കണ്ണൂരിൽ മുസ്‌ലിം ഭർത്താക്കന്മാർ മരണം വരെ പുതിയാപ്ലയാണ്: നിഖില
"കോളജിൽ പഠിക്കുമ്പോഴാണ് മുസ്‌ലിം കുട്ടികളുടെ കല്യാണത്തിന് പോയിത്തുടങ്ങിയത്."
കണ്ണൂരിലെ മുസ്‌ലിം വിവാഹങ്ങളെ കുറിച്ച് നടി നിഖില വിമൽ പറഞ്ഞ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഇർഷാദ് പരാരി സംവിധാനം ചെയ്യുന്ന അയൽവാശി എന്ന സിനിമയുമായി ബന്ധപ്പെട്ട പ്രൊമോഷൻ അഭിമുഖത്തിലാണ് മുസ്ലിം വിവാഹങ്ങളെ കുറിച്ചുള്ള ഓര്‍മകള്‍ നടി പങ്കുവച്ചത്. കോളജ് കാലഘട്ടം മുതലാണ് മുസ്‌ലിം വിവാഹങ്ങൾക്ക് പോയിത്തുടങ്ങിയത് എന്നു പറയുന്ന നിഖില കണ്ണൂരിൽ ഭർത്താക്കന്മാർ മരണം വരെ പുതിയാപ്ലയായിരിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.
'തലേദിവസത്തെ ചോറും മീൻകറിയും ഒക്കെയാണ് നാട്ടിലെ കല്യാണത്തെ കുറിച്ച് പറയുമ്പോള്‍ ഓർമയിൽ വരിക. കോളജിൽ പഠിക്കുമ്പോഴാണ് (കണ്ണൂരിൽ) മുസ്‌ലിം കുട്ടികളുടെ കല്യാണത്തിന് പോയിത്തുടങ്ങിയത്. സ്ത്രീകളൊക്കെ അവിടെ അടുക്കള ഭാഗത്തിരുന്നേ ഭക്ഷണം കഴിക്കാൻ പാടുള്ളൂ. മുമ്പിലാണ് ആണുങ്ങൾക്കൊക്കെ ഉള്ള ഭക്ഷണം. ഇപ്പോഴും അതിന് വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ല. കല്യാണം കഴിച്ചിട്ട് ആണുങ്ങൾ പെണ്ണുങ്ങളുടെ വീട്ടിലാണ് താമസിക്കുക. അവരെ പുതിയാപ്ല എന്നാണ് പറയുന്നത്. അവര് മരിക്കുന്നതു വരെ പുതിയാപ്ലയാണ്. അവർ എപ്പോൾ വന്നുകഴിഞ്ഞാലും ഭയങ്കരമായി സൽക്കരിക്കണം. അവർക്കുള്ള ട്രീറ്റ് കൊടുക്കണം. വയസ്സായി മരിച്ചാലും പുതിയാപ്ല മരിച്ചു എന്നാണ് പറയുക.' - നടി പറഞ്ഞു.
ഇർഷാദ് പരാരി സംവിധാനം ചെയ്യുന്ന ചിത്രമായ അയൽവാശി ഏപ്രിൽ 21നാണ് തിയേറ്ററുകളിലെത്തുന്നത്. സൗബിൻ ഷാഹിറാണ് നായകൻ. നിഖിലയ്ക്ക് പുറമേ, ലിജോ മോൾ, ബിനു പപ്പു, നസ്‌ലിൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നു. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസ് ആണ് നിർമാണം.