അംഗത്വ ഫീസ് ഇരട്ടിയാക്കി 'അമ്മ'; പുതുക്കിയ ഫീസ് 2,05,000 രൂപ
വാ൪ധക്യകാലത്ത് അംഗങ്ങൾക്ക് 'അമ്മ' അഭയ കേന്ദ്രമാകുമെന്ന് മോഹൻലാൽ
കൊച്ചി: താരസംഘടനയായി അമ്മയില്‍ അംഗമാകാനുള്ള ഫീസ് ഇരട്ടിയായി ഉയര്‍ത്തി. ജിഎസ്‍ടി ഉൾപ്പെടെ രണ്ട് ലക്ഷത്തി അയ്യായിര൦ (2,05,000) രൂപയാണ് ഇനി അംഗത്വ ഫീസ്. നേരത്തെ ഒരു ലക്ഷം രൂപയായിരുന്നു.
അവശരായ അംഗങ്ങൾക്ക് ആജീവനാന്ത സഹായം നൽകാൻ 'അമ്മ' ജനറൽ ബോഡി യോഗത്തിൽ തീരുമാനമായി. വാ൪ധക്യകാലത്ത് അംഗങ്ങൾക്ക് സ൦ഘടന അഭയ കേന്ദ്രമാകുമെന്ന് പ്രസിഡന്റ് മോഹൻലാൽ പറഞ്ഞു. അംഗങ്ങൾക്ക് വേണ്ടി വാർധക്യ രോഗ ചികിത്സാ കേന്ദ്രം ആരംഭിക്കും. ഇതിനുള്ള പണം കണ്ടെത്താനാണ് അ൦ഗത്വ ഫീസ് കൂട്ടാൻ തീരുമാനിച്ചതെന്നും 'അമ്മ' ഭാരവാഹികൾ വ്യക്തമാക്കി. ഫീസ് അംഗങ്ങൾ തവണകളായി അടച്ചാൽ മതിയാകുമെന്ന് ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.
"ജി.എസ്.ടി പ്രാബല്യത്തില്‍ വന്നതുകൊണ്ട് അത് ഉള്‍പ്പെടുത്തിയാണ് അംഗത്വ ഫീസ് വാങ്ങുന്നത്. ഒരു വര്‍ഷം ഒരു അംഗത്തിന് 60000 രൂപയാണ് ചെലവാകുന്നത്. 140 അംഗങ്ങള്‍ക്ക് പ്രതിമാസം 5000 രൂപ സഹായം നല്‍കുന്നുണ്ട്. അതിപ്പോള്‍ 120 അംഗങ്ങളായി കുറഞ്ഞു. ആ സംഖ്യ ഉയര്‍ത്തണമെന്ന് ആഗ്രഹമുണ്ട്"- ഇടവേള ബാബു പറഞ്ഞു.
സംഘടനയുടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സ്റ്റേജ് ഷോ സംഘടിപ്പിക്കാൻ തീരുമാനിച്ചു. ജനറല്‍ ബോഡി യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അമ്മ ഭാരവാഹികള്‍.
അതേസമയം പീഡനക്കേസിൽ പ്രതിയായ നടൻ വിജയ് ബാബുവിനെ താരസംഘടനയായ അമ്മ തള്ളിപ്പറയാന്‍ തയ്യാറായില്ല. ജനറല്‍ ബോഡി യോഗത്തില്‍ വിജയ് ബാബു പങ്കെടുത്തു. കേസ് കോടതിയിലാണെന്നും വിധിക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും സംഘടന പ്രതികരിച്ചു. അമ്മ സംഘടനക്ക് മാത്രമായി ഇനി പരാതി പരിഹാര സെല്‍ ഉണ്ടാകില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു.
രാവിലെ പത്തേമുക്കാലോടെയാണ് വിജയ് ബാബു അമ്മ യോഗത്തില്‍ എത്തിയത്. മൂന്ന് മണിക്കൂറുകള്‍ക്ക് ശേഷം പുറത്തേക്കു പോയി. വിജയ് ബാബു അമ്മയിലെ അംഗമാണെന്നും വിഷയം കോടതിയുടെ പരിഗണനയില്‍ ആണെന്നുമായിരുന്നു വിജയ് ബാബു യോഗത്തില്‍ പങ്കെടുത്തതിനെ കുറിച്ചുള്ള ഭാരവാഹികളുടെ പ്രതികരണം
"വിജയ് ബാബു വിഷയം പരിഗണിച്ച അമ്മയുടെ ഇന്‍റേണല്‍ കമ്മിറ്റില്‍ നിന്ന് രാജി വെച്ചതിനെ കുറിച്ച് നടി ശ്വേത മേനോന്‍റെ പ്രതികരണം ഇങ്ങനെ- "ഇരയുടെ പേര് പറഞ്ഞതിനാണ് ഐ.സി.സി അടിയന്തരമായി മീറ്റിങ് വിളിച്ചത്. സ്റ്റെപ് ഡൌണ്‍ ചെയ്യാന്‍ പറയൂ എന്നു പറഞ്ഞിട്ട് നിര്‍ദേശം എക്സിക്യുട്ടീവ് കമ്മിറ്റിക്ക് കൊടുത്തു. എക്സിക്യുട്ടീവ് കമ്മിറ്റി മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടു, അദ്ദേഹം മാറിനിന്നു. അതെല്ലാം ഓകെ. 'ഐസിസി നിര്‍ദേശ പ്രകാരം' എന്ന വാക്ക് പ്രസ് മീറ്റില്‍ പറയാത്തതായിരുന്നു എന്‍റെ പ്രശ്നം. അതോടെ രാജിവെച്ചു. പിന്നീട് അമ്മയ്ക്ക് ഐസിസി ആവശ്യമില്ലെന്ന് നമുക്ക് തോന്നി "- ശ്വേത മേനോന്‍ പറഞ്ഞു.
അമ്മ തൊഴില്‍ ദാതാവല്ലെന്നും അതിനാല്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ ഉണ്ടാകില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. പരാതികൾ പരിഹരിക്കുന്നതിനായി ആഭ്യന്തര പരാതി പരിഹാര സെൽ ഫിലിം ചേംബറിന് കീഴിൽ രൂപീകരിക്കുമെന്നും ജനറല്‍ ബോഡി യോഗത്തിനു ശേഷം അമ്മ ഭാരവാഹികള്‍ അറിയിച്ചു.