'സെലിബ്രിറ്റികളുടെ കുറ്റം തിരയാതെ നിങ്ങളുടെ യഥാര്‍ത്ഥ ജോലി ചെയ്യൂ': വ്യാജ വാര്‍ത്തയോട് വരലക്ഷ്മി ശരത്കുമാര്‍
ലഹരി ഇടപാടുമായി ബന്ധപ്പെട്ട് നടിയുടെ മുന്‍ മാനേജറെ കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്തിരുന്നു ഇതിന് പിന്നാലെയാണ് വ്യാജ വാര്‍ത്ത പ്രചരിച്ചത്
എന്‍.ഐ.എ അറസ്റ്റ് സംബന്ധിച്ച് തനിക്കെതിരെ വീണ്ടും ഉയരുന്ന വ്യാജ വാര്‍ത്തകളോട് പ്രതികരിച്ച് തമിഴ് നടി വരലക്ഷ്മി ശരത്കുമാര്‍. ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് നടിയുടെ മുന്‍ മാനേജര്‍ ആദിലിങ്കത്തെ കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്തിരുന്നു ഇതിന് പിന്നാലെയാണ് നടിക്കെതിരെ എന്‍ഐഎ അറസ്റ്റ് ചെയ്തു എന്ന വ്യാജ വാര്‍ത്ത പ്രചരിച്ചത്. ഇത് വ്യാജമാണെന്ന് അന്ന് തന്നെ വരലക്ഷ്മി പറഞ്ഞിരുന്നു. വീണ്ടും ഈ വാര്‍ത്ത ചില സൈറ്റുകള്‍ പ്രചരിപ്പിച്ചതാണ് നടിയെ പ്രകോപിപ്പിച്ചത്.
പഴയ വ്യാജവാര്‍ത്തകള്‍ക്ക് പുറകെ പോകാതെ നല്ല മാധ്യമപ്രവര്‍ത്തനം ചെയ്യൂവെന്നും മാധ്യമപ്രവര്‍ത്തരുടെ ശ്രദ്ധ ആവശ്യമുള്ള 1000ത്തോളം ഗുരുതരമായ പ്രശ്നങ്ങളുണ്ട് അതില്‍ ശ്രദ്ധകേന്ദ്രീകരിക്കൂവെന്നും നടി പറഞ്ഞു. എക്‌സില്‍ പങ്കുവച്ച കുറിപ്പിലായിരുന്നു നടിയുടെ പ്രതികരണം.
സെലിബ്രിറ്റികളുടെ കുറ്റവും കുറവും കണ്ടെത്തുന്നതിന് പകരം നിങ്ങളുടെ യഥാര്‍ത്ഥ ജോലി ചെയ്യൂവെന്നും ഞങ്ങള്‍ അഭിനേതാക്കളുടെ ജോലി അഭിനയമാണ് ഞങ്ങള്‍ ആ ജോലി ചെയ്യാനാണ് ശ്രമിക്കുന്നത്. അടിസ്ഥാനമില്ലാത്ത വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്. മാനനഷ്ടക്കേസുകള്‍ ഇപ്പോള്‍ ട്രെന്റിംഗാണ് അഭിമാനമുയര്‍ത്തുന്ന മാധ്യമപ്രവര്‍ത്തനത്തെ തിരികെ കൊണ്ടുവരണമെന്നും വരലക്ഷ്മി പറഞ്ഞു.
നടിയുടെ മുന്‍ മാനേജരില്‍ നിന്നും 300കി.ഗ്രാം ഹെറോയിനും എകെ47 തോക്കും പിടികൂടിയിരുന്നു. പിടിക്കപ്പെട്ടയാള്‍ തന്റെ ഫ്രീലാന്‍സ് മാനേജരായിരുന്നുവെന്നും എന്‍ഐഎ അറസ്റ്റ് ചെയ്തു എന്ന വാര്‍ത്ത തന്നെ അമ്പരപ്പെടുത്തിയെന്നും വരലക്ഷ്മി പറഞ്ഞിരുന്നു.