ധനുഷ് വേണ്ട രജനീകാന്ത് മതി; വിവാഹമോചനത്തിന് പിന്നാലെ സോഷ്യല്‍മീഡിയയിലെ പേരുമാറ്റി ഐശ്വര്യ
ജനുവരിയിലായിരുന്നു 18 വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിക്കുന്നതായി ധനുഷും ഐശ്വര്യയും പ്രഖ്യാപിച്ചത്
ചലച്ചിത്ര സംവിധായികയും സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ മകളുമായ ഐശ്വര്യയും നടന്‍ ധനുഷും വിവാഹബന്ധം വേര്‍പ്പെടുത്തുന്നുവെന്ന വാര്‍ത്ത ആരാധകര്‍ ഞെട്ടലോടെയാണ് സ്വീകരിച്ചത്. 18 വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിക്കുന്നതായി ഇരുവരും പ്രഖ്യാപിച്ചത് കഴിഞ്ഞ ജനുവരിയിലായിരുന്നു. ഇപ്പോഴിതാ തന്‍റെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളില്‍ നിന്നും ധനുഷിന്‍റെ പേര് വെട്ടിമാറ്റിയിരിക്കുകയാണ് ഐശ്വര്യ. ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലുകളാണ് താരപുത്രി മാറ്റിയത്.
വിവാഹമോചനത്തിനു ശേഷവും ഐശ്വര്യ ആർ. ധനുഷ് എന്ന പേരില്‍ തന്നെയായിരുന്നു ഐശ്വര്യ സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നത്. ഇതിനു പിന്നാലെ ഉയര്‍ന്നുവന്ന അഭ്യൂഹങ്ങള്‍ക്ക് അവസാനമായിരിക്കുകയാണ് പുതിയ പേരുമാറ്റത്തിലൂടെ. ട്വിറ്ററില്‍ @ash_rajinikanth എന്നും ഇന്‍സ്റ്റഗ്രാമില്‍ Aishwaryaa Rajini എന്നുമാണ് ഐശ്വര്യയുടെ പുതിയ ഹാന്‍ഡിലുകള്‍.
അതേസമയം, ഐശ്വര്യയുടെ പുതിയ മ്യൂസിക് വിഡിയോ തന്റെ ട്വിറ്ററിലൂടെ ധനുഷ് പങ്കുവച്ചിരുന്നു. "പുതിയ വിഡിയോയ്ക്ക് അഭിനന്ദനങ്ങൾ പ്രിയ സുഹൃത്തേ. ദൈവം അനുഗ്രഹിക്കും" എന്നായിരുന്നു ധനുഷിന്‍റെ ട്വീറ്റ്. ഇതിന് നന്ദിയറിയിച്ച് ഐശ്വര്യ മറുപടി നല്‍കുകയും ചെയ്തിരുന്നു.
ആറ് മാസം നീണ്ട പ്രണയത്തിനൊടുവിൽ 2004 നവംബർ 18 നായിരുന്നു ധനുഷ് – ഐശ്വര്യ വിവാഹം. യത്ര, ലിംഗ എന്നിങ്ങനെ രണ്ടുമക്കളാണ് ഇരുവര്‍ക്കുമുള്ളത്. കഴിഞ്ഞ ദിവസം മക്കളുമായി ധനുഷ് പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത് വന്‍ തോതില്‍ ജനശ്രദ്ധനേടിയിരുന്നു. ഇതിനു പിന്നാലെ വൈകാരികമായ ഒരു കുറിപ്പിനൊപ്പം മക്കളുമൊത്തുള്ള ചിത്രം പങ്കുവെച്ച് ഐശ്വര്യയും രംഗത്തെത്തി. ''എന്റെ ഉദരത്തിലായിരിക്കുമ്പോൾ നിങ്ങൾ എന്നെ ചവിട്ടി... വളർന്നു തുടങ്ങിയപ്പോൾ നിങ്ങൾ എന്നെ ചുംബിക്കുന്നത് ഞാൻ ആസ്വദിക്കുന്നു. ഇത് അളക്കാൻ കഴിയാത്ത സ്നേഹമാണ്. നിങ്ങളുടെ വളർച്ച ഞാൻ എന്നേക്കും നിധിയായി സൂക്ഷിക്കും" എന്നായിരുന്നു ഐശ്വര്യയുടെ കുറിപ്പ്.