എന്നെ ചെയ്തത് ഇഷ്ടമായില്ല; അസീസിനോട് അനുകരിക്കുന്നത് നിര്‍ത്താന്‍ പറഞ്ഞിട്ടില്ലെന്ന് അശോകന്‍

എന്നെ ഇമിറ്റേറ്റ് ചെയ്യുന്നതിന് കൃത്യമായ മറുപടി ഞാൻ കൊടുത്തതാണ്

Update: 2023-11-30 04:58 GMT
Editor : Jaisy Thomas | By : Web Desk

അശോകന്‍/ അസീസ് നെടുമങ്ങാട്

Advertising

നടനും മിമിക്രി കലാകാരനുമായ അസീസ് നെടുമങ്ങാടിനോട് തന്നെ അനുകരിക്കുന്നത് നിര്‍ത്താന്‍ പറഞ്ഞിട്ടില്ലെന്ന് നടന്‍ അശോകന്‍. അസീസ് നല്ല മിമിക്രി ആര്‍ടിസ്റ്റാണെന്നും തന്നെ അനുകരിച്ചത് ഇഷ്ടമായില്ലെന്നുമാണ് താന്‍ പറഞ്ഞതെന്നും ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അശോകന്‍ പറഞ്ഞു.

അശോകന്‍റെ വാക്കുകൾ

'എന്നെ ഇമിറ്റേറ്റ് ചെയ്യുന്നതിന് കൃത്യമായ മറുപടി ഞാൻ കൊടുത്തതാണ്. ഇനി അതിനെകുറിച്ച് ഒരു വിവാദം ഉണ്ടാകണമെന്നില്ല. വിവാദം ഉണ്ടായാലും എനിക്ക് ആ കാര്യത്തിൽ വിഷമം ഒന്നുമില്ല. ഞാൻ സത്യസന്ധമായ കാര്യമാണ് പറഞ്ഞത്. അസീസിനോട് പ്രോഗ്രാം നിർത്താനൊന്നും ഞാൻ പറഞ്ഞിട്ടില്ല. പുള്ളിയുടെ പ്രൊഫെഷൻ നിർത്തുന്നത് എന്തിനാണ്? ഞാൻ എന്റെ വ്യക്തിപരമായ കാര്യമേ പറഞ്ഞിട്ടുള്ളു.

അസീസ് പ്രോഗ്രാം ചെയ്യുന്നത് ഞാൻ അങ്ങനെ പറഞ്ഞതുകൊണ്ട് നിർത്താൻ പറ്റുമോ. അങ്ങനെ ചെയ്യേണ്ട കാര്യമുണ്ടോ. ഞാൻ പറയുകയുമില്ല. മിമിക്രി എന്ന് പറയുന്നത് വലിയ കലയാണ്, അത് എല്ലാവർക്കും കഴിയുന്ന ഒരു കാര്യമല്ല. അത് പുള്ളിയുടെ ഇഷ്ടമാണ്. ഞാൻ എപ്പോഴും പറയുന്നത് അസീസ് നല്ല മിമിക്രി ആർടിസ്റ്റാണ് നല്ല കലാകാരനാണ് എന്നാണ്. എന്നാൽ എന്നെ ചെയ്തത് പലതും എനിക്ക് ഇഷ്ടമായില്ല. പണ്ടെന്നോ പറഞ്ഞത് നോക്കേണ്ട കാര്യമില്ല. പിന്നീട് തോന്നിയ കാര്യങ്ങളാണ് ഞാൻ പറഞ്ഞത്.' അശോകൻ പറഞ്ഞു.

അസീസിന്‍റെ പ്രതികരണം

'അശോകേട്ടന്റെ ആ ഇന്റർവ്യൂ കണ്ടിരുന്നു. അശോകേട്ടന്റെ സുഹൃത്ത് തന്നെയാണ് എനിക്ക് ആ വീഡിയോ അയച്ചു തന്നത്. ഇപ്പോൾ നമ്മൾ ഒരാളെ അനുകരിക്കുന്നത് അരോചകമായി തോന്നിയാൽ അത് തുറന്നു പറയുന്നത് അഭിപ്രായസ്വാതന്ത്ര്യമാണ്. അദ്ദേഹത്തിന് അങ്ങനെ തോന്നിയതുകൊണ്ടാകാം തുറന്നു പറഞ്ഞത്. അത് പുള്ളിയുടെ ഇഷ്ടം. പക്ഷേ ഞാനൊരു തീരുമാനമെടുത്തു ഇനി അശോകേട്ടനെ അനുകരിക്കില്ല. നിർത്തി.

