ഈ കഥ മലയാളികളെ ഉദ്ദേശിച്ചല്ല, ഭാവിയിൽ ചരിത്രം തിരയുന്ന സെർച്ച് എഞ്ചിനുകളിൽ ഈ കഥ നമ്മുടെ ചരിത്രമായി മാറിയേക്കും: മാല പാര്‍വതി
'ഇരുട്ട് നിറയുന്നുണ്ട്. ഭയവും'
കേരള സ്റ്റോറി സിനിമയ്ക്കെതിരെ വിര്‍ശനവുമായി നടി മാല പാര്‍വതി. ഈ കഥ അവർ മെനയുന്നത്, മലയാളികളെ ഉദ്ദേശിച്ചല്ല. ഈ കാലഘട്ടത്തിന് വേണ്ടിയുമല്ല. വരും തലമുറയ്ക്ക് വേണ്ടിയാണ്. ഭാവിയിൽ ചരിത്രമെന്തെന്ന് തിരയുന്ന സെർച്ച് എൻജിനുകളിൽ ഈ കഥ നമ്മുടെ ചരിത്രമായി മാറിയേക്കുമെന്ന് മാല പാര്‍വതി ഫേസ് ബുക്കില്‍ കുറിച്ചു.
കേരള സ്റ്റോറി പറയാൻ നമ്മുടെ ഇടയിൽ ആൾക്കാരുണ്ട്. ഈ മണ്ണിന്‍റെ പ്രത്യേകതയും മനുഷ്യരുടെ സൗഹാർദത്തിന്‍റെ സത്യവും തിരിച്ചറിയുന്നവർ. വെറുപ്പിന്‍റെ രാഷ്ട്രീയം ഈ മണ്ണിൽ വളരാൻ അനുവദിക്കാതെ കാവൽ നിൽക്കുന്നവർ ഇന്നുമുണ്ട്. പക്ഷേ നാളെ കേരളം ഒരു തീവ്രവാദ സംസ്ഥാനമാണെന്ന് മുദ്ര കുത്തിയാൽ, കലാപം നടന്നാൽ, പട്ടാളമിറങ്ങിയാൽ സ്വാഭാവികം എന്ന് മലയാളികൾ അല്ലാത്തവർ കരുതും. മാവോയിസ്റ്റ്, ആസ്സാം, മണിപ്പൂർ എന്നൊക്കെ കേൾക്കുന്ന പോലെ നമ്മുടെ പ്രശ്നങ്ങൾ വാർത്തയല്ലാതെയാകുമെന്നും മാല പാര്‍വതി ഫേസ് ബുക്കില്‍ കുറിച്ചു.
മാല പാര്‍വതിയുടെ കുറിപ്പ്
"കേരള സ്‌റ്റോറി " എന്ന കഥ അവർ മെനയുന്നത്, മലയാളികളെ ഉദ്ദേശിച്ചല്ല. ഈ കാലഘട്ടത്തിന് വേണ്ടിയുമല്ല.
വരും തലമുറയ്ക്ക് വേണ്ടിയാണ്. അവർ ചരിത്രത്തെ നിർമിക്കുകയാണ്. കമേഴ്സ്യൽ സിനിമയുണ്ടാക്കുന്ന പൊതുബോധം മതി അവർക്ക്. ഭാവിയിൽ ചരിത്രമെന്തെന്ന് തിരയുന്ന സെർച്ച് എൻജിനുകളിൽ, ഈ കഥ നമ്മുടെ ചരിത്രമായി മാറിയേക്കും.
ബാൻ നമ്മുടെ വഴിയല്ല, പക്ഷേ ഈ പേര് മാറ്റാൻ നമുക്ക് പറയാവുന്നതാണ്. കേരള സ്റ്റോറി പറയാൻ നമ്മുടെ ഇടയിൽ ആൾക്കാരുണ്ട്. ഈ മണ്ണിന്‍റെ പ്രത്യേകതയും മനുഷ്യരുടെ സൗഹാർദ്ദത്തിന്‍റെ സത്യവും തിരിച്ചറിയുന്നവർ.
ജാതിയും മതവും ആ പ്രത്യേകതകളും. ഈ മണ്ണിന്‍റെ, നമ്മുടെ സ്വത്വത്തിന്‍റെ സവിശേഷതകളായി കാണുന്നവർ.
വെറുപ്പിന്‍റെ രാഷ്ട്രീയം ഈ മണ്ണിൽ വളരാൻ അനുവദിക്കാതെ.. കാവൽ നിൽക്കുന്നവർ ഇന്നും ഉണ്ട് മണ്ണിൽ. വിഭജിക്കാനുള്ള ശ്രമം പൂർണ്ണമായും ഫലവത്തായിട്ടില്ല, ആവുകയുമില്ല ഞങ്ങളുടെ ഇടയിൽ!
പക്ഷേ ഉദ്ദേശവും, ലക്ഷ്യവും വേറെയാണല്ലോ. ഇരുട്ട് നിറയുന്നുണ്ട്. ഭയവും! കാരണം നാളെ ഒരു സമയം, കേരളം ഒരു തീവ്രവാദ സംസ്ഥാനമാണെന്ന് മുദ്ര കുത്തിയാൽ, കലാപം നടന്നാൽ, പട്ടാളമിറങ്ങിയാൽ സ്വാഭാവികം എന്ന് മലയാളികൾ അല്ലാത്തവർ കരുതും. മാവോയിസ്റ്റ്, ആസ്സാം, മണിപ്പൂർ എന്നൊക്കെ കേൾക്കുന്ന പോലെ. നമുടെ പ്രശ്നങ്ങൾ വാർത്ത അല്ലാതെയും ആകും.