'എന്നെ അപകീര്‍ത്തിപ്പെടുത്തി': സ്കൂപ്പിനെതിരെ ഛോട്ടാ രാജന്‍ ഹൈക്കോടതിയില്‍
2011ല്‍ മാധ്യമപ്രവര്‍ത്തകന്‍ ജ്യോതിര്‍മയ് ഡേ കൊല്ലപ്പെട്ട സംഭവത്തെ കേന്ദ്രീകരിച്ചാണ് സ്കൂപ്പിന്‍റെ പ്രമേയം
മുംബൈ: സ്കൂപ്പ് എന്ന വെബ് സീരീസിനെതിരെ മാഫിയ തലവന്‍ ഛോട്ടാ രാജന്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. വെബ് സീരീസില്‍ തന്‍റെ പേരും ഫോട്ടോയും ഉപയോഗിച്ചെന്നാണ് പരാതി. നെറ്റ്ഫ്ലിക്സില്‍ സീരീസ് ഇതിനകം റിലീസ് ചെയ്തിട്ടുണ്ടെന്ന് ജസ്റ്റിസ് ശിവകുമാർ ജി ദിഗെ ചൂണ്ടിക്കാട്ടി. അതേസമയം ബന്ധപ്പെട്ട കക്ഷികള്‍ക്ക് മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ജഡ്ജി നോട്ടീസ് അയച്ചു. ബൗദ്ധിക സ്വത്തവകാശവുമായി ബന്ധപ്പെട്ട (ഐപിആർ) ഹരജി പരിഗണിക്കുന്നത് കോടതി ജൂൺ 7ലേക്ക് മാറ്റി.
2011ല്‍ മിഡ് ഡേയിലെ മാധ്യമപ്രവര്‍ത്തകന്‍ ജ്യോതിര്‍മയ് ഡേ കൊല്ലപ്പെട്ട സംഭവത്തെ കേന്ദ്രീകരിച്ചാണ് സ്കൂപ്പിന്‍റെ പ്രമേയം. 2018ല്‍ ഛോട്ടാ രാജന്‍ ഉള്‍പ്പെടെയുള്ളവര്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. ജിഗ്‌ന വോറ എന്ന മാധ്യമപ്രവര്‍ത്തകയെ കുറ്റവിമുക്തയാക്കി. ആറ് എപ്പിസോഡുകളുള്ള സ്‌കൂപ്പ്, ജിഗ്ന വോറയുടെ ജയില്‍ ഓര്‍മക്കുറിപ്പിനെ ആധാരമാക്കി തയ്യാറാക്കിയതാണെന്ന് നെറ്റ്ഫ്‌ലിക്‌സിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രവി കദം ഹൈക്കോടതിയില്‍ വ്യക്തമാക്കി.
എന്നാല്‍ വിചാരണക്കോടതിയുടെ ശിക്ഷാവിധി തന്റെ പേര് കളങ്കപ്പെടുത്താൻ അപകീർത്തികരമായ രീതിയിൽ ഉപയോഗിക്കാനാവില്ലെന്ന് ഛോട്ടാ രാജന്‍ വാദിച്ചു. സീരീസില്‍ നിന്ന് ഛോട്ടാ രാജന്‍റെ പേരും ചിത്രവും നീക്കം ചെയ്യാന്‍ നിര്‍മാതാക്കളോട് നിര്‍ദേശിക്കണമെന്ന് അഭിഭാഷകന്‍ മിഹിര്‍ ദേശായി ആവശ്യപ്പെട്ടു. എന്നാല്‍ ജ്യോതിര്‍മയ് ഡേയെ കൊലപ്പെടുത്തിയ കേസില്‍ ഛോട്ടാ രാജന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതാണെന്നും ഈ സാഹചര്യത്തില്‍ പേരും ചിത്രവും ഉപയോഗിക്കാമെന്നും അഭിഭാഷകന്‍ രവി കദം വാദിച്ചു. ഹരജിയില്‍ ഉടന്‍ തീരുമാനമെടുക്കാന്‍ കോടതി വിസമ്മതിച്ചു. മറുപടി സത്യവാങ്മൂലം ലഭിച്ച ശേഷം കേസ് കേള്‍ക്കാമെന്ന് കോടതി വ്യക്തമാക്കി.
Summary- Without granting any reliefs, the Bombay High Court adjourned till June 7 the hearing of a suit concerning intellectual property rights (IPR) filed by jailed mafia don, Rajendra S Nikhalje alias Chhota Rajan, seeking to restrain the release of the new Netflix series Scoop