'ഇന്ദ്രന്‍സ് ചേട്ടനെ കെട്ടിപ്പിടിച്ച് ഉമ്മ വെക്കണം'; ഹോമിനെ പുകഴ്ത്തി നടന്‍ സിദ്ധാര്‍ത്ഥ്
സാങ്കേതിക പരിജ്ഞാനം കുറഞ്ഞ ഒലിവര്‍ ട്വിസ്റ്റ് എന്ന ഒരു പിതാവിന്‍റെ കഥ പറയുന്നതാണ് #ഹോം
ഇന്ദ്രൻസ് നായകനായി എത്തിയ #ഹോം സിനിമയെ വാനോളം പുകഴ്ത്തി നടന്‍ സിദ്ധാര്‍ത്ഥ്. സിനിമ കണ്ടതിന് ശേഷം ഇന്ദ്രന്‍സിനെ കെട്ടിപ്പിടിച്ച് ഉമ്മ വെക്കാന്‍ ആഗ്രഹിക്കുന്നതായും സിദ്ധാര്‍ത്ഥ് പറഞ്ഞു. മലയാളത്തില്‍ നിന്നും ഒരുപാട് അതിശയിപ്പിക്കുന്ന സിനിമകള്‍ പുറത്തുവരുന്നുണ്ടെന്നും സിദ്ധാര്‍ത്ഥ് ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ പങ്കുവെച്ചു.
നേരത്തെ ഹോം സിനിമയെ അഭിനന്ദിച്ച് തെന്നിന്ത്യന്‍ സംവിധായകന്‍ എ.ആര്‍ മുരുഗദോസും രംഗത്തുവന്നിരുന്നു. റോജിന്‍ തോമസ് രചനയും സംവിധാനവും നിര്‍വഹിച്ച ഹോം ആമസോണിലൂടെയാണ് പ്രേക്ഷകരിലെത്തിയത്. ഒലിവര്‍ ട്വിസ്റ്റ് എന്ന കഥാപാത്രത്തെയാണ് ഇന്ദ്രന്‍സ് അവതരിപ്പിച്ചത്. വിജയ് ബാബുവാണ് നിര്‍മ്മാണം.
സാങ്കേതിക പരിജ്ഞാനം കുറഞ്ഞ ഒലിവര്‍ ട്വിസ്റ്റ് എന്ന ഒരു പിതാവിന്‍റെ കഥ പറയുന്നതാണ് #ഹോം. പുതുതലമുറക്കാരായ തന്‍റെ മക്കളുമായി അടുക്കാന്‍ വെമ്പുന്ന അച്ഛന്‍റെ വേഷമാണ് ഇന്ദ്രന്‍സ് ഇതില്‍ ചെയ്യുന്നത്.
ഇന്ദ്രന്‍സിനെ കൂടാതെ ശ്രീനാഥ് ഭാസി, വിജയ്ബാബു, മഞ്ജു പിള്ള, നസ്ലന്‍, കൈനകരി തങ്കരാജ്, കെപിഎസി ലളിത, ശ്രീകാന്ത് മുരളി, ജോണി ആന്റണി, പോളി വില്‍സണ്‍, മണിയന്‍പിള്ള രാജു, അനൂപ് മേനോന്‍, അജു വര്‍ഗീസ്, കിരണ്‍ അരവിന്ദാക്ഷന്‍, ചിത്ര, പ്രിയങ്ക നായര്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
സിദ്ധാര്‍ത്ഥിന്‍റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്:
എനിക്ക് ഹോം സിനിമ വളരെയധികം ഇഷ്ടപ്പെട്ടു!
ഇന്ദ്രൻസ് ചേട്ടൻ എന്‍റെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ്. ഈ ചിത്രം കണ്ടതിന് ശേഷം എനിക്ക് ഇന്ദ്രന്‍സേട്ടനെ കെട്ടിപ്പിടിക്കാനും ചുംബിക്കാനും തോന്നി. എങ്ങനെ അഭിനയിക്കണമെന്നും അർത്ഥവത്തായ സിനിമകൾ നിർമ്മിക്കണമെന്നും പഠിപ്പിക്കുന്ന മുതിർന്ന അഭിനേതാക്കൾ ഇപ്പോഴും നമുക്കുള്ളതില്‍ ദൈവത്തിന് നന്ദി.
ദയവായി നിങ്ങളുടെ കുടുംബത്തോടൊപ്പം ഇത് കാണുക. കേരളത്തിൽ നിന്ന് വിസ്മയിപ്പിക്കുന്ന ഒരുപാട് സിനിമകൾ വരുന്നുണ്ട്.
ഒരു കലാകാരനെന്ന നിലയിൽ ഞാൻ ആരാധിക്കുന്ന ശ്രീനാഥ് ഭാസിയോട് സ്നേഹം. ഈ ചിത്രത്തിനായി ഒത്തുചേർന്ന എല്ലാ ഹൃദയങ്ങൾക്കും മനസ്സുകൾക്കും വലിയ ആദരം. നിങ്ങളെല്ലാവരും ഊഷ്മളമായ ആലിംഗനം അർഹിക്കുന്നു.