മുന്നൂ വർഷത്തെ മിന്നൽ മുരളിയുമായുള്ള യാത്ര അവസാനിച്ചു; കുഞ്ഞിനെ നെറ്റ്ഫ്‌ളിക്‌സിന് കൈമാറി- ബേസിൽ ജോസഫ്
ടോവിനോക്ക് അല്ലാതെ മിന്നൽ മുരളിയെ അവതരിപ്പിക്കുവാൻ മറ്റാർക്കും സാധിക്കില്ലെന്നും ബേസിൽ പറഞ്ഞു. സംവിധായകൻ-നായകൻ ബന്ധം എന്നതിലുപരി തങ്ങൾ തമ്മിൽ സഹോദരങ്ങളെ പോലെയാണെന്നും ബേസിൽ പറഞ്ഞു.
മലയാള സിനിമലോകം ഒരുപാട് പ്രതീക്ഷകളോടെ കാത്തിരിക്കുന്ന മിന്നൽ മുരളിയുടെ ഫൈനൽ മിക്‌സിങും കഴിഞ്ഞ് നെറ്റ്ഫ്‌ളിക്‌സിന് കൈമാറിയെന്ന് സംവിധായകൻ ബേസിൽ ജോസഫ്.
'' ഇന്നലെയാണ് മുന്നൂ വർഷം നീണ്ട മിന്നൽ മുരളിയുമായുള്ള ഞങ്ങളുടെ യാത്ര അവസാനിച്ചത്. ഞങ്ങളുടെ മാനസപുത്രനെ ഞങ്ങൾ അവസാനം നെറ്റ്ഫ്‌ളിക്‌സിനെ ഏൽപ്പിച്ചു. ഇത്രയും നീണ്ട കാലയളവ് ഒരു സിനിമയ്ക്കായി ചെലവഴിച്ചത് കൊണ്ടുതന്നെ ഇത് കേവലമൊരു സാധാരണ സിനിമയല്ലെന്ന് ഞങ്ങൾക്ക് ഉറപ്പിച്ച് പറയാൻ സാധിക്കു''- ബേസിൽ കുറിച്ചു.
'' വളരെ കഷ്ടപ്പെട്ടാണ് ഈ സിനിമ പൂർത്തിയാക്കിയിരിക്കുന്നത്, കോവിഡ് സാഹചര്യമുണ്ടാക്കിയ അനിശ്ചിതത്വങ്ങൾ ചിത്രീകരണം കൂടുതൽ കടുപ്പമുള്ളതാക്കി. പക്ഷേ ടീമിലെ എല്ലാ അംഗങ്ങളുടെയും മികച്ച പ്രവർത്തനത്തിലൂടെ ഞങ്ങൾ അത് പൂർത്തിയാക്കി''- ബേസിൽ കൂട്ടിച്ചേർത്തു.
ഇത്രമാത്രം പരീക്ഷണങ്ങൾ നിറഞ്ഞ ഒരു സിനിമയിൽ പണം നിക്ഷേപിക്കുക എന്ന റിസ്‌ക് ഏറ്റെടുത്ത സിനിമയുടെ നിർമാതാവ് സോഫിയ പോളിന് ബേസിൽ നന്ദി അറിയിച്ചു. ഈ സിനിമയുടെ ഏറ്റവും പ്രധാന ഘടകം മിന്നൽ മുരളി തന്നെയാണ്. ആ കഥാപാത്രത്തെ എല്ലാ രീതിയിലും മികച്ച രീതിയിൽ അവതരിപ്പിച്ച ടോവിനോ തോമസിനും ബേസിൽ നന്ദി അറിയിച്ചു. യഥാർഥത്തിൽ ടോവിനോക്ക് അല്ലാതെ മിന്നൽ മുരളിയെ അവതരിപ്പിക്കുവാൻ മറ്റാർക്കും സാധിക്കില്ലെന്നും ബേസിൽ പറഞ്ഞു. സംവിധായകൻ-നായകൻ ബന്ധം എന്നതിലുപരി തങ്ങൾ തമ്മിൽ സഹോദരങ്ങളെ പോലെയാണെന്നും ബേസിൽ പറഞ്ഞു.
കൂടാതെ സിനിമയുടെ മുഴുവൻ അണിയറ പ്രവർത്തകർക്കും ടോവിനോ നന്ദി അറിയിച്ചിട്ടുണ്ട്. ബേസിൽ ജോസഫിന്റെ മൂന്നാമത്തെ ചിത്രമായ മിന്നൽ മുരളിയുടെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.
ഗോദക്കു ശേഷം ബേസിൽ ജോസഫും ടൊവിനോയും ഒന്നിക്കുന്ന ചിത്രമാണിത്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിൻറെ ബാനറിൽ സോഫിയ പോളാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളം,തമിഴ്, തെലുങ്ക്,ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലായാണ് ചിത്രമൊരുങ്ങുന്നത്. ജിഗർതാണ്ട, ജോക്കർ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പരിചിതനായ തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.അജു വർഗീസ്, ബൈജു,ഹരിശ്രീ അശോകൻ, ഫെമിന ജോർജ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രത്തിലെ രണ്ടു സംഘട്ടന രംഗങ്ങൾ സംവിധാനം ചെയ്തത് ബാറ്റ്മാൻ,ബാഹുബലി, സുൽത്താൻ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്‌ലാഡ് റിംബർഗാണ്. ഷാൻ റഹ്‌മാനാണ് സംഗീതം.
മിന്നൽ മുരളി എന്ന സൂപ്പർ ഹീറോ ആയിട്ടാണ് ചിത്രത്തിൽ ടൊവിനോ അഭിനയിക്കുന്നത്. തുടക്കം മുതലെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു ചിത്രം. ഷൂട്ടിംഗ് സംഘം കാലടിയിൽ ക്രിസ്ത്യൻ പള്ളി മാതൃകയിൽ തീർത്ത സെറ്റ് എ .എച്ച്. പി എന്ന സംഘടനയുടെ ആളുകൾ തകർത്തത് വിവാദമായിരുന്നു.