പ്രജേഷ് സെന്നിൻ്റെ ഹൗഡിനിയിൽ ജലജയുടെ മകൾ ദേവി നായിക
ആസിഫ് അലിയാണ് ചിത്രത്തിലെ നായകന്‍
പഴയകാലനടി ജലജയുടെ മകള്‍ ദേവി നായികയാകുന്നു. പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ഹൗഡിനി എന്ന ചിത്രത്തിലൂടെയാണ് ദേവി നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ആസിഫ് അലിയാണ് ചിത്രത്തിലെ നായകന്‍.
ഒരു കാലത്ത് മലയാളസിനിമയിലെ നിറസാന്നിധ്യമായിരുന്ന ജലജ വിവാഹത്തോടെ അഭിനയരംഗം വിട്ട് ഭർത്താവായ പ്രകാശുമൊത്ത് ബഹ്റൈനിൽ സെറ്റിൽ ചെയ്തു.ദേവിയുടെ ജനനവും വിദ്യാഭ്യാസവുമൊക്കെ ബഹ്റൈനിൽ ആയിരുന്നു. പിന്നീട് ഹയർ സ്റ്റഡീസ് യു.എസ്സിലും ചെയ്തു.ഗൾഫ് ജീവിതം അവസാനിപ്പിച്ച് ജലജയും കുടുംബവും തിരുവനന്തപുരത്ത് സെറ്റിൽ ചെയ്തതിനു ശേഷമാണ് മകൾ ദേവിക്ക് അഭിനയത്തിനു വഴി തുറന്നത്." ദേവിക്ക് അഭിനയം താൽപര്യമാണങ്കിൽ ആ വഴി തെരഞ്ഞെടുക്കട്ടെ; " എന്നാണ് ജലജ മകളുടെ കടന്നുവരവിനേക്കുറിച്ച് പറഞ്ഞത്.
മാലിക് എന്ന ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് ദേവി അഭിനയരംഗത്ത് ഹരിശീ കുറിച്ചത്. അതേ ചിത്രത്തിൽ തന്നെ വലിയൊരു ഇടവേളക്കുശേഷം ജലജയും അഭിനയിച്ചിരുന്നു. മികച്ച നർത്തകി കൂടിയാണ് ദേവി. മജീഷ്യനായ ആസിഫ് അലി അവതരിപ്പിക്കുന്ന നന്ദൻ എന്ന കഥാപാത്രത്തിൻ്റെ ഭാര്യയായ മീന എന്ന കഥാപാത്രത്തെയാണ് ദേവി അവതരിപ്പിക്കുന്നത്.