അംബേദ്കറിന്റെയും പെരിയാറിന്റെയും ഉദ്ധരണികൾ പങ്കുവച്ചു; കന്നഡ നടന്‍ ചേതനെതിരെ പരാതിയുമായി ബ്രാഹ്‌മണ സമിതി

എല്ലാവരും സമന്മാരായി ജനിച്ചവരാണെന്നിരിക്കെ ബ്രാഹ്‌മണർ മാത്രം ഉന്നത കുലക്കാരും മറ്റുള്ളവരെല്ലാം അയിത്തജാതിക്കാരുമാണെന്നു പറയുന്നത് വെറും അസംബന്ധമാണെന്ന പെരിയാറിന്റെ ഉദ്ധരണി നടൻ ചേതൻ കുമാർ ട്വീറ്റിൽ പങ്കുവച്ചിരുന്നു

Update: 2021-06-09 16:36 GMT
Editor : Shaheer | By : Web Desk
Advertising

ബ്രാഹ്‌മണ സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് കന്നഡ നടൻ ചേതൻകുമാറിനെതിരെ പരാതിയുമായി കർണാടക ബ്രാഹ്‌മണ വികസന ബോർഡ്. നടന്റെ ട്വീറ്റ് ഉയർത്തിക്കാട്ടിയാണ് ബോർഡ് പൊലീസിൽ പരാതി നൽകിയത്.

ബ്രാഹ്‌മണ മേധാവിത്വത്തിനെതിരായ ബിആർ അംബ്ദേക്കറിന്റെയും പെരിയാറിന്റെയും വാക്കുകൾ ഉദ്ധരിച്ചുകൊണ്ടുള്ള ട്വീറ്റാണ് വിവാദമായിരിക്കുന്നത്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ ആശയങ്ങളുടെ സത്തയെ നിരാകരിക്കുന്നതാണ് ബ്രാഹ്‌മണിസമെന്നും അതിനെ പിഴുതുകളയണമെന്നുമാണ് അംബേദ്ക്കറുടെ ഉദ്ധരണി. എല്ലാവരും സമന്മാരായി ജനിച്ചവരാണെന്നിരിക്കെ ബ്രാഹ്‌മണന്മാർ മാത്രം ഉന്നത കുലക്കാരും മറ്റുള്ളവരെല്ലാം അയിത്തജാതിക്കാരുമാണെന്നു പറയുന്നത് വെറും അസംബന്ധവും വലിയ തട്ടിപ്പുമാണെന്ന പെരിയാറിന്റെ ഉദ്ധരണിയും ട്വീറ്റിൽ ചേർത്തിട്ടുണ്ട്.

ട്വിറ്ററിൽ തന്നെ പങ്കുവച്ച മറ്റൊരു വിഡിയോയിലും സവർണ മനോഭാവങ്ങൾക്കെതിരെ ചേതൻ കുമാർ അഭിപ്രായം പങ്കുവച്ചിരുന്നു. ''ആയിരം വർഷത്തോളമായി ബസവേശ്വരന്‍റെയും ബുദ്ധന്റെയും ആദർശങ്ങൾ ഇല്ലായ്മ ചെയ്യുകയാണ് ബ്രാഹ്‌മണിസം. 2,500 വർഷങ്ങൾക്കുമുൻപ് ബുദ്ധൻ ബ്രാഹ്‌മണിസത്തിനെതിരെ പോരാടി. എന്നാൽ, അവർ അദ്ദേഹത്തെ വിഷ്ണുവിന്റെ ഒൻപതാം അവതാരമാക്കുകയാണ് ചെയ്തത്. അംബേദ്ക്കർ ബ്രാഹ്‌മണിസത്തിന്റെ ഗൂഢതന്ത്രങ്ങൾ തിരിച്ചറിഞ്ഞ് 1956ൽ ബുദ്ധമാർഗം സ്വീകരിച്ചു. ബുദ്ധൻ വിഷ്ണു അവതാരമല്ല, അത്തരത്തിലുള്ള വാദം നുണയും ബുദ്ധിശൂന്യതയുമാണെന്നും അംബേദ്ക്കർ പറയുന്നു'' വിഡിയോയിൽ താരം അഭിപ്രായപ്പെട്ടു.

രണ്ട് ട്വീറ്റുകളും സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് ബ്രാഹ്‌മണ വികസന ബോർഡ് പരാതിയുമായി രംഗത്തെത്തിയത്. ബോർഡ് ചെയർമാൻ സച്ചിദാനന്ദ മൂർത്തി ബംഗളൂരു പൊലീസ് കമ്മിഷണർക്ക് പരാതിയും നൽകിയിട്ടുണ്ട്. താരം ബ്രാഹ്‌മണ സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്.

എന്നാൽ, സമൂഹമാധ്യമങ്ങളിൽ താരത്തിനു വൻ പിന്തുണയാണ് ലഭിക്കുന്നത്. സവർണ രാഷ്ട്രീയത്തിനെതിരെ പലപ്പോഴും നിലപാട് പ്രഖ്യാപിച്ചയാളാണ് ചേതൻ കുമാർ. ചലച്ചിത്ര രംഗത്തെ ജാതി വിവേചനങ്ങൾക്കെതിരെയും താരം വിമർശനമുന്നയിച്ചിരുന്നു.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News