മണ്ടനല്ല, ഗിരീഷേട്ടന്‍ ശരിക്കും ഒരു നിഷ്ക്കളങ്കനാണ്; രഞ്ജി കാങ്കോല്‍

ഒളിച്ചോടുന്ന സമയത്ത് സുജയുടെ കൂടെയുള്ള ചെറുപ്പക്കാരനെ സംശയിക്കാതെ..ബാഗ് ഞാന്‍ പിടിക്കാം. നീയെന്തിനാണ് സംശയിക്കുന്നത് ..ഞാനല്ലേ ടെന്‍ഷനടിക്കേണ്ടത് എന്നാണ് ഗിരീഷ് പറയുന്നത്

Update: 2021-11-05 06:48 GMT
Advertising

''കുയപ്പില്ല്യാ ചേച്ചി... സാഹചര്യമാണല്ലോ മനുഷ്യനെ കൊണ്ട് ഓരോരോ കാര്യം ചെയ്യിപ്പിക്കുന്നത്...അല്ലേ അമ്മേ....'' മേരിയേച്ചി മുറ്റത്തേക്കൊഴിച്ച പുളിശ്ശേരി വെള്ളത്തില്‍ കുളിച്ചു നില്‍ക്കുന്ന ഗിരീഷേട്ടന്‍. വെള്ളം വീണതൊന്നും അയാള്‍ക്കൊരു പ്രശ്നമേയല്ല... സുജയോടുള്ള പ്രണയത്തിന്‍റെ പേരില്‍ അയാളെന്തും സഹിക്കും...കാണുന്നവര്‍ക്കും തോന്നും എന്തു നിഷ്ക്കളങ്കനാണ് ഗിരീഷേട്ടനെന്ന്...തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ പൊട്ടിച്ചിരിപ്പിച്ചത് ആരാണെന്ന് ചോദിച്ചാല്‍ ചിത്രം കണ്ടവര്‍ പറയും അതു പന്തല് പണിയാനെത്തിയ ഗിരിഷേട്ടനാണെന്ന്. കണ്ണൂരുകാരനായ രഞ്ജി കാങ്കോലാണ് ഗിരീഷേട്ടനായി സിനിമയില്‍ തകര്‍ത്താടിയത്. ഓട്ടര്‍ഷ എന്ന ചിത്രത്തിലൂടെയാണ് രഞ്ജി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. തിങ്കളാഴ്ച നിശ്ചയത്തിലെത്തിയതിനെക്കുറിച്ച് രഞ്ജി മീഡിയവണ്‍ ഓണ്‍ലൈനിനോട് സംസാരിക്കുന്നു.


ഗിരിഷേട്ടന്‍ ശരിക്കും നിഷ്ക്കളങ്കനാണോ..അതോ മണ്ടനാണോ?

ഗിരീഷ് ശരിക്കും നിഷ്ക്കളങ്കനായ ആള് തന്നെയാണ് അതുകൊണ്ടാണ് മച്ചുനന്‍റെ വാക്കു കേട്ടും സുജയുടെ വാക്കു കേട്ടും ഒരു ഒളിച്ചോട്ടത്തിന് തയ്യാറാകുന്നത്. ഒളിച്ചോടുന്ന സമയത്ത് സുജയുടെ കൂടെയുള്ള ചെറുപ്പക്കാരനെ സംശയിക്കാതെ..ബാഗ് ഞാന്‍ പിടിക്കാം. നീയെന്തിനാണ് സംശയിക്കുന്നത് ..ഞാനല്ലേ ടെന്‍ഷനടിക്കേണ്ടത് എന്നാണ് ഗിരീഷ് പറയുന്നത്. അതുംപോരാതെ ഒരു രണ്ടായിരം രൂപ പെട്രോളടിക്കാന്‍ മൂപ്പരുടെ കീശയില്‍ വച്ചുകൊടുക്കുകയും ചെയ്ത ഗിരീഷ് ശരിക്കും ഒരു നിഷ്ക്കളങ്കന്‍ തന്നെയാണ്. പക്ഷെ ചെറിയ മണ്ടത്തരങ്ങളുമുണ്ട്..എല്ലാക്കാര്യത്തിലും എടുത്തുചാട്ടമുള്ള ആളാണ് ഗിരീഷ്.

