'കര്‍ണാടകയിലേതിന് അഭിനന്ദനങ്ങള്‍'; ബി.ജെ.പി നേതാവ് അമിത് മാളവ്യയെ ട്രോളി ബോളിവുഡ് സംവിധായകന്‍ ഹന്‍സല്‍ മെഹ്ത

യു.പി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിന്‍റെ വിവരങ്ങള്‍ പങ്കുവെച്ച ബി.ജെ.പി ഐ.ടി സെല്‍ കണ്‍വീനറെ ട്രോളി ബോളിവുഡ് സംവിധായകന്‍ ഹന്‍സല്‍ മെഹ്‍ത

Update: 2023-05-13 13:09 GMT
Editor : ijas | By : Web Desk
Advertising

കര്‍ണാടകയിലെ കോണ്‍ഗ്രസിന്‍റെ ചരിത്ര വിജയം എങ്ങും ആഘോഷവും ചര്‍ച്ചയുമായിരിക്കെ യു.പിയിലെ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിന്‍റെ വിവരങ്ങള്‍ പങ്കുവെച്ച ബി.ജെ.പി ഐ.ടി സെല്‍ കണ്‍വീനര്‍ അമിത് മാളവ്യയെ ട്രോളി ബോളിവുഡ് സംവിധായകന്‍ ഹന്‍സല്‍ മെഹ്‍ത. ഉത്തര്‍പ്രദേശിലെ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വലിയ വിജയം നേടിയെന്ന ട്വീറ്റ് റീ ട്വീറ്റ് ചെയ്താണ് ഹന്‍സല്‍ മെഹ്ത അമിത് മാളവ്യക്ക് അഭിനന്ദനം നേര്‍ന്നത്. യു.പിയിലെ 17ല്‍ 16 കോര്‍പ്പറേഷന്‍ സീറ്റുകളിലും ബി.ജെ.പി ലീഡ് ചെയ്യുന്നുവെന്നായിരുന്നു അമിത് മാളവ്യയുടെ ട്വീറ്റ്. ഇത് റീ ട്വീറ്റ് ചെയ്ത് 'കര്‍ണാടകയിലേതിന് അഭിനന്ദനങ്ങള്‍' എന്ന് ഹന്‍സല്‍ മെഹ്ത തിരിച്ചടിച്ചു. ഹന്‍സല്‍ മെഹ്തയുടെ ട്വീറ്റിന് താഴെ നിരവധി പേരാണ് ബി.ജെ.പി നേതാവിനെ പരിഹസിച്ച് രംഗത്തുവന്നിരിക്കുന്നത്. സുരക്ഷിതനായിരിക്കണമെന്നും ഇ.ഡിയും സിബിഐയും വന്നേക്കാമെന്നും ഒരാള്‍ ഹന്‍സലിന്‍റെ പോസ്റ്റിന് താഴെ കമന്‍റ് ചെയ്തു.

ദേശീയ പുരസ്കാര ജേതാവായ ഹന്‍സല്‍ മെഹ്ത ബോളിവുഡിലെ ശ്രദ്ധേയ ചിത്രങ്ങള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുണ്ട്. ഷാഹിദ്, അലിഗഡ്, ഒമര്‍ട്ട, സിറ്റി ലൈറ്റ്സ് എന്നീ സിനിമകളുടെ സംവിധായകനാണ്.

കര്‍ണാടകയില്‍ ബിജെപിയെ കെട്ടുകെട്ടിച്ച് 224ൽ 137 സീറ്റുകൾ നേടി ഒറ്റയ്ക്ക് അധികാരത്തിലെത്തിയിരിക്കുകയാണ് കോൺ​ഗ്രസ്. 113 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടതെന്നിരിക്കെയാണ് മികച്ച വിജയത്തോടെ കോൺ​ഗ്രസിന്‍റെ വമ്പൻ തിരിച്ചുവരവ്. കേവലം 64 സീറ്റുകളിലേക്ക്‌ ബി.ജെ.പി മൂക്കുകുത്തി വീണപ്പോൾ എച്ച്.ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ജെ.ഡി.എസിന് 20 സീറ്റുകളും മറ്റുള്ളവർക്ക് നാല് സീറ്റുകളും ലഭിച്ചു.

സംസ്ഥാനത്ത് നേരിട്ടെത്തി മോദി നടത്തിയ വലിയ പ്രചരണങ്ങളും റാലികളുമെല്ലാം പൂർ‍ണമായും പരാജയപ്പെട്ടെന്ന് തെളിയിക്കുന്നതു കൂടിയാണ് തെര‍ഞ്ഞെടുപ്പ് ഫലം. കർണാടകയിൽ ബിജെപിയുടെ മോദി ഫാക്ടർ പൂർണമായും തകർന്നടിയുകയായിരുന്നു. 33 റാലികളും 28 റോഡ് ഷോകളുമുൾപ്പെടെയുള്ള വമ്പൻ പരിപാടികൾ സംഘടിപ്പിച്ചിട്ടും അതൊന്നും കാര്യമുണ്ടാക്കിയില്ല.

ഇതിൽ 13 പൊതുയോഗങ്ങളും രണ്ട് വമ്പന്‍ റോഡ് ഷോകളും തെരഞ്ഞെടുപ്പിന് പത്ത് ദിവസം മുമ്പു മാത്രം മോദി നടത്തിയതാണ്. പലവിധത്തിൽ പ്രതിരോധക്കുഴിയിലായ ബി.ജെ.പിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യം ആശ്വാസമായിരുന്നു. എന്നാല്‍, ഈ റോഡ് ഷോയില്‍ വന്‍ ജനസാന്നിധ്യമുണ്ടായിരുന്ന ബെംഗളൂരു മേഖലയിലടക്കം കോണ്‍ഗ്രസിന് മികച്ച വിജയം നേടാനായി എന്നതാണ് ശ്രദ്ധേയം.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News