നടി സ്വര ഭാസ്കറും എസ്.പി നേതാവ് ഫഹദ് അഹ്മദും വിവാഹിതരായി
ജനുവരി ആറിന് നടന്ന സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹത്തിന്റെ ചിത്രങ്ങളടങ്ങിയ വീഡിയോ സ്വര പങ്കുവെച്ചതോടെയാണ് വിവരം സ്ഥിരീകരിച്ചത്
സ്വതന്ത്ര നിലപാടുകളിലൂടെ ശ്രദ്ധേയയായ ബോളിവുഡ് നടി സ്വര ഭാസ്കറും സമാജ്വാദി പാർട്ടി യുവനേതാവ് ഫഹദ് അഹ്മദും വിവാഹിതരായി. ജനുവരി ആറിന് നടന്ന സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹത്തിന്റെ ചിത്രങ്ങളടങ്ങിയ വീഡിയോ സ്വര പങ്കുവെച്ചതോടെയാണ് വിവരം സ്ഥിരീകരിച്ചത്.
'ചിലപ്പോൾ നിങ്ങളുടെ തൊട്ടടുത്തുള്ള ചിലത് നിങ്ങൾ വിദൂരതയിൽ തിരഞ്ഞുകൊണ്ടിരിക്കും. ഞങ്ങൾ പ്രണയത്തിനായി തിരയുകയായിരുന്നു, പക്ഷേ ഞങ്ങൾ ആദ്യം കണ്ടെത്തിയത് സൗഹൃദമാണ്. എന്നിട്ട് ഞങ്ങൾ പരസ്പരം അടുത്തറിഞ്ഞു. എന്റെ ഹൃദയത്തിലേക്ക് സ്വാഗതം @ഫഹദ് സിരാർ അഹ്മദ്. ഇത് അരാജകമാണ്, പക്ഷേ ഇത് നിങ്ങളുടേതാണ്!' വീഡിയോക്കൊപ്പം സ്വര ട്വിറ്ററിൽ കുറിച്ചു. ഫഹദിന്റെ ഔദ്യോഗിക അക്കൗണ്ട് മെൻഷൻ ചെയ്തായിരുന്നു കുറിപ്പ്.
ഈ ട്വീറ്റ് ഫഹദ് അഹ്മദും പങ്കുവെച്ചു. 'അരാജകമായ കാര്യങ്ങൾ ഇത്ര മനോഹരമാകുമെന്ന് ഞാൻ ഒരിക്കലും അറിഞ്ഞിരുന്നില്ല. എന്റെ പ്രേമത്തിന്റെ കൈ ചേർത്തുപിടിച്ചതിന് നന്ദി' ഫഹദ് ട്വീറ്റ് ചെയ്തു.
കഴിഞ്ഞ മാസം സ്വര ഭാസ്കർ 'പ്രണയ'ത്തെക്കുറിച്ചുള്ള നിഗൂഢ പോസ്റ്റ് ഷെയർ ചെയ്തിരുന്നു. ഒരു പുരുഷന്റെ കൈകളിൽ തല ചായ്ച്ചുകിടക്കുന്ന ചിത്രമാണ് അവർ പങ്കുവെച്ചത്. ഫോട്ടോയിൽ അവരുടെ മുഖം കണ്ടിരുന്നില്ല. ഇൻസ്റ്റഗ്രാമിൽ ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ട് സ്വര എഴുതി 'ഇത് പ്രണയമായിരിക്കാം...' പോസ്റ്റ് അഭിനേതാവും സുഹൃത്തുമായ സോനം കപൂറടക്കം നിരവധി താരങ്ങൾ ലൈക്ക് ചെയ്തിരുന്നു. ഫോട്ടോയിലെയാൾ സ്വരയുടെ കാമുകനാണോയെന്ന് പലരും ചോദിച്ചു. കാമുകൻ ഫഹദായിരുന്നുവതെന്ന് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.
എഴുത്തുകാരൻ ഹിമാൻഷു ശർമ്മയുമായി സ്വര ഡേറ്റിംഗിലാണെന്ന് നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ 2019ൽ അവർ വേർപിരിഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. പൂജ ചോപ്ര, മെഹർ വിജ്, ശിഖ തൽസാനിയ എന്നിവരോടൊപ്പം ജഹാൻ ചാർ യാർ എന്ന ചിത്രത്തിലാണ് സ്വര അവസാനമായി അഭിനയിച്ചത്. ചിത്രം 2022 സെപ്റ്റംബർ 16 നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്.
ദുരൂഹ കൊലപാതകത്തിന്റെ കഥ പറയുന്ന 'മീമാംസ'യിലാണ് അവർ അടുത്തതായി അഭിനയിക്കുന്നത്. 'മിസിസ് ഫലാനി' എന്ന സ്ത്രീ കേന്ദ്രീകൃത സിനിമയും വരാനുണ്ട്. രാഷ്ട്രീയ പ്രവർത്തകനായ ഫഹദ് അഹ്മദ് 2022 ആഗസ്യിലാണ് സമാജ്വാദി പാർട്ടിയിൽ ചേർന്നത്. ഇപ്പോൾ പാർട്ടിയുടെ യുവജന വിഭാഗമായ സമാജ്വാദി യുവജനസഭയിൽ സംസ്ഥാന പ്രസിഡന്റാണ്.
Actress Swara Bhaskar and SP leader Fahad Ahmed got married