എംജിആറിനെ അപമാനിച്ചു; സാര്‍പ്പട്ടാ പരമ്പരൈയ്‌ക്കെതിരെ എ.ഐ.എ.ഡി.എം.കെ
സിനിമയിലെ അപകീര്‍ത്തികരമായ രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് പാര്‍ട്ടി
ആര്യ-പാ രഞ്ജിത്ത് കൂട്ടുകെട്ടിലിറങ്ങിയ സാര്‍പ്പട്ടാപരമ്പരൈയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആര്യയുടെ അഭിനയവും പാ രഞ്ജിത്തിന്‍റെ സംവിധാനവും സിനിമയെ മികവുറ്റതാക്കുന്നു. ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായങ്ങള്‍ ഉയരുന്നതിനിടയില്‍ സാര്‍പ്പട്ടാപരമ്പരൈയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് എ.ഐ.എ.ഡി.എം.കെ. സിനിമയില്‍ എ.ഐ.എ.ഡി.എം.കെ പാര്‍ട്ടി സ്ഥാപകനും മുന്‍മുഖ്യമന്ത്രിയുമായ എം.ജി.ആറിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശമുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് സിനിമയിലെ അപകീര്‍ത്തികരമായ രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് പാര്‍ട്ടി.
സംഭവത്തില്‍ സംവിധായകന്‍ മാപ്പു പറയണമെന്നും വിവാദപരാമര്‍ശങ്ങള്‍ സിനിമയില്‍ നിന്ന് നീക്കം ചെയ്യണമെന്നും പരാതിയില്‍ പറയുന്നു. അല്ലാത്തപക്ഷം നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് എ.ഐ.എ.ഡി.എം.കെ വ്യക്തമാക്കി.
കാല എന്ന ചിത്രത്തിന് ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമാണ് സാര്‍പ്പട്ടാപരമ്പരൈ. ജൂലൈ 22ന് ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. എഴുപതുകളിലെ ചെന്നൈയിലെ പരമ്പരാഗത ബോക്സിംഗ് ചാമ്പ്യന്‍മാരുടെ ജീവിതം പ്രമേയമാക്കി ഒരുക്കിയ ചിത്രമാണ് സാര്‍പ്പട്ടാ പരമ്പരൈ. ആര്യക്കൊപ്പം പശുപതി, ജോണ്‍ വിജയ്, ജോണ്‍ കൊക്കന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.