തലശ്ശേരിയെ കളര്‍ഫുള്ളാക്കിയ തല്ലുമാലയ്ക്ക് നന്ദി അറിയിച്ച് എ.എന്‍ ഷംസീര്‍ എം.എല്‍.എ; ഒപ്പം കുഞ്ചാക്കോ ബോബന്‍ ചിത്രത്തിന് ആശംസയും
തല്ലുമാലയ്ക്ക് ആശംസ നേർന്നതിനൊപ്പം കുഞ്ചാക്കോ ബോബന്‍റെ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയ്ക്കും ഷംസീർ ആശംസകൾ നേർന്നു
ടൊവിനോ തോമസും കല്യാണി പ്രിയദര്‍ശനും ആദ്യമായി ഒന്നിക്കുന്ന തല്ലുമാല പ്രേക്ഷകരിലേക്കെത്തിയിരിക്കുകയാണ്. ആദ്യദിനം തന്നെ തിയറ്ററുകളെ പൂരമ്പറമ്പുകളാക്കി മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിനു ആശംസകളുമായി എത്തിയിരിക്കുകയാണ് എ.എന്‍ ഷംസീര്‍ എം.എല്‍.എ. തലശ്ശേരിയിലെ താഴെയങ്ങാടി സ്ട്രീറ്റിലും തല്ലുമാല ചിത്രീകരിച്ചിരുന്നു. സിനിമയുടെ ചിത്രീകരണത്തിനായി കളർഫുൾ ആക്കിയെടുത്ത തലശ്ശേരി താഴെയങ്ങാടി സ്ട്രീറ്റ് എം എൽ എയുടെ നിർദ്ദേശപ്രകാരം അതേപോലെ നിലനിർത്തുകയായിരുന്നു. തല്ലുമാല ജനഹൃദയങ്ങൾ കീഴടക്കട്ടെ എന്ന് ഷംസീർ ആശംസിച്ചു.
തല്ലുമാലയ്ക്ക് ആശംസ നേർന്നതിനൊപ്പം കുഞ്ചാക്കോ ബോബന്‍റെ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയ്ക്കും ഷംസീർ ആശംസകൾ നേർന്നു. കുഞ്ചാക്കോ ബോബൻ നായകനാകുന്ന മറ്റൊരു ചിത്രവും ഈ താഴെയങ്ങാടി തെരുവിൽ ചിത്രീകരണം പുരോഗമിക്കുകയാണെന്നാണ് അദ്ദേഹം കുറിച്ചത്. വ്യാഴാഴ്ചയാണ് ചാക്കോച്ചന്‍ ചിത്രത്തിന്‍റെ പോസ്റ്ററിനെ ചൊല്ലി ചില ഇടതുപക്ഷൾ അനുഭാവികൾ സിനിമയ്ക്കെതിരെ സൈബർ ആക്രമണം അഴിച്ചുവിട്ടത് വിവാദമായിരുന്നു.
എം.എന്‍ ഷംസീറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
തലശ്ശേരിയുടെ പൈതൃകനഗരിയായ താഴെയങ്ങാടി സ്ട്രീറ്റിനെ കളർഫുള്ളാക്കി മാറ്റിയ ടോവിനോ തോമസിന്റെ "തല്ലുമാല" ഇന്ന് റിലീസാവുകയാണ്. സിനിമയുടെ ചിത്രീകരണത്തിനായി തലശ്ശേരി താഴെയങ്ങാടി സ്ട്രീറ്റിനെ വർണങ്ങളാൽ അണിയിച്ചൊരുക്കിയത് നാടിന്റെയാകെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ചിത്രീകരണശേഷവും സ്ട്രീറ്റ് അതേപോലെ നിലനിർത്താൻ സിനിമയുമായി ബന്ധപ്പെട്ടവരോട് ഷൂട്ടിങ് സമയത്ത് ആവശ്യപ്പെട്ടിരുന്നു. അതിനാൽ തന്നെ കല്യാണ ആൽബം, ഷോർട് ഫിലിം, ഫോട്ടോ ഷൂട്ടിങ്ങിനുമൊക്കെയായി നിരവധിയാളുകളാണ് ഈ തെരുവിൽ ഇപ്പോഴുമെത്തിചേർന്നു കൊണ്ടിരിക്കുന്നത്.
കുഞ്ചാക്കോ ബോബൻ നായകനാകുന്ന മറ്റൊരു ചിത്രവും ഈ താഴെയങ്ങാടി തെരുവിൽ ചിത്രീകരണം പുരോഗമിക്കുകയാണ്. തലശ്ശേരിയിലെ ഈ തെരുവിനെ കളർഫുള്ളാക്കിയ തല്ലുമാല ടീമിനോടുള്ള നന്ദി ഒരിക്കൽക്കൂടി ഈ അവസരത്തിൽ അറിയിക്കുന്നു. സിനിമ ജനഹൃദയങ്ങൾ കീഴടക്കട്ടെ...