സംവിധായകന്‍ സെന്ന ഹെഗ്ഡേ സാറും ക്രിയേറ്റീവ് ഡയറക്ടര്‍ രാജേഷ് മാധവനും ഗിരീഷ് എന്ന കഥാപാത്രത്തെക്കുറിച്ച് കൃത്യമായി പറഞ്ഞുതന്നിരുന്നു. ഓവര്‍ആക്ട് ചെയ്യാന്‍ സാധ്യതയുള്ള കഥാപാത്രമാണിതെന്നും അതുകൊണ്ട് കൈവിട്ടുപോകാന്‍ പാടില്ലെന്നും സെന്ന സാര്‍ പറഞ്ഞിരുന്നു. എന്നാല്‍ കുറച്ച് അമിതാഭിനയം വേണംതാനും. അങ്ങനയൊരു പ്രശ്നമുണ്ട്. കാരണം മുഖത്ത് പുളിശ്ശേരി വീണ സമയത്ത് ഗിരീഷ് പ്രണയത്തിന്‍റെ ലഹരിയിലാണ്. അതുപോലെ തന്നെ സുജയെ അമ്മയെ കാണുന്ന സമയത്ത് ഭാവി അമ്മയായിട്ടൊക്കെയാണ് മൂപ്പര് കാണുന്നത്. അമ്മേ...എന്നു വിളിക്കുന്ന സമയത്തൊക്കെ കുറച്ച് ഓവര്‍ ആക്ടിക്കൊക്കെ കയറിവരാം. അങ്ങനെ വരാനും പാടില്ല. എന്നാല്‍ കൃത്യമായ നിര്‍ദേശങ്ങളുണ്ടായിരുന്നു. അങ്ങനെയാണ് ഗിരീഷ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഓരോ സീന്‍ കഴിയുമ്പോഴും ഓവറായിട്ടുണ്ടോ എന്നു ചര്‍ച്ച ചെയ്യുമായിരുന്നു. ഗിരീഷിനെ ആ രീതിയിലേക്ക് ആക്കി മാറ്റിയത് ശരിക്കും സംവിധായകന്‍റെ കഴിവാണ്.

ഗിരീഷ് എന്ന കഥാപാത്രം ഒഴികെ ബാക്കി എല്ലാവരും വളരെ ലൈവ് ആയി പെര്‍ഫോം ചെയ്യുന്ന ആളുകളാണ്. ഗിരീഷിന്‍റെ സുജയുടെ വീട്ടിലേക്കുള്ള വരവൊക്കെ നോര്‍മലാണ്. എന്നാല്‍ പ്രണയം തലക്കു പിടിച്ചുകഴിഞ്ഞപ്പോള്‍ അയാളാകെ മാറുകയാണ്. എന്നാല്‍ ഓവറായാല്‍ ഇത്രയും വലിയ സിനിമയില്‍ അതൊരു കല്ലുകടിയായി മാറുകയും ചെയ്യും. സെന്ന സാറും രാജേഷ് മാധവനും ചേര്‍ന്നാണ് ഗിരീഷിനെ പാകത്തില്‍ ഒരുക്കിയെടുത്തത്.

ഗിരീഷിനെക്കുറിച്ചുള്ള ആളുകളുടെ പ്രതികരണം എങ്ങനെയായിരുന്നു?

