ഐ.സി.സി രൂപീകരിച്ച് ആദ്യ കേസിൽ തന്നെ ചെയർപേഴ്‌സൺ അടക്കം രാജി; താരങ്ങൾ പക്ഷം പിടിക്കുമ്പോൾ അമ്മയിലെ പ്രതിസന്ധി എങ്ങോട്ട് ?

കഴിഞ്ഞ ഡിസംബറിൽ കൊച്ചിയിൽ നടന്ന ജനറൽ ബോഡിയിലാണ് അമ്മയുടെ ബൈലോ പുതുക്കിയത്. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ നാലു വനിതകൾ, വൈസ് പ്രസിഡന്റായി വനിത, ആഭ്യന്തര പരാതി പരിഹാര സമിതി (ഐ.സി.സി) എന്നിവയായിരുന്നു പുതിയതായി ഉൾപ്പെടുത്തിയത്.

Update: 2022-05-03 12:35 GMT
Editor : Sikesh | By : Web Desk
Advertising

ആഭ്യന്തര പരാതി പരിഹാര സമിതിയിൽ (ഐ.സി.സി) നിന്നും രണ്ടുപേർ കൂടി രാജിവെച്ചതോടെ താരസംഘടനയായ അമ്മയിലെ പ്രതിസന്ധി രൂക്ഷം. അഞ്ചംഗ സമിതിയിലെ ചെയർപേഴ്‌സൺ ശ്വേതാ മേനോൻ, സമിതി അംഗങ്ങളായ കുക്കു പരമേശ്വരൻ, മാലാ പാർവതി എന്നിങ്ങനെ മൂന്നുപേരാണ് ഇതുവരെ രാജിവെച്ചത്. ഇവരെ കൂടാതെ രചന നാരായണൻകുട്ടി, അഡ്വ. അനഘ എന്നിവരാണ് ഇനി സമിതിയിൽ അവശേഷിക്കുന്നത്. അമ്മയിൽ ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിച്ച് കേവലം അഞ്ചുമാസം തികയുന്നതിന് മുമ്പാണ് ആദ്യ കേസിൽ തന്നെ അംഗങ്ങൾ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ കടുംപിടുത്തത്തെ തുടർന്ന് രാജിവെച്ചൊഴിയുന്നത്.

കഴിഞ്ഞ ഡിസംബറിൽ കൊച്ചിയിൽ നടന്ന ജനറൽ ബോഡിയിലാണ് അമ്മയുടെ ബൈലോ പുതുക്കിയത്. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ നാലു വനിതകൾ, വൈസ് പ്രസിഡന്റായി വനിത, ആഭ്യന്തര പരാതി പരിഹാര സമിതി (ഐ.സി.സി) എന്നിവയായിരുന്നു പുതിയതായി ഉൾപ്പെടുത്തിയത്. സംഘടനയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റും ആഭ്യന്തര പരാതി പരിഹാര സമിതിയുടെ ചെയർപേഴ്‌സണുമായി ശ്വേതാ മേനോനാണ് തെരഞ്ഞെടുക്കപ്പെട്ടത്. സുപ്രീംകോടതി നിർദേശപ്രകാരം പുറത്ത് നിന്നുളള ഉദ്യോഗസ്ഥൻ അടക്കം അഞ്ചുപേരെ ഉൾപ്പെടുത്തിയാണ് ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിച്ചതെന്നും ഭാരവാഹികൾ അറിയിച്ചിരുന്നു. അമ്മയിൽ ഈ ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിച്ച ശേഷം ഇവർ ഇടപെട്ട ആദ്യവിഷയം കൂടിയായിരുന്നു വിജയ് ബാബുവിനെതിരെയുളള ബലാത്സംഗ പരാതി.


