ഹിന്ദിയിലും തമിഴിലും വില്ലനായി റിസബാവയെ തന്നെ മതിയായിരുന്നു പക്ഷെ...

തെലുങ്കിൽ ഹിറ്റ് മേക്കർ നിർമ്മാതാവ് ഗോപാൽ റെഡ്ഡി കഥക്ക് ഒപ്പം ആവശ്യപ്പെട്ടത് ജോൺ ഹോനായ് എന്ന റിസബാവയുടെ ഡേറ്റ് കൂടിയായിരുന്നു

Update: 2021-09-14 02:59 GMT
Editor : Jaisy Thomas | By : Web Desk
Advertising

നടന്‍ റിസബാവയെ പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതനാക്കിയ കഥാപാത്രമായിരുന്നു ഇന്‍ ഹരിഹര്‍നഗറിലെ ജോണ്‍ ഹോനായി എന്ന വില്ലന്‍ കഥാപാത്രം. 1990ല്‍ പുറത്തിറങ്ങിയ ചിത്രം പിന്നീട് ഹിന്ദി, തമിഴ്,തെലുങ്ക്,കന്നഡ ഭാഷകളിലും പുറത്തിറങ്ങിയിരുന്നു. എല്ലാ ഭാഷകളിലും വില്ലനെ അവതരിപ്പിക്കാനുള്ള അവസരം തേടിയെത്തിയത് റിസബാവയെ തന്നെയായിരുന്നു. എല്ലാ ഈ അവസരങ്ങളെല്ലാം നടന്‍ നിരസിച്ചു. അതിനുള്ള കാരണത്തെക്കുറിച്ച് തുറന്നുപറയുകയാണ് സംവിധായകനും നിര്‍മാതാവുമായ ആലപ്പി അഷ്റഫ്.

ആലപ്പി അഷ്റഫിന്‍റെ കുറിപ്പ്

ബഹുകേമൻമാരായ നായകൻമാരെക്കാളേറെ കയ്യടി നേടിയൊരു വില്ലൻ... മലയാള സിനിമയിൽ ആ വിശേഷണം മറ്റാരെക്കാളുമേറെ ഇണങ്ങുക റിസബാവയ്ക്കായിരിക്കും. ഒരിക്കൽ ആ നടന്‍റെ കണ്ണുകൾ നിറഞ്ഞൊഴുകിയത് ഇന്നലെ എന്ന പോലെ ഇന്നു ഞാനോർക്കുന്നു. റിസബാവ നമ്മെ വിട്ടുപിരിഞ്ഞ ഈ സന്ദർഭത്തിൽ ഒരിക്കൽ കൂടി ഞാനതോർത്തു പോകുന്നു.

ഇൻ ഹരിഹർ നഗർ ഹിറ്റായ് കത്തി നിലക്കുന്ന കാലം. ജോൺ ഹോനായ് എന്ന വില്ലൻ കഥാപാത്രം റിസബാവ എന്ന നടനെ ചലച്ചിത്ര മേഖലയിലെ സജീവ ചർച്ചാ കേന്ദ്രമാക്കി. വില്ലൻ ഒരു തരംഗമായ് മാറുന്ന അപൂർവ്വ കാഴ്ച. ഇൻ ഹരിഹർ നഗറിന്‍റെ നിർമ്മാണത്തിൽ ഞാനും ഒരു പങ്കാളിയായിരുന്നു. പടം ഒരു തരംഗമായപ്പോൾ ഇന്ത്യയിലെ മിക്കവാറും എല്ലാ ഭാഷകളിലും ഈ ചിത്രം റീമേക്ക് ചെയ്യാൻ നിർമ്മാതാക്കൾ മുന്നോട്ട് വന്നു. കഥ വിൽക്കാനുള്ള Power of attorney സിദ്ധീക്-ലാൽ എന്‍റെ പേരിലായിരുന്നു എഴുതി വെച്ചിരുന്നത്. ഇക്കാരണത്താൽ കഥയ്ക്കായ് എന്നെയാണ് പലരും സമീപിച്ചിരുന്നത്.

