'കഥ മുഴുവൻ പറഞ്ഞ ശേഷം അഡ്ജസ്റ്റ് ചെയ്യാമോ എന്നു ചോദിക്കും'; മലയാളത്തിലും കാസ്റ്റിങ് കൗച്ച് ഉണ്ടെന്ന് നടി വരദ
''എല്ലാം തുറന്നുപറയുന്നയാളാണ് ഞാൻ. ഒരുപാട് പ്രശ്‌നങ്ങൾ അതുമൂലമുണ്ടായിട്ടുണ്ട്. ചിലപ്പോൾ നേരത്തെ പറഞ്ഞുറപ്പിച്ച സീരിയലുകൾ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്.''
മുംബൈ: മലയാള സിനിമാരംഗത്ത് 'കാസ്റ്റിങ് കൗച്ച്'(അവസരങ്ങൾക്കു വേണ്ടി ലൈംഗിക ആവശ്യങ്ങൾക്കു വഴങ്ങൽ) നടക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി നടി വരദ. കരിയറിൻരെ തുടക്കത്തിൽ ഒരുപാട് മോശം അനുഭവങ്ങൾ നേരിട്ടിട്ടുണ്ടെന്ന് നടി വെളിപ്പെടുത്തി. സീരിയൽ മേഖലയിൽ രാഷ്ട്രീയമാണെന്നും അവർ കുറ്റപ്പെടുത്തി.
തുടക്കത്തിൽ എനിക്ക് ഒരുപാട് മോശം അനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന് 'മഹിളാരത്‌നം' മാസികയ്ക്കു നൽകിയ അഭിമുഖത്തിൽ വരദ പറഞ്ഞു. സീരിയൽ മേഖലയിൽനിന്ന് ഒരിക്കലും മോശം ഫോൺകോൾ ലഭിച്ചിട്ടില്ല. സിനിമയിൽ അഭിനയം തുടങ്ങിയ കാലത്ത് ഒരുപാട് അവസരങ്ങൾ വന്നിരുന്നു. കാസ്റ്റിങ്ങിനാണെന്ന് പറഞ്ഞു വിളിക്കും. കഥ മുഴുവൻ പറഞ്ഞ ശേഷം 'അഡ്ജസ്റ്റ്' ചെയ്യാ എന്നായിരിക്കും ചോദ്യം. നിരന്തരം ഇത്തരം കോളുകൾ വരാറുണ്ടായിരുന്നു. വലിയ തലവേദനയായിരുന്നു ഇതെന്നും നടി പറഞ്ഞു.
''പിന്നീട് വിളി വരുമ്പോൾ 'അഡ്ജസ്റ്റ്' ചെയ്യാനാണെങ്കിൽ താൽപര്യമില്ലെന്ന് ആദ്യം തന്നെ അറിയിക്കും. അതോടെ ഒരുപാട് ഓഫറുകൾ എനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. ഇത്തരം മോശം അനുഭവങ്ങൾ കാരണം സിനിമയിൽ അഭിനയിക്കേണ്ടെന്നു വരെ തീരുമാനിച്ചിരുന്നു.''
സീരിയിൽ രംഗത്ത് രാഷ്ട്രീയമുണ്ടെന്നും വരദ പറഞ്ഞു ഇതു പറയുന്നതുകൊണ്ട് അവസരങ്ങൾ കുറയാനിടയുണ്ട്. എന്നാൽ, മറ്റു ജോലിസ്ഥലങ്ങളിലുള്ളതു പോലുള്ള പ്രശ്‌നങ്ങൾ സീരിയൽ മേഖലയിലുമുണ്ട്. ഞാനൊരിക്കലും ഒരാളുടെയും പ്രിയപ്പെട്ട ആളായിരുന്നില്ല. എല്ലാവരും തുല്യരായിരുന്നു. അതുകൊണ്ടാണ് അഹങ്കാരിയാണെന്ന് ഇൻഡസ്ട്രിയിൽ എനിക്കു വിളിപ്പേര് വന്നതെന്നും അവർ പറഞ്ഞു.
എല്ലാം തുറന്നുപറയുന്നയാളാണ് ഞാൻ. ഒരുപാട് പ്രശ്‌നങ്ങൾ അതുമൂലമുണ്ടായിട്ടുണ്ട്. ചിലപ്പോൾ നേരത്തെ പറഞ്ഞുറപ്പിച്ച സീരിയലുകൾ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതൊന്നും സംഭവമാക്കി പറയേണ്ടതില്ല. ഇത്തരം സംഭവങ്ങൾ സിനിമാ, സീരിയൽ രംഗങ്ങളിൽ സാധാരണമാണെന്നും വരദ കൂട്ടിച്ചേർത്തു.
Summary: Actress Varada opens up about casting couch in Malayalam film Industry