തിങ്കളാഴ്ച നിശ്ചയം എന്ന സിനിമ സോണി ലൈവില്‍ റിലീസായ അന്നുമുതല്‍ എന്നെ പലഭാഗത്തു നിന്നും ആളുകള്‍ വിളിക്കുന്നുണ്ട്. ഗിരീഷേട്ടന്‍ സങ്കടമായെന്നാണ് എല്ലാവരും പറഞ്ഞത്. ക്ലൈമാക്സില്‍ ഗിരീഷേട്ടനെ കണ്ടപ്പോള്‍ വിഷമമായെന്നും പിന്നെ രതീഷിന്‍റെ പോക്കറ്റില്‍ നിന്നും പൈസ എടുക്കുന്ന രംഗം കണ്ടപ്പോഴാണ് കുറച്ചെങ്കിലും ആശ്വാസമായതെന്നുമാണ് വിളിക്കുന്നവര്‍ പറയുന്നത്. സിനിമയില്‍ ഏറ്റവും കൂടുതല്‍ ചിരിച്ചത് ഗിരീഷേട്ടന്‍റെ കോമഡികള്‍ കേട്ടിട്ടാണെന്ന് അഭിപ്രായം പറഞ്ഞവരുമുണ്ട്. എന്തായാലും എല്ലാവര്‍ക്കും ഗിരീഷേട്ടനെ ഇഷ്ടമായി എന്നറിഞ്ഞതില്‍ ഒരുപാട് സന്തോഷം.



ആന്‍ഡ്രോയിഡ് കുഞ്ഞപ്പനിലെ പത്രക്കാരന്‍ ബാബുവില്‍ നിന്നും ഗിരീഷിലേക്ക്?

ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ എന്ന ചിത്രത്തിന് ശേഷം ചെയ്ത ചിത്രമാണ് തിങ്കളാഴ്ച നിശ്ചയം. സംവിധായകന്‍ സെന്ന ഹെഗ്ഡേ സാറും രാജേഷ് മാധവനും ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ കണ്ടിരുന്നു. അങ്ങനെയാണ് തിങ്കളാഴ്ച നിശ്ചയത്തിലേക്ക് എന്നെ തെരഞ്ഞെടുക്കുന്നതും ഞാന്‍ ഗിരീഷാകുന്നതും. പത്രക്കാരന്‍ ബാബുവും ഗിരീഷും രണ്ടും രണ്ട് കഥാപാത്രങ്ങളാണ്. ബാബു ഒരു ഭര്‍ത്താവാണ്, ഒരു കുട്ടിയുടെ അച്ഛനാണ് ..പിന്നെ എല്ലാത്തിലുമുപരി ഒരു കുരുട്ടുബുദ്ധിക്കാരനാണ്. പിന്നെ പെട്ടെന്ന് പ്രതികരിക്കുന്നയാളുമാണ് പത്രക്കാരന്‍ ബാബു. എന്നാല്‍ ഗിരീഷാകട്ടെ നേരത്തെ പറഞ്ഞതുപോലെ ഒരു നിഷ്ക്കളങ്കനാണ്. ഒരു പ്രണയമൊക്കെ പരാജയപ്പെട്ടു നില്‍ക്കുന്ന പാവം പന്തലുപണിക്കാരന്‍. രണ്ടും വ്യത്യസ്ത റോളുകളാണ്.

കണ്ണൂരുകാരനെ കാസര്‍കോട് ഭാഷ വലച്ചോ?

ഭാഷയുടെ കാര്യത്തില്‍ അങ്ങനെയൊരു ബുദ്ധിമുട്ടുണ്ടായിട്ടില്ല. കാരണം എനിക്ക് പരിചയമുള്ള ഒരുപാട് നാടകക്കാര് കാസര്‍കോട് ഭാഗത്തുണ്ട്. അവരുമായുള്ള സംസാരത്തിലൂടെ കാസര്‍കോട് ഭാഷ എനിക്ക് പരിചിതമായിരുന്നു. പിന്നെ എന്തെങ്കിലും സംശയമോ മറ്റോ ഉണ്ടായാല്‍ പറഞ്ഞുതരാന്‍ തിങ്കളാഴ്ച നിശ്ചയം ടീമിലെ എല്ലാവരും ഉണ്ടായിരുന്നു. ഒരു കുടുംബം പോലെയാണ് ഞങ്ങള്‍ ഷൂട്ടിംഗ് സമയത്ത് കഴിഞ്ഞത്. സ്വഭാവികമായും അങ്ങോട്ടും ഇങ്ങോട്ടും ചോദിക്കാനുള്ള സ്വാതന്ത്ര്യമൊക്കെ സെറ്റിലുണ്ടായിരുന്നു.

നാടകപ്രവര്‍ത്തനം ഇപ്പോഴുമുണ്ടോ?

