രണ്ടുവർഷത്തെ കാത്തിരിപ്പ്; ഷാർജ അൽഹംറ സിനിമയിൽ പ്രദർശനം പുനരാരംഭിക്കുന്നു
40 വർഷം പഴക്കമുള്ള സിനിമാശാലയാണ് ഷാർജ അൽഹംറ സിനിമാസ്
രണ്ടുവർഷത്തെ ഇടവേളക്ക് ശേഷം ഷാർജ അൽഹംറ സിനിമയിൽ പ്രദർശനം പുനരാരംഭിക്കുന്നു. മോഹൻലാലിന്‍റെ ആറാട്ടോടെയാണ് തിയേറ്റർ വീണ്ടും സജീവമാകുന്നത്. 40 വർഷം പഴക്കമുള്ള സിനിമാശാലയാണിത്. ബാൽക്കണിയിൽ ഉൾപ്പെടെ ഒരേ സമയം 840 പ്രേക്ഷകരെ ഉൾകൊള്ളാൻ ശേഷിയുള്ള തിയേറ്ററാണിത്. മൾട്ടിപ്ലക്സുകളുടെ വരവോടെ അന്യം നിന്ന് പോയതിനാൽ ഇത്തരം കൂറ്റൻ തിയേറ്ററുകൾ യു.എ.ഇയിൽ ഇന്ന് ഗൃഹാതുര ഓർമയാണ്. കോവിഡ് തുടങ്ങിയ കാലത്ത് അടച്ചിട്ട തിയേറ്റർ ഏറ്റെടുത്ത് പുതിയ സംരംഭകരാണ് നാളെ മുതൽ ഇവിടെ സിനിമാ പ്രദർശനം പുനരാരംഭിക്കുന്നത്. അൽഹംറ തിയേറ്ററിന്‍റെ പുതിയ ഉടമ അബ്ദുറഹ്മാൻ, സ്റ്റാർ ഗലേറിയ എം.ഡി ഫൈസൽ എറണാകുളം, സ്റ്റാർ ഹോളിഡേ സിനിമ ഓപ്പറേഷൻ മേധാവി രാജൻ വർക്കല, ജൂബി കുരവിള, സുബൈർ, അക്ബർ, അമർ തുടങ്ങിയവർ വാർത്താ സമ്മേളനത്തിലാണ് പ്രദർശനം പുനരാംഭിക്കുന്ന വിവരം അറിയിച്ചത്.
വാരാന്ത്യങ്ങളിൽ ഇവിടെ ആറ് ഷോയുണ്ടാകും. മറ്റു ദിവസങ്ങളിൽ നാല് പ്രദർശനം നടക്കും. താഴെ 30 ദിർഹവും, ബാൽക്കണിയിൽ 35 ദിർഹവുമാണ് നിരക്ക്. ഓൺലൈൻ ബുക്കിങിന് ഇവിടെ സംവിധാനമില്ല. പക്ഷെ, ഫോൺവിളിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാൻ സൗകര്യമുണ്ടാകും. ജോലി കഴിഞ്ഞ് സിനിമാ ആസ്വദിക്കാൻ എത്തുന്ന ഷാർജയിലെ സാധാരണക്കാരുടെ തിയേറ്ററായിരുന്നു അൽഹംറ. തിയേറ്ററുകൾ മുഴുവൻ ശേഷിയിൽ പ്രവർത്തിക്കാൻ കഴിഞ്ഞദിവസമാണ് യു.എ.ഇയിൽ അനുമതി നൽകിയത്. ആറാട്ടിന്‍റെ കന്നി പ്രദർശനത്തിൽ മോഹൻലാൽ ആരാധകർ ഈ കൂറ്റൻ തിയേറ്റർ വർഷങ്ങൾക്ക് ശേഷം ഹൗസ് ഫുള്ളാക്കുമെന്നാണ് പ്രതീക്ഷ.