ആൺകുട്ടിയായി ജനിച്ചാൽ മതിയായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്: അനശ്വര രാജൻ
ഞാൻ ജനിച്ച് വളർന്നത് പ്രിവിലേജ്ഡ് ആയ ഒരു സമൂഹത്തിൽ അല്ല
കുറച്ചു സിനിമകളിലെ അഭിനയിച്ചിട്ടുള്ളുവെങ്കിലും സ്വഭാവികമായ അഭിനയം കൊണ്ട് മലയാളികളുടെ ഇഷ്ടം നേടിയാണ് അനശ്വര രാജന്‍. ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ മഞ്ജു വാര്യരുടെ മകളായിട്ടായിരുന്നു അനശ്വരയുടെ വെള്ളിത്തിരയിലെ അരങ്ങേറ്റം. പിന്നീട് അങ്ങോട്ട് ഒരുപിടി ചിത്രങ്ങള്‍. എല്ലാം മികച്ച അഭിപ്രായം നേടി. ഇപ്പോള്‍ അനശ്വര നായികയായ മൈക്ക് എന്ന ചിത്രം തിയറ്ററുകളിലെത്തിയിരിക്കുകയാണ്. ചിത്രത്തില്‍ സാറ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി നടന്ന പ്രസ് മീറ്റില്‍ അനശ്വര പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ആൺകുട്ടിയായി ജനിച്ചാൽ മതിയായിരുന്നു എന്ന് തോന്നിയിട്ടുണ്ടെന്നാണ് അനശ്വര പറഞ്ഞത്.
"ഞാൻ ജനിച്ച് വളർന്നത് പ്രിവിലേജ്ഡ് ആയ ഒരു സമൂഹത്തിൽ അല്ല. സാറയെ പോലെ എനിക്കും ആൺകുട്ടിയായി ജനിച്ചാൽ മതിയായിരുന്നു എന്ന് വരെ തോന്നിയിട്ടുണ്ട്. ആൺകുട്ടിയായി ജീവിക്കാനുള്ള ആഗ്രഹം കൊണ്ടല്ല അത്. അവർക്ക് സമൂഹത്തിൽ നിന്ന് കിട്ടുന്ന പ്രിവിലേജും സ്വാതന്ത്ര്യവും കൊണ്ടാണ്. അങ്ങനെ ആരെങ്കിലും തരേണ്ടതല്ല സ്വാതന്ത്ര്യം. പക്ഷേ ഒരു പെൺകുട്ടി കുട്ടി രാത്രിയിൽ പുറത്തിറങ്ങിയാൽ ഉള്ള നോട്ടങ്ങൾ ഉണ്ടല്ലോ, അത് നമ്മളെ തന്നെ ചങ്ങലയിടുന്നതല്ല .സൊസൈറ്റിയിൽ നിന്ന് വരുന്ന റെസ്‌പോൺസ് കൊണ്ടാണത്. ഈ സിനിമ അത്തരം കാര്യങ്ങൾ ആൾക്കാരിലേക്ക് എത്തിക്കും." അനശ്വര പറയുന്നു.
ബോളിവുഡ് താരം ജോണ്‍ എബ്രാഹം നിര്‍മിക്കുന്ന ആദ്യ മലയാളചിത്രം കൂടിയാണ് മൈക്ക്. നവാഗതനായ രഞ്ജിത്ത് സജീവ് എന്ന പുതുമുഖമാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്ത മൈക്കിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് കല, വിപ്ലവം, പ്രണയം, എഴുതിയ ആഷിഖ് അക്ബർ അലിയാണ്.