ലോവർ കോർട്ടിന്റെ പവറുളള, ഗവൺമെന്റിന് കീഴിലുളള ഓട്ടോണോമസ് ബോഡിയായത് കൊണ്ട് തന്നെ വിജയ് ബാബുവിനെതിരെ നടപടി ഉണ്ടാകുമെന്നായിരുന്നു ചെയർപേഴ്‌സൺ ശ്വേതാമേനോൻ, കമ്മിറ്റി അംഗമായ മാലാ പാർവതി എന്നിവർ കരുതിയിരുന്നത്. എന്നാൽ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് അയച്ച, ഒളിവിൽ കഴിയുന്ന പ്രതിയെ പിന്തുണക്കുന്ന നിലപാടാണ് അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു, വൈസ് പ്രസിഡന്റ് മണിയൻ പിളള രാജു അടക്കം ഏതാനും താരങ്ങൾ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ സ്വീകരിച്ചത്. ഇതിൽ മാലാ പാർവതിയോട് രാജി വെക്കരുതെന്ന് ആവശ്യപ്പെട്ടതും പിന്നീട് പരസ്യമായി പിന്തുണച്ച് എത്തിയതും എക്‌സിക്യൂട്ടീവിലുളള സുധീർ കരമനയും ബാബുരാജും മാത്രമായിരുന്നു.

എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ താഴെയുളള സംവിധാനമല്ല ആഭ്യന്തര പരാതി പരിഹാര സമിതിയെന്നും (ഐ.സി.സി) അതുകൊണ്ട് തന്നെ ഐ.സി.സിയിൽ ഇരുന്നുകൊണ്ട് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനത്തെ അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നുമാണ് രാജിക്ക് ശേഷം മാലാ പാർവതി പറഞ്ഞത്. അമ്മയിൽ ഐ.സി.സിക്ക് ഒരു പ്രസക്തിയുമില്ലെന്നാണ് തനിക്ക് തോന്നുന്നതെന്നാണ് സംഘടനയുടെ വൈസ് പ്രസിഡന്റ് കൂടിയായ ശ്വേതാ മേനോൻ രാജിക്കത്തിലൂടെ അറിയിച്ചത്. മറ്റൊരു വൈസ് പ്രസിഡന്റായ മണിയൻ പിളള രാജുവാകട്ടെ ചാനലുകളിലൂടെ രാജിവെച്ചവർക്കെതിരെ രംഗത്തെത്തി. സ്ത്രീകൾക്ക് പരാതിപ്പെടാൻ വേറെ സംഘടനയുണ്ടല്ലോ, അവിടെ പോയി പരാതി പറയട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എക്‌സിക്യൂട്ടീവ് അംഗമായ ബാബുരാജ് മണിയൻ പിളളയുടെ വാക്കുകളോട് രൂക്ഷമായിട്ടാണ് പ്രതികരിച്ചത്.

അമ്മയുടെ വൈസ് പ്രസിഡന്റ് അങ്ങനെ പറഞ്ഞത് ഒട്ടും ശരിയായില്ല. അമ്മയിലെ സ്ത്രീകളുടെ പരാതി കേൾക്കാനാണ് അമ്മയിലെ ആഭ്യന്തര പരാതി പരിഹാര സമിതിയുള്ളത്. അമ്മയിലെ സ്ത്രീകളുടെ പരാതികൾ അമ്മയിൽ ചർച്ച ചെയ്തില്ലെങ്കിൽ പിന്നെ വേറെ ആരാണ് ചർച്ച ചെയ്യാനുള്ളത്. ഇതിനുള്ള മറുപടി തന്നെയാണ് മാലാ പാർവതിയുടെ രാജി. അമ്മ എന്നത് താരങ്ങളുടെ സംഘടനയാണ് അവിടെയുള്ള അംഗങ്ങൾ ഏതു ജെൻഡർ ആയാലും അവരുടെ പ്രശ്നം സംഘടനയുടെ പ്രശ്നമാണ്. സ്ത്രീകളുടെ പരാതികൾ ഏറെ പ്രാധാന്യത്തോടെ കേൾക്കുകയും അതിനു പരിഹാരം കണ്ടെത്തുകയും വേണം. മണിയൻപിളളയുടെ പ്രസ്താവനയോട് വൈസ് പ്രസിഡന്റായ ശ്വേത ഉൾപ്പടെ മറ്റുള്ള വനിതകൾക്കും അമർഷമുണ്ടാകും. അവരൊന്നും പാവകളല്ല. എല്ലാ കാര്യത്തിലും വ്യക്തമായ അഭിപ്രായവും തീരുമാനങ്ങളും ഉള്ളവരാണെന്നായിരുന്നു ബാബുരാജിന്റെ പ്രതികരണം.


