റിലീസിന് 48 മണിക്കൂറിന് ശേഷം സിനിമ റിവ്യൂ മതിയെന്ന് അമിക്കസ്ക്യൂറിയുടെ ശിപാർശ
ക്രിയാത്മകമായ വിമർശനങ്ങൾ ആകാമെന്നും അമിക്കസ് ക്യൂറി അഡ്വക്കേറ്റ് ശ്യാം പദ്മൻ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു
കൊച്ചി: സിനിമ റിലീസിന് 48 മണിക്കൂറിന് ശേഷം റിവ്യൂ മതിയെന്ന് അമിക്കസ്ക്യൂറിയുടെ ശിപാർശ. സിനിമയുടെ അണിയറപ്രവർത്തകരെ വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള പരാമർശങ്ങൾ റിവ്യുവിൽ നിന്നും ഒഴിവാക്കണമെന്നും ശിപാർശയിലുണ്ട്. ക്രിയാത്മകമായ വിമർശനങ്ങൾ ആകാമെന്നും അമിക്കസ് ക്യൂറി അഡ്വക്കേറ്റ് ശ്യാം പദ്മൻ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
സിനിമ റിലീസ് ചെയ്തതിന് തൊട്ടുപിന്നാലെ നടക്കുന്ന റിവ്യൂ ബോംബിങ് കാഴ്ചക്കാരെ ബാധിക്കുന്നുണ്ടെന്ന പരാതികൾക്കിടയിലാണ് അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ നിർദേശങ്ങൾ സമർപ്പിച്ചത്. സിനിമ റിലീസ് ചെയ്ത് 48 മണിക്കൂറിന് ശേഷം റിവ്യൂ മതിയെന്നാണ് പ്രധാന ശിപാർശ. 48 മണിക്കൂറിനിടയിൽ പ്രേക്ഷകർക്ക് സിനിമയെ മനിസിലാക്കാനും കഥയെ വിലയിരുത്താനും കഴിയും. സിനിമയെ കുറിച്ച് അഭിപ്രായം രൂപീകരിക്കുന്നതിൽ റിവ്യൂ സ്വാധീനിക്കില്ലെന്നും റിപ്പോർട്ടിലുണ്ട്.സിനിമയുടെ അണിയറപ്രവർത്തകരെ വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള പരാമർശങ്ങൾ റിവ്യൂവിൽ നിന്നും ഒഴിവാക്കണം, സിനിമയുടെ കഥ, ഛായാഗ്രഹണം, എന്നീ കാര്യങ്ങളിൽ ക്രിയാത്മക വിമർശനങ്ങളാകാമെന്നും അഡ്വക്കേറ്റ് ശ്യാം പദ്മൻ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.
തിരക്കഥയിലെ പ്രധാന ഭാഗങ്ങൾ പ്രേക്ഷകർക്ക് മനസിലാകുന്ന തരത്തിലുള്ള റിവ്യൂകൾ ഒഴിവാക്കാൻ വ്ലോഗർമാർ ശ്രമിക്കണമെന്നും അമിക്കസ് ക്യൂറി ശിപാർശ ചെയ്യുന്നു. നെഗറ്റീവ് റിവ്യുയുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കാൻ പ്രത്യേക വെബ് പോർട്ടൽ തയ്യാറാക്കുന്നത് നല്ലതാണെന്നും ശിപാർശയിലുണ്ട്.