'ആർക്കെതിരെയാണ് പരാതി, ആരാണ് പരാതിക്കാർ എന്നറിയണം'; വിശദമായി പഠിച്ച ശേഷമേ ഇടപെടാനാകൂവെന്ന് 'അമ്മ'

എന്തെങ്കിലും എവിടെനിന്നെങ്കിലും കേട്ടിട്ട് മറുപടി പറയാൻ സാധിക്കില്ലെന്ന് ജനറല്‍ സെക്രട്ടറി സിദ്ദിഖ്

Update: 2024-08-19 10:22 GMT
Editor : Lissy P | By : Web Desk
Advertising

കൊച്ചി: ഹേമാകമ്മിറ്റി റിപ്പോര്‍ട്ട് വിശദമായി പഠിച്ച ശേഷം മാത്രമേ ഇടപെടാനാകൂവെന്ന് അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'  ( AMMA). ആർക്കെതിരെയാണ് ആരോപണം, ആരാണ് പരാതിക്കാർ എന്നറിയണമെന്നും എന്തെങ്കിലും കേട്ടിട്ട് നടപടിയെടുക്കാനാകില്ലെന്നും അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖ് മാധ്യമങ്ങളോട് പ്രതികരിച്ചു. വിശദമായി പഠിച്ച ശേഷമേ ഇടപെടാനാകൂവെന്നും അദ്ദേഹം പറഞ്ഞു. 'എന്തുരീതിയിലാണ് വിവേചനമുണ്ടായത്,ആർക്കാണ് വിവേചനം അനുഭവിക്കേണ്ടി വന്നത്.ഇതിനെപ്പറ്റിയൊക്കെ വിശദമായി പഠിക്കേണ്ടി വരും.അല്ലാതെ എന്തെങ്കിലും എവിടെനിന്നെങ്കിലും കേട്ടിട്ട് മറുപടി പറയാൻ സാധിക്കില്ല'.. സിദ്ദിഖ് പറഞ്ഞു..

ഹേമാകമ്മിറ്റി റിപ്പോര്‍ട്ടിലെ ഏതാനും വരി മാത്രമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. അത് പഠിച്ചശേഷം മാത്രമേ പ്രതികരിക്കാന്‍ സാധിക്കൂവെന്ന് 'അമ്മ' സെക്രട്ടറി ബാബുരാജ് പറഞ്ഞു. കാര്യങ്ങള്‍ പഠിച്ച ശേഷം നമ്മളെക്കൊണ്ട് ചെയ്യാൻ സാധിക്കുന്നത് പരമാവധി ചെയ്യുമെന്നും ബാബു രാജ് പറഞ്ഞു.

അതേസമയം, നാലര വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷം ഇന്നാണ് ഹേമാകമ്മറ്റി റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.  233 പേജുകളുള്ള റിപ്പോർട്ട് സാംസ്കാരിക വകുപ്പ് പുറത്തുവിട്ടത്. വ്യക്തികളെ തിരിച്ചറിയുന്ന വിവരങ്ങൾ റിപ്പോര്‍ട്ടില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സിനിമാ മേഖലയിൽ ഒരു പവർ ​ഗ്രൂപ്പ് നിലനിൽക്കുന്നെന്ന് റിപ്പോർട്ടിൽ പറയുന്നു. 'നക്ഷത്രങ്ങളെ വിശ്വസിക്കരുത്, ഉപ്പ് പോലും പഞ്ചസാരയായി തോന്നും, ചന്ദ്രനെ പോലെ സുന്ദരമല്ല താരങ്ങൾ'- റിപ്പോർട്ടിൽ പറയുന്നു. മലയാള സിനിമയിൽ കാസ്റ്റിങ് കൗച്ചുണ്ട്. നടൻമാർ വാതിലിൽ മുട്ടുന്നതായും നടിമാരെ കിടക്ക പങ്കിടാൻ നിർബന്ധിതരാക്കുന്നതായും റിപ്പോ‍ർട്ടിലുണ്ട്.

'സിനിമ സെറ്റുകളിൽ സ്ത്രീകൾക്ക് ഒറ്റയ്ക്ക് പോകാൻ പറ്റാത്ത അവസ്ഥ നിലനിൽക്കുന്നു. മലയാള സിനിമയെ നിയന്ത്രിക്കുന്നത് ക്രിമിനലുകളാണ്. സ്ത്രീയുടെ ശരീരത്തെ പോലും മോശമായ രീതിയിൽ വർണിക്കുന്നു. പരാതിയുമായി പോകുന്ന സ്ത്രീകൾക്ക് നേരെ സൈബർ ആക്രമണം നടക്കുന്നു. ഡബ്ല്യു.സി.സിയിൽ അംഗത്വം എടുത്തത് കൊണ്ട് മാത്രം സിനിമയിൽ നിന്നും പുറത്താകാൻ ശ്രമം നടക്കുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. 

മലയാള സിനിമയിൽ ആൺ മേൽക്കോയ്മയുണ്ടെന്നും വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ നിർബന്ധിക്കപ്പെടുന്നു,ആലിംഗന സീനിന് 17 റീടേക്കുകൾ വരെയെടുത്തു. സിനിമാ സെറ്റുകളിൽ സ്ത്രീകൾക്ക് പ്രാഥമിക സൗകര്യങ്ങളില്ല. തുണി മറച്ചു പിടിച്ച് വസ്ത്രം മാറേണ്ടി വരുന്നു. കുറ്റിച്ചെടിയുടെ മറവിൽ വസ്ത്രം മാറേണ്ട സാഹചര്യമാണുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു. 

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News