നാടകത്തിലൂടെയാണ് ഞാന്‍ സിനിമയിലെത്തിയത്. ഇനിയും ഇപ്പോഴെന്നല്ല, എപ്പോഴും നാടകം കൂടെയുണ്ടാകും. നാടകം നല്‍കുന്നൊരു ഊര്‍ജമുണ്ട്. ഒരു വലിയ സദസില്‍ ഒരു നടന്‍ പെര്‍ഫോം ചെയ്യുന്ന സമയത്ത് ആ സദസിന്‍റെ ഏറ്റവും പിറകില്‍ നില്‍ക്കുന്ന ആളിലേക്കും അവന്‍റെ അഭിനയം എത്തണം. എന്നാലേ ആ നാടകം വിജയിക്കൂ. ജിനോ ജോസഫിന്‍റെ നാടകത്തിലാണെന്ന് തോന്നുന്നു ..ഞാനൊരു ഡയലോഗ് പറയുന്നുണ്ട്..''ജീവിതത്തിലും നാടകത്തിലും റീടേക്കുകളില്ല'' എന്ന്. ഒരു വലിയ ആള്‍ക്കൂട്ടത്തിനു മുന്നില്‍ നാടകം കളിക്കുമ്പോള്‍ ഒരിക്കല്‍ കൂടി ചെയ്യട്ടെ എന്നു പറയാന്‍ സാധിക്കില്ല. ജീവിതവും അതുപോലെ തന്നെയാണ് എന്തെങ്കിലും ചെയ്തിട്ട് വീണ്ടും തിരിച്ചുപിടിക്കാമെന്ന് ഒരിക്കലും വിചാരിക്കണ്ട.

പക്ഷെ സിനിമയില്‍ അതു സാധിക്കും. നാടകത്തില്‍ നിന്നും ഞാന്‍ പഠിച്ച കഥാപാത്രങ്ങള്‍, സുഹൃത് വലയത്തില്‍ നിന്നും ചില ആളുകളുടെ മാനറിസങ്ങള്‍ ഇവയൊക്കെയാണ് ഞാന്‍ സിനിമയില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. പത്രക്കാരന്‍ ബാബുവായാലും ഗിരീഷേട്ടനായാലും അതിനു മുന്‍പ് ചെയ്ത ബസിലെ ക്ലീനറായാലും ...ഇതൊക്കെ കിട്ടുന്നത് ഒരുപാട് വര്‍ഷത്തെ നാടകയാത്രയിലൂടെയും സൌഹൃദബന്ധങ്ങളിലൂടെയുമാണ്.


രഞ്ജി സംവിധാനം ചെയ്ത പട്ടാണിച്ചികള്‍ എന്ന തെരുവുനാടകത്തെക്കുറിച്ച്?