അശോകൻ ചേട്ടനെപ്പോലുള്ള താരങ്ങളെ ജനങ്ങൾക്കടയിൽ വീണ്ടും ഓർമ്മിപ്പിക്കുന്നത് ഇതുപോലുള്ള മിമിക്രിക്കാരാണ്. കുറച്ച് ഓവറായി ചെയ്താൽ മാത്രമേ സ്റ്റേജിൽ ഇത്തരം പെർഫോമൻസുകൾ ശ്രദ്ധിക്കപ്പെടൂ. അത്രയും വൈഡ് ആയാണ് സ്റ്റേജിൽ ഓഡിയൻസ് ഇരിക്കുന്നത്. അത്രയും ജനങ്ങളിലേക്കെത്തണമെങ്കിൽ കുറച്ച് ഓവർ ആയി ചെയ്യണം. ടിവിയിൽ പക്ഷേ ഇത്രയും വേണ്ട. സിനിമയിൽ ഒട്ടും വേണ്ട...' അസീസ് പറഞ്ഞു.

അശോകന്‍ അന്ന് പറഞ്ഞത്

''മിമിക്രിക്കാർ നല്ലതായി ചെയ്യുന്നവരുമുണ്ട്. അതുപോലെ നമ്മളെ വളരെ മോശമായിട്ട് അനുകരിക്കുന്ന ആളുകളുമുണ്ട്. നമ്മളെ ഇറിറ്റേറ്റ് ചെയ്യുന്ന ആളുകളുമുണ്ട്. നല്ലതായിട്ട് ചെയ്ത പലരുമുണ്ട്. ഉള്ളതിന്റെ പത്ത് മടങ്ങ് കൂട്ടിയാണല്ലോ പലരും കാണിക്കുക. അമരം സിനിമയിൽ ഞാനങ്ങനെ നോക്കിയിട്ടുണ്ടോ എന്ന് എനിക്കറിയില്ല. എവിടെയെങ്കിലും ഒരു മൈന്യൂട്ടായിട്ടുള്ള പോയിന്റിൽ പിടിച്ചിട്ടാണ് അവർ വലിച്ച് നീട്ടുന്നത്. നമ്മളെ കളിയാക്കി ചെയ്യുന്ന ധാരാളം ആളുകൾ ഉണ്ട്. അവരൊക്കെ നമ്മളെപ്പോലെയുള്ള ആക്ടേഴ്‌സിനെ കൊണ്ട് പേരെടുക്കുന്നു പൈസ കിട്ടുന്ന, ജീവിക്കുന്നു. അവരങ്ങനെ ചെയ്‌തോട്ടെ. മനപ്പൂർവം കളിയാക്കി ചെയ്യുന്ന കുറേ പേരുണ്ട്. സ്‌നേഹം കൊണ്ട് ചെയ്യുന്നവരുമുണ്ട്.

സ്‌നേഹം കൊണ്ട് ചെയ്യുമ്പോൾ ഒറിജിനൽ ആയിട്ടേ ചെയ്യുകയുള്ളൂ. അല്ലാതെ സ്ഥിരമായി തന്നെ ചെയ്യുന്ന പലരുമുണ്ട്. എനിക്ക് അത്രയും തോന്നുന്നില്ല. അസീസ് നന്നായിട്ട് മിമിക്രി ചെയ്യുന്ന ഒരാളാണ്. അസീസ് ഞാൻ മുമ്പേ പറഞ്ഞ ആളുകളിൽ പെടുന്ന ഒരാളാണ്. പുള്ളിയൊക്കെ നമ്മളെപ്പോലുള്ള കുറെ ആക്ടേഴ്‌സിനെ മിമിക്രി ചെയ്തിട്ടാണ് പോപ്പുലർ ആയതെന്ന് അങ്ങേരു തന്നെ പറഞ്ഞിട്ടുണ്ടല്ലോ. അത് ഓരോരുത്തരുടെ ഇഷ്ടം. മിമിക്രി കാണിക്കുന്നത് ഓരോരുത്തരുടെ തൊഴിൽ അല്ലേ. നമുക്ക് അതിനകത്ത് ഒന്നും പറയാൻ പറ്റില്ല,' 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News