വീട്ടില്‍നിന്ന് 41,000 രൂപ മോഷ്ടിച്ചു; ജോലിക്കാരിക്കു മാപ്പുനൽകി ശോഭന
ദാരിദ്ര്യം കാരണമാണ് പണം മോഷ്ടിച്ചതെന്ന് വിജയ പൊലീസിനോട് പറഞ്ഞു
ചെന്നൈ: വീട്ടിൽനിന്ന് മോഷണം നടത്തിയ സംഭവത്തിൽ വീട്ടുജോലിക്കാരിക്കു മാപ്പുനൽകി നടി ശോഭന. വീട്ടുജോലിക്കാരിയായിരുന്ന കടലൂർ സ്വദേശി വിജയ 41,000 രൂപ മോഷണം നടത്തിയ സംഭവത്തിലാണ് നടിയുടെ നടപടി. സംഭവത്തിൽ അന്വേഷണമോ മറ്റു നടപടികളോ വേണ്ടെന്ന് പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ശോഭന.
ചെന്നൈയിലെ തേനംപേട്ടിൽ ശ്രീനിവാസ റോഡിലുള്ള ശോഭനയുടെ വീട്ടിലാണ് മോഷണം നടന്നത്. അമ്മ ആനന്ദത്തെ പരിചരിക്കുന്ന ജോലിയാണ് വിജയയെ ഏൽപിച്ചിരുന്നത്. ഇതിനിടയിലാണ് അമ്മയുടെ പണം പലപ്പോഴായി മോഷണം പോയത് ശ്രദ്ധയിൽപെട്ടത്.
ഇതോടെ നടി തേനംപേട്ട് പൊലീസിൽ പരാതി നൽകി. വീട്ടുജോലിക്കാരിയെ സംശയിക്കുന്നതായും പൊലീസിൽ അറിയിച്ചിരുന്നു. തുടർന്ന് ഇവിടെ പൊലീസെത്തി ചോദ്യംചെയ്തപ്പോൾ വിജയ കുറ്റം സമ്മതിക്കുകയായിരുന്നു. മാർച്ചിനും ജൂണിനും ഇടയിലാണ് മോഷണം നടന്നത്. ഈ പണം ശോഭനയുടെ വീട്ടിലെ ഡ്രൈവറായ മുരുഗനു നൽകുകയും മകളുടെ അക്കൗണ്ടിലേക്ക് ആ തുക ട്രാൻസ്ഫർ ചെയ്യിക്കുകയുമായിരുന്നു.
ദാരിദ്ര്യം കാരണമാണ് മോഷ്ടിച്ചതെന്നാണ് വിജയ പൊലീസിനോട് വെളിപ്പെടുത്തിയത്. തുടർന്ന് ശോഭന പരാതി പിൻവലിക്കുകയും മാപ്പുനൽകുകയും ചെയ്തു. ഇവരെ വീട്ടിൽ തന്നെ ജോലിയിൽ തുടരാൻ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.
Summary: Actress Shobana forgives housekeeper, reinstates after Rs 41,000 theft