പറുദീസയില്‍ നിന്നും ആശംസകള്‍; മക്കള്‍ക്കൊപ്പം അവധിക്കാലം ആഘോഷിക്കുന്ന ക്രിസ്റ്റ്യന്‍ ഒലിവര്‍, കണ്ണുനനച്ച് നടന്‍റെ അവസാന ഇന്‍സ്റ്റഗ്രാം പോസ്റ്റ്
വ്യാഴാഴ്ച കരീബിയിന്‍ ദ്വീപിന്‍റെ തീരത്താണ് അപകടമുണ്ടായത്. ടേക്ക് ഓഫിന് തൊട്ടുപിന്നാലെ വിമാനം കടലില്‍ തകര്‍ന്നുവീഴുകയായിരുന്നു
ലോസാഞ്ചലസ്: കുടുംബത്തിനൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് ഹോളിവുഡ് നടന്‍ ക്രിസ്റ്റ്യന്‍ ഒലിവറെയും രണ്ട് പെണ്‍മക്കളെയും മരണം കവര്‍ന്നെടുത്തത്. വ്യാഴാഴ്ച കരീബിയിന്‍ ദ്വീപിന്‍റെ തീരത്താണ് അപകടമുണ്ടായത്. ടേക്ക് ഓഫിന് തൊട്ടുപിന്നാലെ വിമാനം കടലില്‍ തകര്‍ന്നുവീഴുകയായിരുന്നു.
ക്രിസ്റ്റ്യന്‍ ഒലിവര്‍ മരണത്തിന് തൊട്ടുമുന്‍പ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റാണ് വേദനയാകുന്നത്. കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിന്‍റെ ചിത്രങ്ങള്‍ താരം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരുന്നു. കരീബിയന്‍ ദ്വീപില്‍ സായാഹ്നം ആസ്വദിക്കുന്നതിന്‍റെ ചിത്രമാണ് ഒലിവര്‍ അവസാനമായി പോസ്റ്റ് ചെയ്തത്. ഫോട്ടോയില്‍ നടന്‍റെ പെണ്‍മക്കളെയും കാണാം. ''പറുദീസയിൽ എവിടെ നിന്നോ ആശംസകൾ! സമൂഹത്തിലേക്കും സ്നേഹത്തിലേക്കും...2024 ഞങ്ങൾ വരുന്നു'' എന്നാണ് ഫോട്ടോ പങ്കുവച്ചുകൊണ്ട് അദ്ദേഹം കുറിച്ചത്.
പോസ്റ്റിന് താഴെ ഒലിവറിനും മക്കള്‍ക്കും ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടുള്ള കമന്‍റുകളാണ് നിറയുന്നത്. ഭര്‍ത്താവിന്‍റെയും പെണ്‍മക്കളുടെയും വിയോഗം അദ്ദേഹത്തിന്‍റെ ഭാര്യ എങ്ങനെ സഹിക്കുമെന്ന് ആരാധകര്‍ ആകുലപ്പെട്ടു. ''വിശ്വസിക്കാനാവുന്നില്ല.നിങ്ങളുടെ നിങ്ങളുടെ മക്കളുടെ അമ്മ അനുഭവിക്കുന്ന വേദന എനിക്ക് ഊഹിക്കാൻ പോലും കഴിയുന്നില്ല.അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു'' ഒരു ആരാധകന്‍ കുറിച്ചു.
കോബ്ര 11 സിരീസ് പരമ്പരയിലൂടെയാണ് ക്രിസ്റ്റ്യന്‍ പ്രശസ്തനാകുന്നത്. സബ്ജക്റ്റ് ടു, ദ ഗുഡ് ജർമ്മൻ, വാൽക്കറി, ദി ത്രീ മസ്കറ്റിയേഴ്സ്, ഹൗസ് ഓഫ് ഗുഡ് ആൻഡ് ഈവിൾ, ടൈംലെസ്, ഹണ്ടേഴ്സ് എന്നിവയാണ് ഒലിവറിന്‍റെ മറ്റ് ശ്രദ്ധേയമായ ചിത്രങ്ങള്‍.ജെസീക്ക മുറോസാണ് ഒലിവറിന്‍റെ ഭാര്യ. 2021ല്‍ ഇരുവരും വേര്‍പിരിഞ്ഞു. മുൻ ഭർത്താവിന്‍റെയും പെൺമക്കളുടെയും ദാരുണമരണത്തെക്കുറിച്ച് ജെസീക്ക ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഒരു സിംഗിൾ എഞ്ചിൻ വിമാനത്തിലെ യാത്രക്കാരായിരുന്നു ക്രിസ്റ്റ്യൻ ഒലിവറും പെൺമക്കളും. പ്രാദേശിക സമയം ഉച്ചയ്ക്ക് 12:10 ഓടെയാണ് സെൻ്റ് വിൻസെൻ്റിലെ ബെക്വിയ ദ്വീപ് വിമാനത്താവളത്തിൽ നിന്നും ഗ്രനേഡൈൻസിലേക്ക് വിമാനം പുറപ്പെട്ടതെന്നാണ് റോയൽ സെൻ്റ് വിൻസെൻ്റ് ആൻഡ് ഗ്രനേഡൈൻസ് പൊലീസ് ഫോഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്. സെൻ്റ് ലൂസിയയിലേക്കുള്ള യാത്രാമധ്യേ വിമാനം ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ വിമാനത്തിന് പ്രശ്നമുണ്ടാവുകയായിരുന്നുവെന്നും തുടർന്ന് വിമാനം കടലിൽ തകർന്നുവീഴുകയായിരുന്നു എന്നുമാണ് റിപ്പോർട്ടുകൾ