പേര് മാറ്റാന്‍ കോടതി വിധി: 'മരട് 357' സിനിമക്ക് ഇനി പുതിയ പേര്
മരടിലെ പൊളിച്ച ഫ്ളാറ്റുകളുടെ നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു നടപടി
കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്‍ത ചിത്രം മരട് 357ന്‍റെ പേര് മാറ്റാന്‍ ഉത്തരവ്. എട്ട് മാസത്തെ നിയമപോരാട്ടത്തിന് ഒടുവിലാണ് കോടതി വിധി വന്നിരിക്കുന്നത്. കഴിഞ്ഞ മാർച്ച്19 ന് തിയേറ്ററിൽ റിലീസ് ചെയ്യാനിരിക്കവേയാണ് എറണാകുളം മുൻസിഫ് കോടതി ചിത്രത്തിന്‍റെ പ്രദര്‍ശനം തടഞ്ഞത്. മരടിലെ പൊളിച്ച ഫ്ളാറ്റുകളുടെ നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു നടപടി. തുടർന്ന് കേസ് ഹൈക്കോടതിക്ക് വിടുകയായിരുന്നു. ഹൈക്കോടതി വിചാരണക്ക് ശേഷം തീരുമാനമെടുക്കാനായി മിനിസ്ട്രിക്ക് കൈമാറി വിചാരണക്ക് ശേഷമാണ് ഒടുവിലെ വിധി വന്നിരിക്കുന്നത്. ചിത്രത്തിന്‍റെ പേര് മാറ്റുക എന്നതാണ് വിധിയിലെ പ്രധാന ഘടകം. വിധിയുടെ അടിസ്ഥാനത്തിൽ മരട് 357 എന്ന പേര് മാറ്റി ചിത്രത്തിന് 'വിധി - ദി വെർഡിക്റ്റ്' എന്നാക്കിയതായി നിർമ്മാതാക്കൾ അറിയിച്ചു. പുതിയ പേരില്‍ ചിത്രത്തിന്‍റെ സെൻസറിങ് പൂർത്തിയായതായും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
ജയറാം നായകനായ 'പട്ടാഭിരാമന്' ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്‍ത ചിത്രമാണ് മരട് 357. ദിനേശ് പള്ളത്തിന്‍റേതാണ് തിരക്കഥ. അനൂപ് മേനോനൊപ്പം ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഷീലു എബ്രഹാം, നൂറിന്‍ ഷെരീഫ്, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, സാജില്‍ സുദര്‍ശന്‍, സെന്തില്‍ കൃഷ്‍ണ, സുധീഷ്, ഹരീഷ് കണാരന്‍, കൈലാഷ്, ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, സരയു തുടങ്ങി വലിയ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അബാം മൂവീസിന്‍റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണ്ണലയ സിനിമാസിന്‍റെ ബാനറില്‍ സുദര്‍ശന്‍ കാഞ്ഞിരംകുളവും ചേര്‍ന്നാണ് നിര്‍മ്മാണം.