'ജയ കരഞ്ഞപ്പോൾ പീലി കൂടെ കരഞ്ഞു'; ഇതിൽ കൂടുതൽ എന്താണ് വേണ്ടത് ? പറയാൻ വാക്കുകള്‍ കിട്ടുന്നില്ലെന്ന് ബേസിൽ
കൊച്ചുകുഞ്ഞിന്റെ മനസ് വരെ പിടിച്ചുകുലുക്കിയെങ്കിൽ ഫിലിം വേറെ ലെവലാണെന്ന് കമന്‍റ്
ബേസിൽ ജോസഫും ദർശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ജയ ജയ ജയ ജയഹേ' പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുകയാണ്. വിപിൻ ദാസ് സംവിധാനം ചെയ്ത സിനിമക്ക് മികച്ച പ്രതികരണമാണ് എല്ലായിടത്തുനിന്നും ലഭിക്കുന്നത്. സിനിമയെ പ്രശംസിച്ച് എഴുത്തുകാരൻ ബെന്യാമിനും കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ പോസ്റ്റിട്ടിരുന്നു. ''ഈ സിനിമയുടെ അണിയറ പ്രവർത്തകർക്ക് എതിരെ കേസ് കൊടുക്കണം. ചിരിച്ചുചിരിച്ച് വയറുളുക്കിയതിനു ആര് നഷ്ട പരിഹാരം തരും. എന്തായാലും തീയേറ്റർ ഒന്നാകെ ഇങ്ങനെ ചിരിച്ചു മറിയുന്നത് അടുത്ത കാലത്തെങ്ങും കണ്ടിട്ടില്ല എന്നായിരുന്നു ബെന്യാമിന്‍റെ പോസ്റ്റ്.
ഇപ്പോഴിതാ സിനിമയിലെ നായകനായ ബേസിൽ ജോസഫ് പങ്കുവെച്ച സിനിമ കാണുന്ന കുട്ടി ആരാധികയുടെ വീഡിയോയാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധനേടുന്നത്.
'ജയകരഞ്ഞപ്പോൾ പീലി കൂടെ കരഞ്ഞു, ജയ പുഞ്ചിരിച്ചപ്പോൾ പീലിയും പുഞ്ചിരിച്ചു, എന്റെ മറ്റ് പെണ്ണുങ്ങളും എന്നാണ് വീഡിയോയിലുള്ള അടിക്കുറിപ്പ്. 'സുഹൃത്ത് വാട്‌സാപ്പിൽ അയച്ചുതന്ന വീഡിയോയാണിത് . സിനിമയുടെ ശരിക്കുമുള്ള മാജിക്.. ഇതിൽപരം എന്താണ് വേണ്ടത്..വിപിൻദാസ് ഇതു നിനക്കായി എന്ന അടിക്കുറിപ്പോടെയാണ് ബേസിൽ ഈ വീഡിയോ പങ്കുവെച്ചത്. അജുവർഗീസടക്കം നിരവധി പേർ ബേസിലിന്റെ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. 'ഞാന് കരുതി എനിക്ക് മാത്രമാണ് കരച്ചിൽ വന്നതെന്ന്', 'കൊച്ചുകുഞ്ഞിന്റെ മനസ് വരെ പിടിച്ചുകുലുക്കിയെങ്കിൽ ഫിലിം വേറെ ലെവൽ ആണ് അതിൽ സംശയം ഇല്ല', 'ഇതാണ് സിനിമയുടെ വിജയം' തുടങ്ങി നിരവധി കമന്റുകളും പോസ്റ്റിന് താഴെ ലഭിക്കുന്നുണ്ട്.
സിനിമ പ്രവർത്തകനും എഴുത്തുകാരനുമായ ആര്യൻ ഗിരിജാ വല്ലഭനാണ് ഈ വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. അദ്ദേഹത്തിന്‍റെ മകളാണ് വീഡിയോയിലുള്ള പീലി.
വിവാഹിതയായ പെണ്‍കുട്ടിക്ക് ഭര്‍ത്താവിന്‍റെ നേരിടേണ്ടിവരുന്ന പ്രശ്നങ്ങളെ നര്‍മത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കുന്ന ചിത്രം പ്രേക്ഷകര്‍ക്ക് ഒരു ചിരിവിരുന്ന് തന്നെയാണ് സമ്മാനിക്കുന്നത്. ആനന്ദ് മൻമഥൻ, അസീസ്, സുധീർ പറവൂർ, നോബി മാർക്കോസ്, മഞ്ജു പിള്ള എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ. ഐക്കൺ സിനിമാസ് ആണ് 'ജയ ജയ ജയ ജയ ഹേ'യുടെ വിതരണക്കാർ.
ബബ്ലു അജുവാണ് ഛായാഗ്രഹകന്‍. ജോൺ കുട്ടിയാണ് എഡിറ്റിങ്. അങ്കിത് മേനോൻ സംഗീത സംവിധാനം നിർവഹിക്കുന്നു. ഗാന രചന-വിനായക് ശശികുമാർ,ശബരീഷ് വർമ്മ, ജമൈമ. ഫെലിക്സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. കല-ബാബു പിള്ള. ചമയം-സുധി സുരേന്ദ്രൻ. വസ്ത്രലങ്കാരം-അശ്വതി ജയകുമാർ. നിർമ്മാണ നിർവഹണം-പ്രശാന്ത് നാരായണൻ. മുഖ്യ സഹ സംവിധാനം-അനീവ് സുരേന്ദ്രൻ. ധനകാര്യം-അഗ്നിവേഷ്. പ്രൊഡക്ഷൻ കോർഡിനേറ്റർ-ഐബിൻ തോമസ്. നിശ്ചല ചായാഗ്രഹണം-എസ്.ആർ.കെ . വാർത്താ പ്രചരണം-വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. പബ്ലിസിറ്റി ഡിസൈൻസ്-യെല്ലോ ടൂത്ത്.