പട്ടാണിച്ചികള്‍ എന്ന നാടകം എന്‍റെ ആദ്യ തെരുവുനാടകമാണ്. അതു കണ്ണൂര്‍ സര്‍വകലാശാല കലോത്സവത്തില്‍ മാതില്‍ ഗുരുദേവ് കോളേജിനു വേണ്ടിയാണ് ആ തെരുവുനാടകം ചെയ്തത്. സമ്മാനങ്ങളൊക്കെ കിട്ടിയിരുന്നു. അതിനു ശേഷം ആ നാടകം വെള്ളൂര്‍ യുവധാര ഏറ്റെടുത്തു. മുക്കാല്‍ മണിക്കൂര്‍ നാടകമാക്കി കേരളത്തിലങ്ങോളമിങ്ങോളം അവതരിപ്പിച്ചിട്ടുണ്ട്. പട്ടാണിച്ചികള്‍ പറയുന്ന രാഷ്ട്രീയം തന്നെയാണ് അതിനെ അത്ര ആഴത്തില്‍ ജനങ്ങളിലേക്ക് എത്തിച്ചത്. യാത്ര ഒരു പാട് ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍. ഒരു ദിവസം ബൈക്കില്‍ പോകുമ്പോള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും വന്ന കുറച്ചു കുടുംബങ്ങള്‍ റോഡരികില്‍ ഇരുമ്പ് പഴുപ്പിച്ച് ആയുധങ്ങള്‍ ഉണ്ടാക്കുന്ന ഒരു കാഴ്ച കണ്ടു. കുറച്ചു നേരം ഞാനവിടെ നിന്നു..കുറച്ചു പേര്‍ അവിടെ നിന്നും കത്തിയും മറ്റും വാങ്ങുന്നുണ്ട്. പുകയും തീയും ചൂടുമൊന്നും വകവയ്ക്കാതെയുള്ള അവരുടെ അധ്വാനം എന്നെ വളരെയധികം ആകര്‍ഷിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളിലും ഞാനവരെ പോയി കണ്ടു, അവരുടെ സ്വഭാവസവിശേഷതകള്‍ മനസിലാക്കി. വെള്ളൂരുള്ള അനീഷ് ഫോക്കസ് എന്ന സുഹൃത്തിനെ കൊണ്ട് അവരുടെ കുറച്ചു ചിത്രങ്ങള്‍ എടുത്തു. അവരുടെ ജീവിതവും ഇന്നത്തെ രാഷ്ട്രീയവുമൊക്കെ ചേര്‍ത്ത് തയ്യാറാക്കിയ നാടകമാണ് പട്ടാണിച്ചികള്‍. അതിനു ശേഷം ഞാന്‍ ഒരുപാട് നാടകങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും പട്ടാണിച്ചികള്‍ എന്ന തെരുവുനാടകം ചെയ്ത ആളല്ലേ എന്നു ആളുകള്‍ ചോദിക്കുമ്പോള്‍ ലഭിക്കുന്ന സന്തോഷം ഒന്നു വേറെ തന്നെയാണ്.

സിനിമക്കും നാടകത്തിനും പുറമെ ശില്‍പനിര്‍മാണവും ഉണ്ടല്ലേ?

സിനിമയിലേക്ക് എത്തുന്നത് നാടകത്തിലൂടെയാണെങ്കില്‍ നാടകത്തിലേക്ക് എത്തുന്നത് ശില്‍പനിര്‍മാണത്തിലൂടെയാണ്. ബാലു കണ്ടോത്ത്, അശോകന്‍ കതിരൂര്‍ ഇവരുടെയൊക്കെ നാടകങ്ങളില്‍ ഞാനൊരുപാട് പ്രോപ്പര്‍ട്ടികള്‍ ചെയ്തിട്ടുണ്ട്. അങ്ങനെയാണ് നാടകത്തിലേക്ക് എത്തുന്നത്. ഇവരുടെയൊക്കെ നാടകത്തില്‍ അഭിനയിക്കുകയും ചെയ്തു. അങ്ങനെയാണ് ജിനോ ജോസഫിനെ പരിചയപ്പെടുന്നത്. മത്തി എന്ന നാടകത്തില്‍ റഫീഖ് എന്ന കഥാപാത്രത്തെ അങ്ങനെയാണ് അവതരിപ്പിക്കുന്നത്. ആ കഥാപാത്രത്തിന് മികച്ച നടനുള്ള പുരസ്കാരം ദേശീയതലത്തിലൊക്കെ ലഭിക്കുകയുണ്ടായി. എല്ലാ കലകളും കൂടിച്ചേരുന്ന ഒന്നാണ് നാടകം അല്ലെങ്കില്‍ സിനിമ.

പുതിയ സിനിമകള്‍

വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ നായകനായ രണ്ട് എന്ന ചിത്രമാണ് ഇനി പുറത്തിറങ്ങാനുള്ളത്. ഡിസംബര്‍ 10നാണ് റിലീസ്. കുട്ടികളുടെ ഒരു സിനിമ 'മടപ്പള്ളി യുണൈറ്റഡ്', കാര്‍ഡ്സ് എന്നീ ചിത്രങ്ങളും റിലീസ് ചെയ്യാനുണ്ട്. പിന്നെ ഒന്നുരണ്ടു പുതിയ ചിത്രങ്ങളിലേക്ക് വിളിച്ചിട്ടുണ്ട്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - ജെയ്സി തോമസ്

contributor

Similar News