പ്രശസ്ത ഗായകനും സംഗീതസംവിധായകനുമായ ബപ്പി ലാഹിരി അന്തരിച്ചു
69 വയസായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു
പ്രശസ്ത ഗായകനും ഹിന്ദി സംഗീത സംവിധായകനുമായ ബപ്പി ലാഹിരി അന്തരിച്ചു. 69 വയസായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 80 കളിലും 90 കളിലും ഇന്ത്യയിൽ ഡിസ്കോ സംഗീതം ജനകീയമാക്കിയ ഗായകനാണ് ബപ്പി ലാഹിരി.
''ഒരു മാസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ലാഹിരിയെ തിങ്കളാഴ്ചയാണ് ഡിസ്ചാർജ് ചെയ്തത്. എന്നാൽ ചൊവ്വാഴ്ച അദ്ദേഹത്തിന്‍റെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഡോക്ടര്‍ വീട്ടിലെത്തിയിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചു. അദ്ദേഹത്തിന് നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു.ഒഎസ്എ (ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ) മൂലം അർദ്ധരാത്രിക്ക് തൊട്ടുമുമ്പ് അദ്ദേഹം മരിച്ചു'' മുംബൈ ക്രിട്ടികെയര്‍ ആശുപത്രിയിലെ ഡോക്ടര്‍ ഡോ ദീപക് നംജോഷി പി.ടി.ഐയോട് പറഞ്ഞു. കഴിഞ്ഞ വർഷം ഏപ്രിലിൽ, കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ബപ്പിയെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
മാതാപിതാക്കളായ അപരേഷ് ലാഹിരിയും ബാംസുരിയും ബംഗാളിലെ പ്രശസ്ത സംഗീതജ്ഞരായിരുന്നു. ഇവരുടെ ഒരേയൊരു മകനാണ് ബപ്പി. മൂന്നാം വയസ് മുതല്‍ തബല വായിച്ചു തുടങ്ങി ബപ്പിയുടെ സംഗീതരംഗത്തെ ഗുരുനാഥന്‍മാര്‍ മാതാപിതാക്കളാണ്.പ്രശസ്ത ഗായകന്‍ കിഷോര്‍ കുമാര്‍ ബപ്പിയുടെ ബന്ധുവാണ്.ബാപ്പ ലാഹിരി, രമ ലാഹിരി എന്നീ രണ്ടു മക്കളുമുണ്ട്.
അലോകേഷ് ലാഹിരി എന്നാണ് ബപ്പിയുടെ യഥാര്‍ഥ പേര്. ഇന്ത്യൻ സിനിമയിൽ സിന്തസൈസ് ചെയ്ത ഡിസ്കോ സംഗീതത്തിന്‍റെ ഉപയോഗം അദ്ദേഹം ജനപ്രിയമാക്കുകയും സ്വന്തം രചനകളിൽ ചിലത് ആലപിക്കുകയും ചെയ്തു. അമർ സംഗീ, ആശാ ഓ ഭലോബാഷ, അമർ തുമി, അമർ പ്രേം, മന്ദിര, ബദ്നാം, രക്തലേഖ, പ്രിയ തുടങ്ങിയ ബംഗാളി ചിത്രങ്ങളിൽ അദ്ദേഹം വലിയ ബോക്സോഫീസ് വിജയങ്ങൾ നേടിയിട്ടുണ്ട്. ഡിസ്കോ ഡാന്‍സര്‍, ഡാന്‍സ് ഡാന്‍സ്, ചല്‍ത്തേ ചല്‍ത്തേ, നമക്ക് ഹലാല്‍ തുടങ്ങിയവയാണ് ബപ്പി ലാഹിരി ഈണമിട്ട സിനിമാപ്പാട്ടുകള്‍. വലിയ സ്വര്‍ണ ചെയിനും സണ്‍ ഗ്ലാസും ധരിച്ച് ബപ്പി ആടിപ്പാടുന്നതു കാണുന്നതു തന്നെ ഒരു പ്രത്യേക എനര്‍ജിയാണ്. ബാപ്പി ലാഹിരിയുടെ അവസാന ബോളിവുഡ് ഗാനം 2020ൽ പുറത്തിറങ്ങിയ ബാഗി 3 എന്ന ചിത്രത്തിലെ ഭങ്കാസ് ആയിരുന്നു.
വാർദത്ത്, ഡിസ്കോ ഡാൻസർ, നമക് ഹലാൽ, ഷറാബി. ഡാൻസ് ഡാൻസ്, കമാൻഡോ, സാഹേബ്, ഗാംഗ് ലീഡർ, സൈലാബ് തുടങ്ങിയ ചലച്ചിത്ര സൗണ്ട് ട്രാക്കുകളിലൂടെ 1980കളിലും 19കളിലും അദ്ദേഹം ജനപ്രിയനായിരുന്നു. 2014-ൽ ലാഹിരി ബി.ജെ.പിയിൽ ചേർന്നു. 2014ലെ പൊതു തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിലെ ശ്രീരാംപൂരിൽ (ലോക്‌സഭാ മണ്ഡലം) ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ചു പരാജയപ്പെട്ടു.