാതാക്കളിലേക്കുമെല്ലാം അപേക്ഷകരുടെ വിവരങ്ങള്‍ ലഭ്യമാക്കുന്ന രീതിയിലായിരിക്കും മാറ്റിനി പ്രവർത്തിക്കുക. ഒപ്പം താല്പര്യമുള്ള ആർക്കും വ്യത്യസ്തമാർന്ന ലൊക്കേഷനുകൾ, കെട്ടിടങ്ങള്‍, വീടുകൾ, സ്ഥാപനങ്ങൾ, ഉപകരണങ്ങള്‍, പരിശീലനം ലഭിച്ച വളർത്തുമൃഗങ്ങൾ, വാഹനങ്ങൾ, പ്രാചീന വസ്തുക്കള്‍ തുടങ്ങി സിനിമക്ക് ആവശ്യമായതെന്തും മാറ്റിനിയിൽ രജിസ്റ്റർ ചെയ്ത് വാടകക്ക് നൽകി മികച്ച വരുമാനം നേടാം. കൊച്ചിയിൽ നടന്ന പത്രസമ്മേളനത്തിൽ പ്രൊജക്റ്റ്‌ ഡിസൈനർ ബാദുഷ, നിർമ്മാതാവ് ഷിനോയ് മാത്യു, പി.ആർ.ഒ മഞ്ജു ഗോപിനാഥ് തുടങ്ങിയവർ പങ്കെടുത്തു.

Tags:    

Editor - ijas

contributor

Similar News