3000 രൂപയുടെ സാരി,ഡിസൈനര്‍ വസ്ത്രങ്ങളില്ല; വിവാഹത്തിനായി ആകെ ചെലവഴിച്ചത് ഒന്നര ലക്ഷം രൂപയെന്ന് നടി അമൃത റാവു
വിവാഹ വാര്‍ഷികത്തോടനുബന്ധിച്ച് തങ്ങളുടെ ചാനലായ കപ്പിൾ ഓഫ് തിംഗ്‌സിലൂടെയാണ് വിശേഷങ്ങള്‍ പങ്കുവച്ചത്.
മുംബൈ: ആഡംബരത്തിന്‍റെ മറുവാക്കാണ് ബോളിവുഡ് വിവാഹങ്ങള്‍. വസ്ത്രങ്ങള്‍ക്കും ആഭരണങ്ങള്‍ക്കും വിവാഹവേദിക്കുമൊക്കെയായി കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നയിടം. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായിരിക്കുകയാണ് നടി അമൃത റാവുവും റേഡിയോ ജോക്കിയായ അന്‍മോലും. തങ്ങളുടെ വിവാഹത്തിന് ആകെ ചെലവായത് ഒന്നര ലക്ഷം രൂപയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ദമ്പതികള്‍.
വിവാഹ വാര്‍ഷികത്തോടനുബന്ധിച്ച് തങ്ങളുടെ ചാനലായ കപ്പിൾ ഓഫ് തിംഗ്‌സിലൂടെയാണ് വിശേഷങ്ങള്‍ പങ്കുവച്ചത്. മെയ്ൻ ഹൂന, ഇഷ്ക് വിഷ്ക്, ജോളി എൽഎൽബി, താക്കറെ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ നടിയാണ് അമൃത. ഒന്‍പത് വര്‍ഷം മുന്‍പ് പൂനെയിലെ ഇസ്കോണ്‍ ക്ഷേത്രത്തില്‍ വച്ചാണ് ഇരുവരും രഹസ്യമായി വിവാഹിതരായത്. തനിക്ക് ഡിസൈനര്‍ വസ്ത്രങ്ങള്‍ ഇഷ്ടമില്ലെന്നും അതുകൊണ്ട് പരമ്പരാഗത വേഷമാണ് താന്‍ വിവാഹത്തിന് അണിഞ്ഞതെന്നും അമൃത പറഞ്ഞു. അന്ന് ധരിച്ച സാരിക്ക് 3000 രൂപയായിരുന്നു വില. തന്‍റെ വിവാഹ വസ്ത്രത്തിനും ഇതേ തുകയായിരുന്നുവെന്ന് അന്‍മോലും പറയുന്നു. വിവാഹവേദിക്കായി ആകെ ചെലവഴിച്ചത് 11,000 രൂപയാണ്. മംഗള്‍സൂത്രക്ക് 18,000 രൂപയും. ''വിവാഹം പ്രണയമാണെന്ന് ഞങ്ങൾ എപ്പോഴും വിശ്വസിച്ചിരുന്നു. പണം ഒരു ഷോപീസ് അല്ല. ഞങ്ങളുടെ വിവാഹത്തിൽ ഞങ്ങളുടെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ഉണ്ടാകണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു... ഞങ്ങൾ വിവാഹത്തിന് അധികം ചെലവാക്കിയില്ല, ഞങ്ങൾ അത് ആസ്വദിച്ചു." ഇരുവരും പറയുന്നു.
“ഞങ്ങളുടെ വിവാഹം ഞങ്ങളുടെ വ്യക്തിത്വത്തിന്‍റെ പ്രതിഫലനമാണ്, അത് സുതാര്യമായ രീതിയിൽ നടത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങളുടെ വിവാഹം ദമ്പതികളെ അവരുടെ കഴിവിനനുസരിച്ച് വിവാഹം കഴിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിച്ചാല്‍ ഞങ്ങള്‍ തൃപ്തരാകും''അന്‍മോല്‍ പറഞ്ഞു. അമൃതയെയും അന്‍മോലിനെയും അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്.