പ്രസിഡന്റ് മോഹൻലാൽ, ജനറൽ സെക്രട്ടറി ഇടവേള ബാബു, ട്രഷറർ സിദ്ദീഖ്, ജോയിന്റ് സെക്രട്ടറി ജയസൂര്യ, വൈസ് പ്രസിഡന്റുമാരായ ശ്വേതാ മേനോൻ, മണിയൻപിളള രാജു എന്നിവർക്ക് പുറമെ 11 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് അമ്മയ്ക്കുളളത്. ടൊവിനോ തോമസ്, ഉണ്ണി മുകുന്ദൻ, ലാൽ, ബാബുരാജ്, ലെന, സുധീർ കരമന, ടിനി ടോം, മഞ്ജുപിളള, രചന നാരായണൻകുട്ടി, സുരഭി ലക്ഷ്മി, വിജയ് ബാബു എന്നിവരാണ് എക്‌സിക്യൂട്ടീവിൽ ഉളളത്.

അമ്മയിലെ എക്‌സിക്യൂട്ടീവ് അംഗം കൂടിയായ നടൻ വിജയ് ബാബുവിനെതിരെ ഉയർന്ന ബലാത്സംഗ പരാതിയിൽ ആഭ്യന്തര പരാതി പരിഹാര സമിതി സ്വമേധയാ അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയിരുന്നു. ബലാത്സംഗ പരാതിക്ക് പുറമെ എഫ്ബി ലൈവിൽ വന്ന് ഇരയുടെ പേര് വെളിപ്പെടുത്തിയ വിജയ് ബാബുവിനെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് പുറത്താക്കണമെന്ന് എകകണ്ഠമായാണ് ഐസിസി ശുപാർശ നൽകിയത്. ഐ.സി.സിയുടെ റിപ്പോർട്ട് പരിഗണിക്കുമെന്ന് അറിയിച്ചെങ്കിലും അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയാകട്ടെ, നിരപരാധിത്വം തെളിയുന്നത് വരെ സ്വമേധയാ മാറിനിൽക്കുമെന്ന് അറിയിച്ചുളള വിജയ് ബാബുവിന്റെ കത്താണ് മുഖവിലക്ക് എടുത്തത്. വാർത്താക്കുറിപ്പിലും ഇക്കാര്യമാണ് അമ്മ അറിയിച്ചത്. തുടർന്നാണ് ആഭ്യന്തര പരാതി പരിഹാര സമിതിയിൽ നിന്നും മാലാ പാർവതി രാജിവെക്കുന്നത്.

വിജയ് ബാബു സ്വമേധയാ മാറി നിൽക്കുന്നു എന്ന് പറയുന്നത് സംഘടനയുടെ അച്ചടക്ക നടപടിയല്ലെന്നും അമ്മയുടെ വാർത്താക്കുറിപ്പ് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നുമായിരുന്നു മാലാ പാർവതി രാജിക്ക് ശേഷം പറഞ്ഞത്. പിന്നാലെ ശ്വേതാ മേനോൻ, കുക്കു പരമേശ്വരൻ എന്നിവരും രാജി പ്രഖ്യാപിക്കുകയായിരുന്നു. അതേസമയം അമ്മയുടെ ഭാരവാഹിത്വത്തിൽ നിന്നും രാജിവെക്കുന്നില്ലെന്ന് മൂന്നുപേരും അറിയിച്ചിട്ടുണ്ട്.

കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത കേസിൽ ദിലീപിന് അനുകൂലമായി നിലപാടുകൾ കൈക്കൊളളുന്നതിലും അതിജീവിതയെ പിന്തുണക്കാത്തതിലും പ്രതിഷേധിച്ച് അമ്മയിൽ നിന്ന് നേരത്തെ റിമ കല്ലിങ്കൽ, രമ്യാ നമ്പീശൻ, ഗീതു മോഹൻദാസ്, പാർവതി എന്നിങ്ങനെ നടിമാർ രാജിവെച്ചതിന് സമാനമായ അന്തരീക്ഷമാണ് ഇപ്പോഴും ഉണ്ടായിരിക്കുന്നത്. വരും ദിവസങ്ങളിൽ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് അടക്കം രാജിപ്രഖ്യാപനങ്ങൾ ഉണ്ടാകുമോ എന്നാണ് ഇനി അറിയാനുളളത്.

Tags:    

Writer - Sikesh

contributor

Editor - Sikesh

contributor

By - Web Desk

contributor

Similar News