'പരാജയപ്പെട്ട് നിരാശനായ നടൻ ഭീഷണിപ്പെടുത്തുന്നു': അര്‍ജുന്‍ കപൂറിനെതിരെ ബി.ജെ.പി മന്ത്രി

ബോളിവുഡ് ബഹിഷ്കരണ ക്യാമ്പെയിനെതിരെ സംസാരിച്ച അര്‍ജുന്‍ കപൂറിനെതിരെ നരോത്തം മിശ്ര

Update: 2022-08-18 10:30 GMT
Advertising

ബഹിഷ്‌കരണ പ്രവണതകള്‍ക്കെതിരെ ബോളിവുഡ് ഇക്കാലമത്രയും നിശബ്ദത പാലിച്ചെന്ന് പറഞ്ഞ നടൻ അർജുൻ കപൂറിന് മറുപടിയുമായി ബി.ജെ.പി മന്ത്രി. പ്രേക്ഷകരെ ഭീഷണിപ്പെടുത്തുന്നതിനേക്കാൾ അര്‍ജുന്‍ കപൂര്‍ തന്‍റെ അഭിനയത്തില്‍ ശ്രദ്ധിക്കണമെന്ന് മധ്യപ്രദേശ് കാബിനറ്റ് മന്ത്രി ഡോ. നരോത്തം മിശ്ര പറഞ്ഞു.

"പരാജയപ്പെട്ട് നിരാശനായ ഒരു നടൻ പ്രേക്ഷകരെ ഭീഷണിപ്പെടുത്തിയാൽ അത് നല്ലതാണെന്ന് ഞാൻ കരുതുന്നില്ല. പ്രേക്ഷകരെ ഭീഷണിപ്പെടുത്തുന്നതിനു പകരം, അദ്ദേഹം തന്റെ അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഞാൻ കരുതുന്നു"- മന്ത്രി പറഞ്ഞു.

"എനിക്ക് അര്‍ജുന്‍ കപൂറിനോട് ഒരു ചോദ്യമുണ്ട്, അദ്ദേഹത്തിനോ തുക്‌ഡെ തുക്‌ഡെ സംഘത്തെ പിന്തുണയ്ക്കുന്ന അദ്ദേഹത്തിന്റെ ഏതെങ്കിലും അഭ്യുദയകാംക്ഷികൾക്കോ ​​മറ്റേതെങ്കിലും മതത്തിൽ സിനിമ ചെയ്യാൻ ധൈര്യമുണ്ടോ? ആ മതങ്ങളോട് എന്തെങ്കിലും അനാദരവ് കാണിക്കാനോ അവരുടെ ദൈവങ്ങളെ മോശമായി ചിത്രീകരിക്കാനോ കഴിയുമോ? സനാതനരായ ഞങ്ങളോട് മാത്രമാണ് അവരിത് ചെയ്യുന്നത്. കാത്തിരിക്കൂ അർജുൻ ജി, പൊതുജനങ്ങൾക്ക് ഇപ്പോൾ എല്ലാം നന്നായി അറിയാം"- നരോത്തം മിശ്ര പറഞ്ഞു.

നേരത്തെ ബോളിവുഡ് ഹംഗാമ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അര്‍ജുന്‍ കപൂര്‍ പറഞ്ഞതിങ്ങനെ- "ഇത്രയും കാലം മിണ്ടാതിരുന്നതിലൂടെ ഞങ്ങൾക്ക് തെറ്റ് പറ്റിയെന്ന് ഞാൻ കരുതുന്നു. നമ്മുടെ മാന്യത ബലഹീനതയായി പരിഗണിച്ചു.ചെയ്ത ജോലി സംസാരിക്കട്ടെയെന്ന് ഞങ്ങൾ എപ്പോഴും വിശ്വസിച്ചു. ഞങ്ങൾ കുറച്ച് കൂടുതല്‍ സഹിച്ചു. ഇപ്പോൾ ആളുകൾക്ക് അത് ശീലമായി".

കഴിഞ്ഞ കുറച്ച് മാസങ്ങളായി ബോക്‌സ് ഓഫീസിൽ ബോളിവുഡിന്റെ മോശം പ്രകടനത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അർജുൻ കപൂര്‍. കോവിഡിന് ശേഷം തിയേറ്ററുകളില്‍ ആളെ കയറ്റാന്‍ പാടുപെടുന്ന ബോളിവുഡിനെയാണ് കാണുന്നത്. ഇതിനൊപ്പം ബോയ്‌കോട്ട് ബോളിവുഡ് ട്രെന്‍ഡ് കൂടി വന്നതോടെ ഇരട്ടിപ്രഹരമാണ് ബോളിവുഡിന്.

ആമിർ ഖാന്‍റെ ലാൽ സിങ് ഛദ്ദ, അക്ഷയ് കുമാറിന്റെ രക്ഷാബന്ധൻ തുടങ്ങിയ സിനിമകള്‍ ബോക്‌സ് ഓഫീസിൽ പരാജയപ്പെട്ടിരുന്നു. രണ്‍ബീര്‍ കപൂര്‍ ചിത്രം ബ്രഹ്മാസ്ത്രയുടെ ട്രെയ്‌ലര്‍ മുതല്‍ തന്നെ ബഹിഷ്‌കരണത്തിനുള്ള മുറവിളികള്‍ ഉയരുകയാണ്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News