''45 ദിവസം മുറിയില്‍ അടച്ചിരുന്നു, ബാബയൊരിക്കലും വരില്ലെന്ന് ഞാന്‍ പതുക്കെ മനസിലാക്കി''; ഇര്‍ഫാന്‍ ഖാന്‍റെ വിയോഗത്തെ കുറിച്ച് മകന്‍
''ഞാൻ വലിയൊരു ചുഴിയിലേക്ക് വീണുപോയത് പോലെയാണ് തോന്നിയത്. അദ്ദേഹമിനി ഒരിക്കലും തിരിച്ചുവരില്ല. 'ബാബ' ഒപ്പമില്ലാതെ ഇനി ജീവിച്ചു തുടങ്ങണം''
മുംബൈ: പ്രിയപ്പെട്ടവരുടെ വിയോഗം നമ്മളോരോരുത്തരേയും വല്ലാതെ തളർത്താറുണ്ട്. പലപ്പോഴും അത് ഉൾക്കൊള്ളാൻ പോലും പലർക്കും സാധിക്കാറില്ല. പിതാവിനെ നഷ്ടമായപ്പോൾ താൻ നേരിട്ട മാനസികാവസ്ഥയെ കുറിച്ച് തുറന്നു പറയുകയാണ് അന്തരിച്ച ബോളിവുഡ് നടൻ ഇർഫാൻ ഖാന്റെ മകൻ ബബിൽ ഖാൻ. ആദ്യം തനിക്കത് ഉൾക്കൊള്ളാൻ സാധിച്ചില്ലെന്നും വളരെയേറെ സമയമെടുത്താണ് ജീവിതത്തിലേക്ക് മടങ്ങിവന്നതെന്നും ബബിൽ ഖാൻ പറയുന്നു.
ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബബിൽ ഖാൻ പിതാവിന്റെ നഷ്ടം തനിക്കുണ്ടാക്കിയ ആഘാതത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. 2020 ഏപ്രിൽ 29നാണ് ഇന്ത്യൻ സിനിമാ ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തി ഇർഫാൻ ഖാൻ വിടവാങ്ങിയത്. പിതാവിന്റെ വിയോഗം ആദ്യ ദിനങ്ങളിൽ വിശ്വസിക്കാൻ കഴിഞ്ഞില്ല. ഒരാഴ്ച്ചയിലധികം സമയമെടുത്താണ് ആ സത്യം മനസിലാക്കിയത്. ഞാൻ വലിയൊരു ചുഴിയിലേക്ക് വീണുപോയത് പോലെയാണ് തോന്നിയത്. ഏകദേശം ഒന്നര മാസത്തോളം ഒരു മുറിയിൽ അടച്ചിരുന്നു. കൃത്യമായി പറഞ്ഞാൽ 45 ദിവസം.
അദ്ദേഹത്തിന്റെ ഷൂട്ടിംഗ് ചിലപ്പോഴൊക്കെ ഏറെ നീണ്ടുപോകുമായിരുന്നു. അതുപോലെ അദ്ദേഹം വീണ്ടും ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് ഞാൻ വിശ്വസിച്ചു. എന്നാൽ ഇത്തവണത്തെ ഷൂട്ടിംഗ് അവസാനിക്കാത്തതാണെന്ന് പതുക്കെ ഞാൻ മനസിലാക്കി, അദ്ദേഹമിനി ഒരിക്കലും തിരിച്ചുവരില്ല. 'ബാബ' ഒപ്പമില്ലാതെ ഇനി ജീവിച്ചു തുടങ്ങണം. എനിക്കെന്റെ ഏറ്റവും അടുത്ത സുഹൃത്തിനെ നഷ്ടപ്പെട്ടു''. വാക്കുകൾ കൊണ്ട് പറഞ്ഞ് പൂർത്തിയാകാനാകാത്ത നഷ്ടമാണത്. ബബിൽ ഖാൻ പറഞ്ഞു