''ആൾക്കാർ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട''; ആദരാഞ്ജലികളോട് ആശുപത്രിക്കിടക്കയിൽനിന്ന് ശ്രീനിവാസൻ
തിരക്കഥാകൃത്തും നിർമാതാവുമായ മനോജ് രാം സിങ് ശ്രീനിവാസന്റെ ഭാര്യ വിമലയെ ഫോണിൽ വിളിച്ചപ്പോഴായിരുന്നു പ്രതികരണം
കൊച്ചി: നടൻ ശ്രീനിവാസന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള പലതരം അഭ്യൂഹങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അദ്ദേഹം മരിച്ചതായുള്ള വാർത്തകൾ പ്രചരിപ്പിക്കുന്നവരും ആദരാഞ്ജലി അർപ്പിക്കുന്നവരും ഇതിൽ ഉൾപ്പെടും. ഇതിനിടെ പുറത്തുനടക്കുന്ന പ്രചാരണങ്ങളോട് നടൻ തന്നെ സ്വതസിദ്ധമായ ശൈലിയിലാണ് ആശുപത്രിക്കിടക്കയിൽ കിടന്ന് പ്രതികരിച്ചത്. ആൾക്കാർ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കേണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തിരക്കഥാകൃത്തും നിർമാതാവുമായ മനോജ് രാം സിങ്ങാണ് ശ്രീനിവാസിന്റെ പ്രതികരണം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ആരോഗ്യവിവരം അറിയാൻ മനോജ് ഭാര്യ വിമലയുടെ ഫോണിൽ വിളിച്ചപ്പോൾ അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: ''ആൾക്കാർ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട. കിട്ടുന്നതൊക്കെ എനിക്ക് തന്നേക്ക്.. കൂടുതലായി പോയാൽ കുറച്ച് മനോജിന് തന്നേക്കാം'' മിനിറ്റുകൾക്ക് മുൻപ് ഐ.സി.യുവിൽ കിടന്ന് സ്വന്തമായി ശ്വസിക്കുന്ന ശ്രീനിയേട്ടനോട് ചേച്ചിയുടെ ഫോണിൽ സംസാരിച്ചപ്പോൾ, ശ്രീനിയേട്ടന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടുള്ള ചില മനോരോഗികളുടെ പോസ്റ്റിന്റെ കാര്യം പറഞ്ഞപ്പോഴുള്ള ചിരിച്ചുകൊണ്ടുള്ള മറുപടി ഇങ്ങനെയായിരുന്നുവെന്ന് മനോജ് കുറിച്ചു.
ഞങ്ങളുടെയും നിങ്ങളുടെയും ശ്രീനിയേട്ടന് യാതൊരു കുഴപ്പവുമില്ല. വാർത്താ ചാനലുകൾക്ക് റേറ്റിങ് കൂട്ടാനോ ആശുപത്രിക്കാർക്ക് മൈലേജ് എടുക്കാനോയുള്ള വെറും വ്യാജ വാർത്തകളാണ് നിലവിൽ പ്രചരിക്കുന്നതെന്ന് മറ്റൊരു കുറിപ്പിലും മനോജ് രാം സിങ് ചൂണ്ടിക്കാട്ടി. ''ഞങ്ങളുടെ ശ്രീനിയേട്ടൻ ദിവസങ്ങൾക്കുമുൻപ് നടന്ന ബൈപാസ് സർജറി കഴിഞ്ഞ് വിശ്രമത്തിലാണ്. അദ്ദേഹത്തിന്റെ ആരോഗ്യനിലയെ കുറിച് യാതൊരു ആശങ്കയും വേണ്ടതില്ല. സർജറി കഴിഞ്ഞിട്ട് ദിവസങ്ങളായി. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ സാധാരണ നിലയിലേക്ക് അദ്ദേഹം എത്തുന്നതാണ്. അടുത്തറിയുന്ന ഞങ്ങൾ പറയുന്നതിനപ്പുറമുള്ള വാർത്തകൾ ദയവായി വിശ്വസിക്കാതിരിക്കുക. ഒന്നുറപ്പാണ്, ശ്രീനിയേട്ടൻ കട്ടയ്ക്കുണ്ട് കൂടെ..''-ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ശ്രീനിവാസൻ. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ ഇന്ന് മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചത്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. രോഗം ഭേദമായി വരുന്നതായും ബുള്ളറ്റിനിൽ പറയുന്നു.
നെഞ്ചുവേദയെ തുടർന്ന് മാർച്ച് 30നാണ് ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തൊട്ടടുത്ത ദിവസം ബൈപാസ് സർജറിക് വിധേയനാക്കിയിരുന്നു.
Summary: Actor Sreenivasan's reply to fake death news