അച്ഛന്റെ മൃതദേഹം ദഹിപ്പിച്ചത് ഞാനാണ്, ഒരുപാട് പേരെ വിളിച്ചു, വന്നില്ല: നിഖില വിമൽ

"അമ്മ പറയുമായിരുന്നു എന്ത് വന്നാലും കുടുംബം കൂടെക്കാണുമെന്ന്, പക്ഷേ ആരുമുണ്ടാവില്ലെന്ന് മനസ്സിലായത് ആ സമയത്താണ്"

Update: 2023-08-07 14:09 GMT
Advertising

അച്ഛന്റെ സംസ്‌കാരച്ചടങ്ങുകൾ തനിച്ചു ചെയ്യേണ്ടി വന്ന സാഹചര്യം തുറന്നു പറഞ്ഞ് നിഖില വിമൽ. ഒരുപാട് പേരെ സഹായത്തിനായി വിളിച്ചെങ്കിലും കോവിഡ് സമയമായിരുന്നതിനാൽ ആരും വന്നില്ലെന്നും പാർട്ടിയിലെ കുറച്ചു പേരല്ലാതെ സംസ്‌കാരച്ചടങ്ങുകൾ ചെയ്യാൻ ആരുമുണ്ടായില്ലെന്നും നിഖില പറഞ്ഞു. ധന്യാ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടി പേഴ്‌സണൽ കാര്യങ്ങളെ കുറിച്ച് മനസ്സു തുറന്നത്.

"അച്ഛൻ മരിക്കുമ്പോൾ ഞാൻ മാത്രമേ കൂടെയുള്ളൂ. ചേച്ചിക്കും അമ്മയ്ക്കും കോവിഡ് വന്ന സമയമായിരുന്നു അത്. ന്യൂമോണിയ ബാധിച്ച് ഇൻഫെക്ഷൻ ആയാണ് അച്ഛന്റെ മരണം. അച്ഛന്റെ മൃതദേഹം കൊണ്ടുവന്ന അതേ ആംബുലൻസിലാണ് ചേച്ചിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്തു ചെയ്യണം എന്നറിയാത്ത അവസ്ഥ. അതുവരെ വീട്ടിലെ ആശുപത്രിക്കാര്യങ്ങൾക്ക് പണം ചെലവഴിക്കും എന്നല്ലാതെ ആരുടെയും കൂടെ ആശുപത്രിയിൽ നിന്നു പോലും പരിചയമില്ല. ആ സമയത്തൊക്കെ ഒരുപാട് പേരെ സഹായത്തിന് വിളിച്ചു. പക്ഷേ ആരും വന്നില്ല. കോവിഡ് ആയതുകൊണ്ട് പേടിയായിരുന്നു എല്ലാവർക്കും.

അച്ഛന്റെ മൃതദേഹമടക്കം ഞാനും പാർട്ടിയിലെ കുറച്ച് ചേട്ടന്മാരും കൂടിയാണ് എടുത്തത്. അഞ്ച് ദിവസത്തിന് ശേഷം അസ്ഥിയെടുക്കാനും ഞാൻ തന്നെ പോയി. അമ്മ പറയുമായിരുന്നു എന്ത് വന്നാലും കുടുംബം കൂടെക്കാണുമെന്ന്, പക്ഷേ ആരുമുണ്ടാവില്ലെന്ന് മനസ്സിലായത് ആ സമയത്താണ്. അതിൽ പിന്നെ ഒരു കാര്യത്തിനും ആരുടെയും അനുവാദത്തിന് കാത്തു നിന്നിട്ടില്ല. എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്തു.

അച്ഛന്റെ മരണം എന്നെക്കാൾ കൂടുതൽ ബാധിച്ചത് ചേച്ചിയെയാണ്. അവൾക്കാണ് അച്ഛനുമായിട്ടുള്ള ഓർമകൾ കൂടുതലുള്ളത്. എനിക്ക് അറിവാകുന്നതിന് മുമ്പ് തന്നെ അച്ഛന് വയ്യാതായിരുന്നു. പതിനഞ്ച് വർഷത്തോളം അച്ഛനെ നോക്കേണ്ടി വന്നു. എങ്കിലും അമ്മയ്ക്ക് കൂട്ടായിരുന്നു അച്ഛൻ. അതുകൊണ്ടു തന്നെ അമ്മയാണ് അച്ഛനെ ഏറ്റവുമധികം മിസ്സ് ചെയ്യുന്നതും. ഇപ്പോഴും ഒറ്റയ്ക്കാണെന്നൊക്കെ അമ്മ പറയും. പക്ഷേ ഒറ്റയ്ക്ക് നിൽക്കാൻ അമ്മയെ പ്രാപ്തയാക്കുകയാണ് ഞങ്ങൾ.

ഓർമക്കുറവുണ്ടായിരുന്നതിനാൽ പല കാര്യത്തിനും കുട്ടികളെ പോലെ വാശി പിടിക്കുമായിരുന്നു അച്ഛൻ. മധുരം കഴിക്കാൻ ഓരോ കാരണങ്ങളൊക്കെ കണ്ടു പിടിച്ച് കൊണ്ടു വരും. പഴം വലിയ ഇഷ്ടമായിരുന്നു. അതുകൊണ്ട് തന്നെ മരിച്ച് കഴിഞ്ഞ് കർമം ചെയ്തപ്പോൾ പഴം, പായസം, ഉന്നക്കായ് തുടങ്ങിയ സാധനങ്ങളാണ് അച്ഛനു വേണ്ടി വച്ചത്.

അച്ഛൻ മരിച്ച് പതിനാലാം ദിവസം മധുരത്തിന്റെ ഷൂട്ടിന് പോയി. ഒരു തരത്തിൽ പറഞ്ഞാൽ സങ്കടങ്ങളിൽ നിന്നെല്ലാമുള്ള ഡിസ്ട്രാക്ഷൻ ആയിരുന്നു അതെങ്കിലും വല്ലാത്ത മാനസികാവസ്ഥയിലൂടെയാണ് കടന്നു പോയത്". നിഖില പറഞ്ഞു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News