'പത്മശ്രീ തിരിച്ചുവാങ്ങി അറസ്റ്റു ചെയ്യണം'; കങ്കണയ്‌ക്കെതിരെ നടി കാമ്യ
"ഇത് ശുദ്ധ ഭോഷ്‌കാണ്. ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യം ഭിക്ഷയാണ് എന്നാണ് അവർ പറഞ്ഞത്."
മുംബൈ: 1947ൽ ഇന്ത്യക്ക് ലഭിച്ചത് സ്വാതന്ത്ര്യമല്ല, ഭിക്ഷയാണ് എന്ന പ്രസ്താവന നടത്തിയ ബോളിവുഡ് നടി കങ്കണ റണാവട്ടിനെതിരെ ഈയിടെ കോൺഗ്രസിൽ ചേർന്ന സീരിയൽ നടി കാമ്യ പഞ്ചാബി. കങ്കണയുടെ പത്മശ്രീ തിരിച്ചെടുത്ത് അറസ്റ്റു ചെയ്യണമെന്ന് കാമ്യ ആവശ്യപ്പെട്ടു. ദേശീയ വാർത്താ ചാനലായ ന്യൂസ് 24നോടായിരുന്നു അവരുടെ പ്രതികരണം.
സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കങ്കണയുടെ പ്രസ്താവനയോട് എങ്ങനെ പ്രതികരിക്കുന്നു എന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന്, നിങ്ങൾ എങ്ങനെ ഇതിനെ നോക്കിക്കാണുന്നു എന്ന് കാമ്യ തിരിച്ചു ചോദിച്ചു. 'എന്റെ രക്തം തിളച്ചു, നിങ്ങളുടേതും. ഇത് ശുദ്ധ ഭോഷ്‌കാണ്. ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യം ഭിക്ഷയാണ് എന്നാണ് അവർ പറഞ്ഞത്. അവർക്കെതിരെ കേസ് കൊടുത്തിട്ടുണ്ട്. അവരുടെ പത്മ പുരസ്‌കാരങ്ങൾ തിരിച്ചെടുത്ത് അറസ്റ്റു ചെയ്യണം. മാപ്പു പറയുകയും വേണം. ദേശത്തിന്റെ വീരജവാന്മാരെ അപമാനിക്കുന്ന പ്രസ്താവനയാണ് അവർ നടത്തിയത്. യഥാർത്ഥ ഭാരതീയർ അവർക്കെതിരെ സംസാരിക്കും. ഞങ്ങൾ പൊരുതും.' - അവർ വ്യക്തമാക്കി.
Congress's One Kamya Is Enough For Kangana ..@iamkamyapunjabi pic.twitter.com/Gx8xjG6lTz
— Niraj Bhatia (@bhatia_niraj23) November 13, 2021
കഴിഞ്ഞ മാസം 28നാണ് പ്രമുഖ സീരിയൽ ടിവി നടിയായ കാമ്യ പഞ്ചാബി കോൺഗ്രസിൽ ചേർന്നത്. ദാദർ വെസ്റ്റിലെ പാർട്ടി ആസ്ഥാനത്തു വച്ച് സംസ്ഥാന അധ്യക്ഷൻ ഭായ് ജഗ്തപിൽ നിന്നാണ് നടി പ്രാഥമികാംഗത്വം സ്വീകരിച്ചത്.
കങ്കണ പറഞ്ഞത്
നരേന്ദ്രമോദി അധികാരത്തിലെത്തിയ 2014ലാണ് ഇന്ത്യയ്ക്ക് ശരിയായ സ്വാതന്ത്ര്യം ലഭിച്ചതെന്നാണ് നടി കങ്കണ റണാവട്ട് പറഞ്ഞിരുന്നത്. സ്വാതന്ത്ര്യത്തിൻറെ എഴുപത്തിയഞ്ചാം വാർഷികത്തിൽ ടൈംസ് നൗ സംഘടിപ്പിച്ച സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അവർ. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
'1947ൽ ഇന്ത്യക്ക് ലഭിച്ചത് സ്വാതന്ത്ര്യമായിരുന്നില്ല. ഭിക്ഷയായിരുന്നു. രാജ്യത്തിന് യഥാർത്ഥത്തിൽ സ്വാതന്ത്ര്യം കിട്ടിയത് 2014ലാണ്' - എന്നാണ് കങ്കണ പറഞ്ഞത്. ടൈംസ് നെറ്റ്വർക്ക് ഗ്രൂപ്പ് എഡിറ്റർ നവിക കുമാറായിരുന്നു പരിപാടിയുടെ അവതാരക.
'കോൺഗ്രസ് അധികാരത്തിലിരിക്കുമ്പോൾ എനിക്ക് രണ്ട് ദേശീയ പുരസ്‌കാരങ്ങൾ കിട്ടിയിട്ടുണ്ട്. എന്നാൽ ദേശീയതയെ കുറിച്ചും സൈന്യത്തെ കുറിച്ചും സംസ്‌കാരത്തെ കുറിച്ചും പറയുമ്പോൾ ഞാൻ ബിജെപിയുടെ അജണ്ടയ്ക്ക് അനുസരിച്ച് പ്രവർത്തിക്കുകയാണ് എന്നാണ് ആരോപണം. ഇതെങ്ങനെയാണ് ബിജെപിയുടെ അജണ്ടയാകുന്നത്. ഇത് രാജ്യത്തിന്റെ അജണ്ടയാണ്. എനിക്കു വേണ്ടി ആരും സംസാരിക്കുന്നില്ലെങ്കിൽ ഞാൻ തന്നെ സംസാരിക്കും.'- അവർ വ്യക്തമാക്കി.
പരാമർശം വിവാദമായതിന് പിന്നാലെ, പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായി കങ്കണ വ്യക്തമാക്കിയിരുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറീസിലായിരുന്നു നടിയുടെ പ്രതികരണം. 'ആ അഭിമുഖത്തിൽ എല്ലാ കാര്യവും വ്യക്തമായി പറഞ്ഞിട്ടുണ്ട്. 1857ലേതായിരുന്നു (ബ്രിട്ടീഷുകാർക്കെതിരെ) ആദ്യത്തെ സ്വാതന്ത്ര്യസമരം. അതോടു കൂടെ സുഭാഷ് ചന്ദ്രബോസ്, റാണി ലക്ഷ്മി ഭായ്, വീർ സവർക്കർജി തുടങ്ങിയവരുടെ സമർപ്പണങ്ങൾ. 1947ൽ ഏതു യുദ്ധം നടന്നു എന്നെനിക്കറിയില്ല. 1857ലേത് അറിയാം. ആരെങ്കിലും അതേക്കുറിച്ച് പറഞ്ഞുതരുമെങ്കിൽ എന്റെ പത്മ പുരസ്‌കാരങ്ങൾ തിരിച്ചു നൽകാം. മാപ്പും പറയാം. ദയവായി എന്നെയിതിൽ സഹായിക്കൂ' - നടി കുറിച്ചു.
Summary: Kamya Punjabi, a serial actress who recently joined the Congress, has come out against Bollywood actress Kangana Ranaut for saying that what India got in 1947 was not freedom but begging. Kamya demanded that Kangana's Padma Shri be recovered and arrested. Their response was to the national news channel News24.