'ദംഗൽ 2000 കോടി നേടി, ഞങ്ങളുടെ കുടുംബത്തിന് ഒരു കോടിയെ ലഭിച്ചുള്ളൂ': ബബിത ഫോഗട്ട്
ആമിര്‍ ഖാന്‍ നിര്‍മ്മിച്ച ദംഗല്‍ 2016ല്‍ ആണ് റിലീസ് ചെയ്തത്. നിതീഷ് തിവാരിയാണ് ചിത്രം സംവിധാനം ചെയ്തത്
മുംബൈ: ബോളിവുഡിലെ എക്കാലത്തേയും മികച്ച പണംവാരി ചിത്രങ്ങളിലൊന്നാണ് ആമിർ ഖാൻ നായകനായ ദംഗൽ എന്ന ചിത്രം. ഗുസ്തി പ്രമേയമായ ചിത്രം ആഗോള തലത്തിൽ 2000 കോടിയിലേറെ സ്വന്തമാക്കിയിരുന്നു. ഇന്ത്യക്ക് പുറമെ ചൈനയിൽ നിന്നും മാറ്റുമായി വൻ ആരാധകരെയും ഈ ചിത്രം സൃഷ്ടിച്ചു.
എന്നാൽ ഇപ്പോഴിതാ ഈ ചിത്രത്തിൽ നിന്നും തന്റെ കുടുംബത്തിന് ലഭിച്ച തുക വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഗുസ്തി താരവും ബിജെപി നേതാവുമായ ബബിത ഫോഗട്ട്. ഒരു കോടിയെ ലഭിച്ചുള്ളൂവെന്നാണ് ബബിത പറയുന്നത്.
ഗുസ്തിക്കാരായ ഫോഗട്ട് കുടുംബത്തിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു ദംഗൽ. ഗീത, ബബിത അവരുടെ കർക്കശക്കാരനായ അച്ഛന്‍ മഹാവീർഫോഗട്ട് എന്നിവരുടെ ജീവിത കഥ പറഞ്ഞ ചിത്രം ആമിർഖാനും വൻ പ്രശംസ നേടിക്കൊടുത്തിരുന്നു. ചിത്രത്തില്‍ സാനിയ മല്‍ഹോത്രയാണ് ബബിതയെ അവതരിപ്പിച്ചത്.
ഒരു അഭിമുഖത്തിലായിരുന്നു ബബിതയുടെ പ്രതികരണം. സിനിമ 2000 കോടി നേടിയപ്പോള്‍ യഥാര്‍ഥ ജീവിതത്തിലെ മഹാവീര്‍ ഫോഗട്ടിനും കുടുംബത്തിനും എത്ര രൂപ ലഭിച്ചുവെന്ന് അവതാരകന്‍ ചോദിച്ചു. ഊഹിക്കാന്‍ സാധിക്കുമോ എന്നതായിരുന്നു ബബിതയുടെ മറുപടി. 20 കോടിയാണോ എന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍, അല്ല ഒരു കോടി എന്നതായിരുന്നു ബബിതയുടെ മറുപടി.
ആമിര്‍ ഖാന്‍ നിര്‍മ്മിച്ച ദംഗല്‍ 2016ല്‍ ആണ് റിലീസ് ചെയ്തത്. നിതീഷ് തിവാരിയാണ് ചിത്രം സംവിധാനം ചെയ്തത്. തന്റെ പെണ്‍മക്കളായ ഗീതയെയും ബബിത കുമാരിയെയും പ്രൊഫഷണല്‍ ഗുസ്തിക്കാരാക്കാന്‍ പരിശീലിപ്പിക്കുന്ന മഹാവീര്‍ ഫോഗട്ട് എന്ന കഥാപാത്രത്തെയാണ് ആമിര്‍ അവതരിപ്പിച്ചത്.
ആമിര്‍ ഖാന്‍, അര്‍ഹമായ പ്രതിഫലം നല്‍കാതിരുന്നത് വേദനിപ്പിച്ചോ എന്ന ചോദ്യത്തിന് ഇല്ലെന്നും തന്‍റെ പിതാവ് പറഞ്ഞിട്ടുള്ളത് പണത്തക്കാള്‍ വലുത് ആളുകളുടെ സ്നേഹവും ആദരവുമാണെന്നും ബബിത പറഞ്ഞു.