മോഹൻലാൽ - പൃഥ്വിരാജ് ചിത്രം ബ്രോ ഡാഡി കേരളത്തിൽ ചിത്രീകരിക്കും

കേരളത്തിലെ കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഹൈദരാബാദിൽ സെറ്റിട്ടിരുന്നു

Update: 2021-07-18 06:09 GMT
Advertising

മോഹൻലാൽ - പൃഥ്വിരാജ് ചിത്രം ബ്രോ ഡാഡി കേരളത്തിൽ ചിത്രീകരിക്കും. ആഗസ്ത് രണ്ടാം വാരത്തോടെ കേരളത്തിലേക്ക് എത്തുമെന്ന് നിര്‍മാതാവ്  ആന്‍റണി പെരുമ്പാവൂർ അറിയിച്ചു. കേരളത്തിലെ കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഹൈദരാബാദിൽ സെറ്റിട്ടിരുന്നു. ആ ഭാഗങ്ങൾ ചിത്രീകരിച്ച ശേഷമേ കേരളത്തിലേക്ക് വരൂ.

ജീത്തു ജോസഫ് ട്വവൽത് മാൻ ഷൂട്ടിങ് ആഗസ്ത് അഞ്ചാം തിയ്യതി കേരളത്തിൽ തുടങ്ങും. സിനിമാ ഷൂട്ടിങിന് കഴിഞ്ഞ ദിവസം അനുമതി നല്‍കിയതോടെയാണ് ചിത്രീകരണത്തിനായി ഇതര സംസ്ഥാനങ്ങളിലേക്ക് പോയ സിനിമാ പ്രവര്‍ത്തകര്‍ തിരിച്ചെത്തുന്നത്.

സീരിയലുകൾക്ക്‌ അനുവാദം കൊടുത്തിട്ടും സിനിമകള്‍ക്ക് മാത്രം ചിത്രീകരണത്തിന് അനുമതി നല്‍കാതിരുന്നതിനെതിരെ ഫെഫ്ക രംഗത്തെത്തിയിരുന്നു. ബ്രോ ഡാഡി കേരളത്തില്‍ ചിത്രീകരിക്കേണ്ട ചിത്രമായിരുന്നു. കേരളത്തില്‍ അനുമതി ലഭിക്കാത്തതിനാലാണ് ഹൈദരാബാദിലേക്ക് പോയത്. മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുമ്പോള്‍ കേരളത്തിലെ ടെക്‌നീഷ്യന്‍മാര്‍ക്ക് ജോലി കൊടുക്കാന്‍ സാധിക്കില്ല. സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ കേരളത്തിലെ ചലച്ചിത്ര വ്യവസായം കടുത്ത പ്രതിസന്ധിയിലേക്ക് പോകുമെന്നും സംഘടനകള്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി.


കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സിനിമാ ഷൂട്ടിങിന് അനുമതി നല്‍കിയെന്ന് അറിയിച്ചത്. എ, ബി കാറ്റഗറിയിലാണ് സിനിമ ഷൂട്ടിങിന് അനുമതി. ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തവരെ മാത്രമേ സെറ്റിലേക്ക് പ്രവേശിപ്പിക്കാവൂ.

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമാണ് ബ്രോ ഡാഡി. ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് നിര്‍മാണം. കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൌബിന്‍ ഷാഹിര്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ശ്രീജിത്ത്, ബിബിന്‍ മാളിയേക്കല്‍ എന്നിവരുടേതാണ് തിരക്കഥ. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം‍. സംഗീതം ദീപക് ദേവ്. എഡിറ്റിങ് അഖിലേഷ് മോഹന്‍.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News