ദിലീപിനെ നായകനാക്കി 'അംബാനി': സംവിധാനം ഒമര്‍ ലുലു
അപൂർവരാഗം, ടൂ കണ്ട്രീസ്, ഫ്രൈഡേ എന്നീ സിനിമകള്‍ക്ക് തിരക്കഥ എഴുതിയ നജീംകോയ ആണ് അംബാനിക്ക് തിരക്കഥ ഒരുക്കുക
ബാബു ആന്‍റണിയെ നായകനാക്കി ഒരുക്കുന്ന മുഴുനീള ആക്ഷന്‍ ചിത്രം പവര്‍ സ്റ്റാറിന് ശേഷം ദിലീപിനെ നായകനാക്കി ചിത്രം ഒരുക്കുമെന്ന് സംവിധായകന്‍ ഒമര്‍ ലുലു. അംബാനി എന്ന പേരില്‍ ഒരുക്കുന്ന സിനിമ 'ആന്‍ ഒമര്‍ ബിസിനസ്' എന്ന തലക്കെട്ടോടെയാകും പുറത്തിറങ്ങുക. പവര്‍ സ്റ്റാറിന് ശേഷം ഒരു സിനിമ ചെയ്തുതീര്‍ക്കാനുണ്ടെന്നും അത് കഴിഞ്ഞാകും ദിലീപ് സിനിമയുടെ പണിപ്പുരയിലേക്ക് പ്രവേശിക്കുകയെന്നും ഒമര്‍ ലുലു പറഞ്ഞു. അപൂർവരാഗം, ടൂ കണ്ട്രീസ്, ഫ്രൈഡേ എന്നീ സിനിമകള്‍ക്ക് തിരക്കഥ എഴുതിയ നജീംകോയ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുക. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഒമര്‍ ലുലു തന്‍റെ പുതിയ സിനിമയുടെ പ്രഖ്യാപനം നടത്തിയത്.
കോവിഡ് പ്രതിസന്ധിയില്‍ സിനിമകള്‍ മുടങ്ങികിടക്കെ ഒമര്‍ലുലു ഒരുക്കിയ രണ്ട് സംഗീത ആല്‍ബങ്ങളും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരുന്നു. 'ജാനാ മേരെ' എന്ന മ്യൂസിക് വീഡിയോയില്‍ അജ്മല്‍ ഖാനും, ജുമാന അജ്മല്‍ ഖാനുമാണ് അഭിനയിച്ചിരുന്നത്. പി.ടി അബ്‍ദു റഹ്മാന്‍റെ വരികള്‍ക്ക് പീര്‍ മുഹമ്മദ് സംഗിതം പകര്‍ന്ന പ്രശസ്‍ത ഗാനം മഹിയില്‍ മഹാ ആണ് ഒമര്‍ ലുലു ഹിന്ദി വരികളോടെ വീണ്ടും റീ റെക്കോര്‍ഡ് ചെയ്ത് സംഗീത ആല്‍ബമാക്കിയത്.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ദൂരെ ദൂരെ എന്ന മ്യൂസിക് വീഡിയോയും മികച്ച പ്രതികരണമാണ് നേടിയത്. ശ്രദ്ധേയ സംഗീത സംവിധായകനായ ഷാന്‍ റഹ്‍മാനാണ് ഈ സംഗീത ആല്‍ബത്തിന് ഈണം ഒരുക്കിയത്. ഒമർ ലുലു ഒരുക്കിയ 'ഒരു അഡാര്‍ ലൗ' എന്ന ചിത്രത്തിലെ 'മാണിക്യമലരായ പൂവി' എന്ന ഗാനത്തിന് ശേഷം ഒമര്‍ ലുലുവിനുവേണ്ടി ഷാൻ റഹ്മാൻ ഈണമിട്ടിരിക്കുന്ന ഗാനം കൂടിയാണിത്.
ബാബു ആന്‍റണി വീണ്ടും ആക്ഷൻ ഹീറോ വേഷത്തിലെത്തുന്നു എന്ന സവിശേഷത കൊണ്ടാണ് 'പവർ സ്റ്റാർ' ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. ഡെന്നീസ് ജോസഫ് തിരക്കഥ ഒരുക്കുന്നു എന്ന വാര്‍ത്തക്ക് കൂടി സ്ഥിരീകരണമായതോടെ പവര്‍ സ്റ്റാറിന് മേല്‍ വലിയ പ്രതീക്ഷ ആണ് ആരാധകര്‍ പുലര്‍ത്തുന്നത്. ചിത്രത്തിന്‍റെ തിരക്കഥയുടെ ആദ്യ ഡ്രാഫ്റ്റ് പൂര്‍ത്തിയാക്കിയ ഡെന്നീസ് ജോസഫ് അടുത്ത ഘട്ടത്തിലേക്ക് കടക്കവെയാണ് മരണത്തിന്‍റെ പിടിയിലാകുന്നത്. കോവിഡ് പ്രതിസന്ധി തീരുന്നതോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.