'തേരി ആങ്കോം' പാടി ചിത്ര; ഇതിഹാസ ഗായിക ലതാജിക്ക് സംഗീതാർച്ചന
ചിത്രയുടെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്ത് വിട്ടത്
ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കറിന് സംഗീതാര്‍ച്ചനയുമായി മലയാളത്തിന്‍റെ വാനമ്പാടി കെ.എസ് ചിത്ര. ലത മങ്കേഷ്കർ ആലപിച്ച 'തേരി ആങ്കോം' എന്ന ഗാനത്തിന്റെ കവർ വേർഷനിലൂടെയാണ് ചിത്ര ആദരമര്‍പ്പിച്ചത്. ചിത്രയുടെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്ത് വിട്ടത്.
1969ൽ പുറത്തിറങ്ങിയ 'ചിരാഗ്' എന്ന ചിത്രത്തിന് വേണ്ടി ലത മങ്കേഷ്കർ പാടിയതാണ് 'തേരി ആങ്കോം' എന്ന ഗാനം. മജ്രൂഹ് സുൽത്താൻപുരിയുടെ വരികൾക്ക് മദൻ മോഹനാണ് ഈണം നൽകിയത്.
കോവിഡ് ബാധിതയായി മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു ലതാ മങ്കേഷകറിന്‍റെ അന്ത്യം. കോവിഡും ന്യൂമോണിയയും ബാധിച്ച് ജനുവരി എട്ടിനാണ് ലത മങ്കേഷ്കറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് മുക്തയായെങ്കിലും ആരോഗ്യനില വഷളായതിനെത്തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു.
35ലേറെ ഭാഷകളിലായി 30,000ത്തിലധികം ഗാനങ്ങൾ പാടിയിട്ടുണ്ട് ലതാ മങ്കേഷ്കര്‍. ഭാരതരത്നം, പത്മവിഭൂഷൺ, പത്മഭൂഷൺ, ദാദാ സാഹിബ് ഫാൽക്കെ അവാർഡ്, ഫ്രഞ്ച് സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ലീജിയൻ ഓഫ് ഓണർ തുടങ്ങിയ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയത് മൂന്നുവട്ടമായിരുന്നു.