നടി ആകാൻക്ഷയുടെ മരണം; ഭോജ്പുരി ഗായകനെതിരെ കേസ്
മരിക്കുന്നതിന് മുമ്പ് ഇവർ കണ്ണീരണിഞ്ഞ് ഇൻസ്റ്റഗ്രാം ലൈവിൽ പ്രത്യക്ഷപ്പെട്ടിരുന്നു
വാരണാസി: നടി ആകാൻക്ഷ ദുബെയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയതിനെ സംഭവത്തിൽ ഭോജ്പുരി ഗായകൻ സമർ സിങ്ങിനും സഹോദരനുമെതിരെ കേസെടുത്തു.25 കാരിയായ ഭോജ്പുരി നടനെ ഞായറാഴ്ചയാണ് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
നടിയുടെ അമ്മ മധു ദുബെയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗായകൻ സമർ സിങ്ങിനും സഹോദരൻ സഞ്ജയ് സിങ്ങിനുമെതിരെ കേസെടുത്തതെന്ന് സാരാനാഥ് പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ധർമപാൽ സിംഗ് പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. ആത്മഹത്യാ പ്രേരണയ്ക്കും മറ്റ് പ്രസക്തമായ വകുപ്പുകൾക്കും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുറിയിൽ നിന്ന് കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ലെന്നും അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ (സാരാനാഥ്) ഗ്യാൻ പ്രകാശ് റായ് പറഞ്ഞു.
മരിക്കുന്നതിന് മുമ്പ് ഇവർ കണ്ണീരണിഞ്ഞ് ഇൻസ്റ്റഗ്രാം ലൈവിൽ പ്രത്യക്ഷപ്പെട്ടിരുന്നു. മരണത്തിന് തൊട്ടുമുമ്പ് ഒരു ഗാനത്തിന് നൃത്തം ചെയ്യുന്നതിന്റെ വീഡിയോ ഇവർ പങ്കുവച്ചിട്ടുണ്ട്. രാവിലെ ഒമ്പതിന് മേക്കപ്പ് ബോയ് വിളിച്ച വേളയിലാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. മിർസാപൂർ സ്വദേശിയാണ്. 25 വയസ്സുള്ള ഇവർ മേരി ജുങ് മേരാ ഫൈസല എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്.
ഉത്തർപ്രദേശിലെ ബദോഹി ജില്ലക്കാരിയാണ് നടി ആകാൻക്ഷ ദുബെ. സിനിമാ ഷൂട്ടിങ്ങിനായി വാരണാസിയിലെ ഹോട്ടലിൽ താമസിച്ചു വരികയായിരുന്നു. ഞായറാഴ്ച പുലർച്ചെ വരെ നടി പുറത്തേക്ക് വരാതിരുന്നപ്പോൾ ഹോട്ടൽ ജീവനക്കാർ മാസ്റ്റർ കീ ഉപയോഗിച്ച് മുറിയിൽ പ്രവേശിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 'കസം പൈദാ കർനെ വാലെ കി 2', 'മുജ്സെ ഷാദി കരോഗി' (ഭോജ്പുരി), 'വീരോൻ കെ വീർ' എന്നിവയുൾപ്പെടെ നിരവധി സിനിമകളിൽ ആകാൻക്ഷ ദുബെ അഭിനയിച്ചിട്ടുണ്ട്.