യൂഫോറിയ താരം ആംഗസ് ക്ലൗഡ് മരിച്ചനിലയില്‍
രണ്ടാഴ്ച മുന്‍പാണ് ആംഗസിന്‍റെ പിതാവ് മരിച്ചത്
കാലിഫോർണിയ: എച്ച്.ബി.ഒയുടെ സൂപ്പര്‍ ഹിറ്റ് സീരീസ് യൂഫോറിയയിലൂടെ പ്രശസ്തനായ നടൻ ആംഗസ് ക്ലൗഡിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 25കാരനായ അംഗസിനെ കാലിഫോർണിയ ഓക്‍ലാൻഡിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
യൂഫോറിയയില്‍ മയക്കുമരുന്ന് വ്യാപാരിയായ ഫെസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ആംഗസ് ശ്രദ്ധേയനായത്. മരണ കാരണം കുടുംബം പുറത്തുവിട്ടിട്ടില്ല. രണ്ടാഴ്ച മുന്‍പാണ് ആംഗസിന്‍റെ പിതാവിന്‍റെ മരണം സംഭവിച്ചത്. പിന്നാലെയാണ് അംഗസിന്‍റെയും മരണം.
"ആംഗസ് തന്റെ ഏറ്റവും അടുത്ത സുഹൃത്തായ അച്ഛനുമായി വീണ്ടും ഒന്നിച്ചു എന്നറിയുന്നത് മാത്രമാണ് ഞങ്ങൾക്ക് ആശ്വാസം"- കുടുംബം പ്രസ്താവനയിൽ അറിയിച്ചു. ആംഗസ് മാനസിക സംഘര്‍ഷം നേരിട്ടിരുന്നുവെന്നും കുടുംബം പ്രതികരിച്ചു. നിശബ്ദമായി തനിച്ചല്ല എല്ലാം നേരിടേണ്ടതെന്ന് ഈ മരണം ഓര്‍മപ്പെടുത്തുവെന്ന് കുടുംബം പറഞ്ഞു.
'എനിക്ക് നിങ്ങളെ മിസ് ചെയ്യുന്നു'വെന്ന് പിതാവ് മരിച്ച ദിവസം ആംഗസ് ഇൻസ്റ്റഗ്രാമിൽ കുറിക്കുകയുണ്ടായി. പിതാവിന്‍റെ മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം അയര്‍ലന്‍ഡില്‍ നിന്ന് ആംഗസ് തിരിച്ച് കാലിഫോര്‍ണിയയിലെ വീട്ടിലെത്തിയിരുന്നു. തുടര്‍ന്നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആംഗസിന്‍റെ വിയോഗത്തില്‍ എച്ച്.ബി.ഒ ദുഃഖം രേഖപ്പെടുത്തി- "ആംഗസ് ക്ലൗഡിന്റെ വിയോഗം അറിഞ്ഞ് ഞങ്ങള്‍ ആഗാധ ദുഃഖത്തിലാണ്. അദ്ദേഹം അപാരമായ കഴിവുള്ളയാളായിരുന്നു. എച്ച്.ബി.ഒയുടെയും യൂഫോറിയ കുടുംബത്തിന്റെയും പ്രിയപ്പെട്ട ഭാഗമായിരുന്നു. ഈ ദുഷ്‌കരമായ സമയത്ത് അദ്ദേഹത്തിന്റെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ഞങ്ങൾ അനുശോചനം അറിയിക്കുന്നു".
നോർത്ത് ഹോളിവുഡ്, ദ ലൈൻ എന്നീ ചിത്രങ്ങളിൽ ആംഗസ് ക്ലൌഡ് അഭിനയിച്ചിരുന്നുവെങ്കിലും പ്രശസ്തനായത് യൂഫോറിയയിലൂടെയായിരുന്നു. 2019 ജൂണിൽ ആദ്യമായി സംപ്രേഷണം ചെയ്തതിനു പിന്നാലെ യൂഫോറിയ സൂപ്പര്‍ ഹിറ്റായി. 2022 ആയപ്പോഴേക്കും യുഎസിൽ ഈ ദശകത്തിൽ ഏറ്റവും കൂടുതൽ ട്വീറ്റ് ചെയ്യപ്പെട്ട ടിവി ഷോ ആയി യൂഫോറിയ മാറി.