ഹിന്ദി റീമേക്കിനുള്ള അവകാശം സ്വന്തമാക്കിയത്, നിർമ്മാതാവ് ബപ്പയ്യയുടെ വമ്പൻ കമ്പനി. ഒറ്റ നിബന്ധന മാത്രം ഞങ്ങൾക്ക് വില്ലൻ റിസബാവ തന്നെ മതി. തെലുങ്കിൽ ഹിറ്റ് മേക്കർ നിർമ്മാതാവ് ഗോപാൽ റെഡ്ഡി കഥക്ക് ഒപ്പം ആവശ്യപ്പെട്ടത് ജോൺ ഹോനായ് എന്ന റിസബാവയുടെ ഡേറ്റ് കൂടിയായിരുന്നു. തമിഴിൽ നമ്പർ വൺ നിർമ്മാതാവ് സൂപ്പർ ഗുഡ് ഫിലിംസിന്‍റെ ചൗധരി അടിവരയിട്ടു പറയുന്നു വില്ലൻ അതെയാൾ തന്നെ മതി. കന്നഡക്കാർക്കും വില്ലനായ് റിസബാവയെ തന്നെ വേണം. അഭിനയ ജീവതത്തിൽ ഒരു നടനെ , തേടിയെത്തുന്ന അപൂർവ്വ ഭാഗ്യം. പക്ഷേ നിർഭാഗ്യവശാൽ റിസബാവ ഈ അവസരങ്ങൾ ഒന്നും സ്വീകരിച്ചില്ല.ഞാനായിരുന്നു അവർക്കൊക്കെ വേണ്ടി റിസബാവയുമായ് അന്നു സംസാരിച്ചിരുന്നത്. ഞാൻ നേരിൽ കണ്ടു സംസാരിക്കാൻ മദിരാശിയിൽ നിന്നും അദ്ദേഹത്തിന്‍റെ ഷൂട്ടിംഗ് സ്ഥലമായ പാലക്കാട്ടെത്തി. നിർഭാഗ്യം ... അന്നെന്തു കൊണ്ടോ ആ കുടി കാഴ്ച നടന്നില്ല. റിസബാവക്കായ് വിവിധ ഭാഷകളിൽ മാറ്റി വെച്ച ആ വേഷങ്ങളിൽ മറ്റു പല നടന്മാരും മിന്നിതിളങ്ങി. കാലങ്ങൾ കഴിഞ്ഞ് , ഒരിക്കൽ ഞാൻ റിസബാവയോട് സ്നേഹപൂർവ്വം അതേക്കുറിച്ചാരാഞ്ഞു. എത്ര വില പിടിച്ച അവസരങ്ങളാണ് അന്നു നഷ്ടപ്പെടുത്തിയതെന്ന് ഇപ്പോൾ തിരിച്ചറിയുന്നില്ലേ ?. ഒരു നിമിഷം റിസബാവ മൗനമായിനിന്നു .

അന്ന് ആ അവസരങ്ങൾ സ്വീകരിച്ചിരുന്നങ്കിൽ ...ഹിന്ദിയിലും തെലുങ്കിലും, തമിഴ് കന്നഡ തുടങ്ങിയ പല ഭാഷകളിലും എത്രയോ അവസങ്ങളൾ താങ്കളെ തേടി വന്നേനെ. ഒരു പക്ഷേ ഇന്ത്യയിലാകെ അറിയപ്പെടുന്ന ഒരു മികച്ച നടനാകാനുള്ള അവസരങ്ങളാണ് താങ്കൾ വേണ്ടന്ന് വെച്ചത്.. നനഞ്ഞ കണ്ണുകളോടെ റിസബാവ അന്ന് അത് എന്നോട് പറഞ്ഞു ,"എന്‍റെ ഒപ്പം നടന്ന വിശ്വസ്ത സ്നേഹിതൻ എന്നെ വഴി തെറ്റി ച്ചതാണിക്കാ..." ഒരു നിമിഷം ഞാനൊന്നു പകച്ചു. "നിന്നെക്കൊണ്ടു മാത്രമാണ് ഹരിഹർ നഗർ ഓടിയത് നീയില്ലെങ്കിൽ ആ സിനിമ ഒന്നുമല്ല.. "ഏതു ഭാഷയാണങ്കിലും വമ്പൻ നടന്മാരുടെ കൂടെ ഇനി അഭിനയിച്ചാൽ മതി, ആ അവസരങ്ങൾ ഇനിയും നിന്നെ തേടി വരും... "ഞാനത് വിശ്വസിച്ചു പോയി ഇക്കാ". ഏതവനാ അവൻ ,ഞാൻ ക്ഷോഭത്തോടെ ചോദിച്ചു . റിസബാവ തന്നെ വഴി തെറ്റിച്ച ആളാരാണെന്ന് എന്നോട് പറഞ്ഞു. ആ പേരുകേട്ട് ഞാൻ ഞെട്ടിപ്പോയി. റിസബാവയെ വഴി തെറ്റിച്ച അയാൾ എന്‍റെ കൂടി സുഹൃത്തായ ഒരു മിമിക്രിക്കാരനായിരുന്നു. ഒരിക്കലും തിരികെ ലഭിക്കാതെ പോയ ആ അവസങ്ങൾ പോലെ- ഇനി ഒരിക്കലും തിരിയെ വരനാകാത്ത ലോകത്തേക്ക് പ്രിയപ്പെട്ട റിസബാവ മടങ്ങിക്കഴിഞ്ഞു. ആദരാഞ്ജലികൾ

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News